• HOME
  • »
  • NEWS
  • »
  • india
  • »
  • NLEM 2022 | അവശ്യ മരുന്നുകളുടെ പട്ടിക പുതുക്കി കേന്ദ്രം; പുതിയതായി 34 എണ്ണം കൂടി; 26 മരുന്നുകൾ ഒഴിവാക്കി

NLEM 2022 | അവശ്യ മരുന്നുകളുടെ പട്ടിക പുതുക്കി കേന്ദ്രം; പുതിയതായി 34 എണ്ണം കൂടി; 26 മരുന്നുകൾ ഒഴിവാക്കി

പനി, അണുബാധകള്‍, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, വൃക്ക രോഗം, ക്ഷയം, പ്രമേഹം, ത്വക്ക് രോഗങ്ങള്‍, രക്ത സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്ക്കുള്ള മരുന്നുകളാണ് പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

  • Last Updated :
  • Share this:
    ദേശീയ അവശ്യമരുന്നുകളുടെ (national essential medicines) പട്ടിക പുതുക്കി കേന്ദ്ര സര്‍ക്കാര്‍. 27 ചികിത്സാ വിഭാഗങ്ങളിലായി 384 മരുന്നുകളും, 1000ത്തിലധികം ഫോര്‍മുലേഷനുകളും ഉള്‍പ്പെടുന്ന പട്ടികയാണ് കേന്ദ്രം പുതുക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ചില മരുന്നുകളും (drugs) പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    ഏഴ് വര്‍ഷം മുമ്പ് പുറത്തിറക്കിയ പട്ടികയ്ക്ക് പകരമായാണ് പുതിയ മരുന്നുകള്‍ ഉള്‍പ്പെടുത്തി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. പനി, അണുബാധകള്‍, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, വൃക്ക രോഗം, ക്ഷയം, പ്രമേഹം, ത്വക്ക് രോഗങ്ങള്‍, രക്ത സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്ക്കുള്ള മരുന്നുകളാണ് പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    ഏറ്റവും പുതിയ പട്ടികയില്‍ 34 പുതിയ മരുന്നുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷയരോഗത്തിനുള്ള മരുന്നായ ബെഡാക്വിലിന്‍, റോട്ടവൈറസ് വാക്‌സിന്‍, ആന്റിബയോട്ടിക് അമിക്കസിന്‍, ആസ്മയ്ക്കുള്ള മരുന്നായ മോണ്ടെലുകാസ്റ്റ്, പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ജിന്‍, ഇവര്‍മെക്റ്റിന്‍ തുടങ്ങിയ മരുന്നുകള്‍ അവയില്‍ ഉള്‍പ്പെടുന്നു. 26 മരുന്നുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

    പേറ്റന്റുള്ള നാല് മരുന്നുകളും പുതിയ പട്ടികയില്‍ ഉള്‍പ്പെടുന്നു. ക്ഷയരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ബെഡാക്വിലിന്‍, ഡെലാമൈന്‍ഡ്, എച്ച്‌ഐവി അണുബാധയ്ക്ക് ഉപയോഗിക്കുന്ന ഡൂലുറ്റെഗ്രാവിര്‍, ഹെപ്പറ്റൈറ്റിസ് സി പോലുള്ള വൈറല്‍ അണുബാധകള്‍ക്ക് ഉപയോഗിക്കുന്ന ഡാക്ലാറ്റസാവിര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കാന്‍സറിനുള്ള നാല് മരുന്നുകളും പട്ടികയില്‍ ഉള്‍പ്പെടുത്തി. എന്നാൽ, കോവിഡ് 19 ചികിത്സയ്ക്ക് പ്രത്യേകമായി ഉപയോഗിക്കുന്ന മരുന്നുകളൊന്നും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മരുന്നുകളുടെ ഫലപ്രാപ്തി പരിശോധിക്കുന്നതിനുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നിര്‍ണയിക്കാത്തതാണ് ഇതിനു കാരണം. സ്റ്റിറോയിഡ് ഡെക്സാമെത്തസോണ്‍, എനോക്സാപരിന്‍ എന്നിവ കൊറോണ വൈറസ് മരുന്നുകളായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ മരുന്നുകള്‍ നേരത്തെയും പട്ടികയിലുണ്ടായിരുന്നു.

    Also Read- E-highway | ഇന്ത്യയിൽ ഉടൻ ഇലക്ട്രിക് ഹൈവേ നിർമിക്കും; ഉറപ്പുമായി നിതിൻ ​ഗഡ്കരി

    ഇപ്പോള്‍ പുറത്തിറക്കിയ പട്ടിക പ്രകാരം, ഇന്ത്യയിലെ അവശ്യ മരുന്നുകളുടെ ലഭ്യതയും വിലയും സുരക്ഷിതത്വവും ഉറപ്പുവരുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മരുന്നുകള്‍ ഷെഡ്യൂള്‍ഡ് മരുന്നുകള്‍ (scheduled medicines) എന്ന് അറിയപ്പെടും. പ്രാഥമിക, ദ്വിതീയ, തൃതീയ തലങ്ങളിലെ വിവിധ ആരോഗ്യ പരിരക്ഷാ പരിപാടികളുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികള്‍ വഴി രോഗികള്‍ക്ക് മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.

    ഈ മരുന്നുകളുടെ വില നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെ (NPPA) നിയന്ത്രണത്തിന് വിധേയമായിരിക്കും. അതോറിറ്റി ഓരോ വര്‍ഷവും ഉപഭോക്താക്കള്‍ക്ക് മരുന്നുകളുടെ വിലയ്ക്ക് പരിധി നിശ്ചയിക്കും. കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ ഷെഡ്യൂള്‍ഡ് മരുന്നുകളുടെ വിപണി വിഹിതം ഏകദേശം 18 ശതമാനമാണ്. 80 ശതമാനത്തിലധികം മരുന്നുകള്‍ നേരിട്ടുള്ള വില നിയന്ത്രണത്തിന് പുറത്താണ്.

    വിദഗ്ധര്‍, സിവില്‍ സൊസൈറ്റി അംഗങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷനുകള്‍, രോഗികളുടെ ഗ്രൂപ്പുകള്‍, മറ്റ് പങ്കാളികള്‍ എന്നിവരടങ്ങുന്ന 350 ഓളം വിദഗ്ധരുമായി കൂടിയാലോചിച്ചതിനു ശേഷമാണ് പട്ടിക തയ്യാറാക്കിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി എന്‍എല്‍ഇഎം 140 ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നുവെന്നും കേന്ദ്രം അറിയിച്ചു.
    Published by:Anuraj GR
    First published: