• HOME
  • »
  • NEWS
  • »
  • india
  • »
  • Orphaned Children | 2020 ഏപ്രിലിനും 2021 ജൂണിനും ഇടയ്ക്ക് രാജ്യത്ത് അനാഥരായത് 30,111 കുട്ടികളെന്ന് കേന്ദ്രസര്‍ക്കാര്‍

Orphaned Children | 2020 ഏപ്രിലിനും 2021 ജൂണിനും ഇടയ്ക്ക് രാജ്യത്ത് അനാഥരായത് 30,111 കുട്ടികളെന്ന് കേന്ദ്രസര്‍ക്കാര്‍

സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം അറിയിച്ചത്

  • Share this:
    രാജ്യത്ത് 2020 ഏപ്രില്‍ മുതല്‍ 2021 ജൂണ്‍ 5 വരെയുള്ള കാലയളവിൽ അനാഥരാവുകയോ മാതാപിതാക്കളെ നഷ്ടപ്പെടുകയോ കോവിഡോ (Covid 19) മറ്റ് കാരണങ്ങളോ മൂലം ഉപേക്ഷിക്കപ്പെടുകയോ ചെയ്ത കുട്ടികളുടെ എണ്ണം 30,111 ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ (Government) അറിയിച്ചു.

    ഇക്കാലയളവില്‍ 26,176 കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടതായും 3,661 പേര്‍ അനാഥരായതായും 274 പേര്‍ ഉപേക്ഷിക്കപ്പെട്ടുവെന്നും ലോക്സഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായി വനിതാ-ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി (Smriti Irani) പറഞ്ഞു.

    മധ്യപ്രദേശില്‍ അനാഥരായത് 706 കുട്ടികളാണ്. അനാഥരായ കുട്ടികൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു സംസ്ഥാനങ്ങൾ രാജസ്ഥാന്‍ (671), ഉത്തര്‍പ്രദേശ് (383), ബിഹാര്‍ (308), ഒഡീഷ (281) എന്നിവയാണ്. മാതാപിതാക്കളില്‍ ഒരാള്‍ മാത്രം അവശേഷിക്കുന്ന കുട്ടികളുടെ എണ്ണം മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ആന്ധ്രാ പ്രദേശ്, രാജസ്ഥാൻ, ബീഹാർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ യഥാക്രമം 6865, 2784, 1923, 1801, 1,326, 1311 എന്നിങ്ങനെയാണ്.

    കോവിഡ് മഹാമാരിയുടെ കാലത്ത് അനാഥരായ മൊത്തം 3,855 കുട്ടികള്‍ 'പിഎം-കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍' പദ്ധതിക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായതായി സര്‍ക്കാര്‍ അറിയിച്ചു.

    പദ്ധതിക്ക് കീഴില്‍ പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് ലഭിച്ച 6,624 അപേക്ഷകളില്‍ 3,855 എണ്ണം അംഗീകരിച്ചതായി രാജ്യസഭയില്‍ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

    മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ (1,158) അപേക്ഷകള്‍ ലഭിച്ചത്. ഉത്തര്‍പ്രദേശില്‍ 768ഉം മധ്യപ്രദേശില്‍ 739ഉം തമിഴ്നാട്ടില്‍ 496ഉം ആന്ധ്രാപ്രദേശില്‍ 479ഉം അപേക്ഷകൾ ലഭിച്ചു.

    അതേസമയം, 2021 ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 25 വരെയുള്ള കാലയളവില്‍ കോവിഡ്-19 മൂലം രാജ്യത്ത് അനാഥരായത് 577 കുട്ടികളാണ്.

    സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മൂലം മാതാപിതാക്കളിൽ രണ്ടുപേരെയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പിന്തുണയും സംരക്ഷണവും നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മന്ത്രി പറഞ്ഞിരുന്നു.

    കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ അനാഥരായത് 42 കുട്ടികളാണെന്ന് സംസ്ഥാന സര്‍ക്കാർ അറിയിച്ചിരുന്നു. മാതാപിതാക്കളില്‍ ഒരാളെ നഷ്ടമായ 980 കുട്ടികളുണ്ട്. അനാഥരായ കുട്ടികള്‍ രണ്ടു വിഭാഗങ്ങളിൽപ്പെടുന്നു.

    ഒന്ന്, അച്ഛനും അമ്മയും കോവിഡ് ബാധിച്ചു മരിച്ചവര്‍. രണ്ട്, മാതാപിതാക്കളില്‍ ഒരാളെ നേരത്തേ നഷ്ടപ്പെടുകയും രണ്ടാമത്തെയാള്‍ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തവർ. ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍മാര്‍ പരിശോധന നടത്തിയാണ് പട്ടിക തയാറാക്കിയത്.

    Also Read- Pedestrian Deaths | 2015നും 2020നും ഇടയില്‍ കാല്‍നടയാത്രക്കാരുടെ മരണങ്ങളിൽ 70% വര്‍ധനവ്: കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം

    കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടമായ കുട്ടികളുടെ സംരക്ഷണത്തിന് 3 ലക്ഷം രൂപ വീതം അവരുടെ പേരില്‍ നിക്ഷേപിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 18 വയസ്സാകുന്നതു വരെ പ്രതിമാസം 2000 രൂപ നല്‍കുമെന്നും ബിരുദം വരെയുള്ള വിദ്യാഭ്യാസച്ചെലവ് പൂര്‍ണമായും ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് 10 ലക്ഷം രൂപ ധനസഹായവും സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസവും കേന്ദ്രസര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.
    Published by:Jayashankar AV
    First published: