തന്റെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ (EPF) നിന്നുള്ള മുഴുവന്‍ തുകയും ഗ്രാറ്റുവിറ്റിയും (Gratuity) ഉള്‍പ്പെടെയുള്ള 40 ലക്ഷം രൂപ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സംഭാവന ചെയ്ത് ഒരധ്യാപകന്‍. മധ്യപ്രദേശിലെ (Madhya Pradesh) പന്ന ജില്ലയില്‍ 39 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ദിവസമാണ് സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകനായ വിജയ് കുമാര്‍ ചന്‍സോരിയ തന്റെ സമ്പാദ്യം മുഴുവൻ സംഭാവന നൽകിയത്. ഖാണ്ഡിയയിലെ പ്രൈമറി സ്‌കൂളിൽ അദ്ദേഹത്തെ ആദരിക്കാന്‍ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിയിൽ വെച്ചാണ് വിജയ് കുമാര്‍ ചന്‍സോരിയ ഇക്കാര്യം പ്രഖ്യാപിച്ചത്.
"ഭാര്യയുടെയും കുട്ടികളുടെയും സമ്മതത്തോടെ, എന്റെ എല്ലാ പ്രൊവിഡന്റ് ഫണ്ടും ഗ്രാറ്റുവിറ്റി തുകയും സ്‌കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സംഭാവന ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. ലോകത്തിലെ കഷ്ടപ്പാടുകള്‍ കുറയ്ക്കാന്‍ ആര്‍ക്കും കഴിഞ്ഞെന്നു വരില്ല, എന്നാല്‍ നമ്മളാല്‍ കഴിയുന്നത് ചെയ്യണം", ചടങ്ങില്‍ വെച്ച് ചന്‍സോരിയ പറഞ്ഞു.
''ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എന്റെ പഠനം പൂര്‍ത്തിയാക്കാന്‍ ഞാന്‍ റിക്ഷ ഓടിക്കുകയും പാല്‍ വില്‍ക്കുകയും ചെയ്തു. 1983ലാണ് ഞാന്‍ അധ്യാപനവൃത്തി ആരംഭിച്ചത്", മാധ്യമപ്രവർത്തകരോട് ചൻസോരിയ പറഞ്ഞു. തന്റെ രണ്ട് ആണ്‍മക്കളും ജോലി ചെയ്യുന്നുണ്ടെന്നും മകള്‍ വിവാഹിതയാണെന്നും അദ്ദേഹം പറഞ്ഞു. "നിര്‍ധനരായ വിദ്യാര്‍ത്ഥികളെ ഞാന്‍ കണ്ടെത്തുകയും അവര്‍ക്കായി സംഭാവനകള്‍ നല്‍കുകയും ചെയ്തു. ഞാന്‍ അവരെ സഹായിച്ചപ്പോഴെല്ലാം അവരുടെ സന്തോഷം ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. എന്റെ കുട്ടികള്‍ സ്വയംപര്യാപ്തരായിക്കഴിഞ്ഞു. അതുകൊണ്ട് ഞാന്‍ എന്റെ പ്രോവിഡന്റ് ഫണ്ടും ഗ്രാറ്റുവിറ്റി തുകയും ഉള്‍പ്പെടെ 40 ലക്ഷം രൂപ സംഭാവന ചെയ്യാന്‍ തീരുമാനിച്ചു'', അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ തീരുമാനത്തെ പിന്തുണക്കുന്നതായി വിജയ് കുമാറിന്റെ ഭാര്യ ഹേമലതയും മകള്‍ മഹിമയും പറഞ്ഞു.
അതേസമയം, അടുത്തിടെയാണ് തമിഴ്‌നാട്ടിലെ ഒരു പഞ്ചായത്ത് സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഒരു ഇളനീര്‍ വില്‍പ്പനക്കാരി ഒരു ലക്ഷം രൂപ സംഭാവന നല്‍കിയത്. തായമ്മാൾ എന്ന ആ വനിതയെ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തിലൂടെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അവബോധം പ്രകടമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. പൊള്ളാച്ചിക്കടുത്തുള്ള കോട്ടംപട്ടി ഗ്രാമത്തില്‍ ജനിച്ച തായമ്മാള്‍ നാലാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവര്‍ ബോധവതിയായിരുന്നു. തായമ്മാളിന്റെ സാമൂഹിക പ്രതിബദ്ധത തന്നെ ആവേശഭരിതനാക്കുന്നതായി മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
സ്‌കൂളിലെ കൊവിഡ്-19 വാക്‌സിനേഷന്‍ ക്യാമ്പിലേക്ക് മകളെ കൊണ്ടുപോയപ്പോഴാണ് സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് അവിടുത്തെ ജീവനക്കാര്‍ ചര്‍ച്ച ചെയ്യുന്നത് തായമ്മാള്‍ കേട്ടത്. അപ്പോഴാണ് സഹായം വാഗ്ദാനം ചെയ്തത്. അക്കാര്യം ഭര്‍ത്താവുമായി സംസാരിക്കുകയും ചെയ്തു. അങ്ങനെ ഇളനീര്‍ വിറ്റ് സമ്പാദിച്ച ഒരു ലക്ഷം രൂപ തായമ്മാളും കുടുംബവും സ്‌കൂളിന് സംഭാവന ചെയ്യുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Donation, Govt school teacher, Madhyapradesh, Students