നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Assam Government | മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാൻ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക അവധി അനുവദിച്ച് അസം സർക്കാർ

    Assam Government | മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാൻ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക അവധി അനുവദിച്ച് അസം സർക്കാർ

    അതിലൂടെ ജീവനക്കാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും തൊഴില്‍ ശേഷി വര്‍ദ്ധിപ്പിക്കാനും സാധിക്കുമെന്നാണ് അസാം സര്‍ക്കാര്‍ കരുതുന്നത്

    അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

    അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

    • Share this:
      #നിലോയ്‌ ഭട്ടാചാർജി

      2022ലെ ആദ്യ മാസത്തില്‍ അസാമിലെ (Assam) സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് (Government Employees) ധാരാളം അവധികളാണ് (Holidays) ലഭിക്കുന്നത്. സംസ്ഥാനത്തിന്റെ വിളവെടുപ്പുത്സവമായ ഭോഗലി ബിഹുവിനോട് (Bhogalee Bihu) അനുബന്ധിച്ച് ജനുവരി 13 മുതല്‍ 15 വരെയുള്ള മൂന്ന് ദിവസത്തെ അവധിക്ക് പുറമെ ജനുവരി 6 മുതല്‍ 9 വരെ നാല് ദിവസത്തെ നീണ്ട വാരാന്ത്യ അവധിയും ജീവനക്കാര്‍ക്ക് ലഭിക്കും. ജനുവരി 6, 7 തീയതികളിലെ അവധി സർക്കാർ കലണ്ടറിൽ കാണാൻ കഴിയില്ല. രണ്ടു ദിവസത്തെ പ്രത്യേക അവധി മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയുടെ (Himanta Biswas Sarma) സമ്മാനമാണ്. സ്വന്തം മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാനാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ അവധി നല്‍കിയിരിക്കുന്നത്. അതിലൂടെ ജീവനക്കാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും തൊഴില്‍ ശേഷി വര്‍ദ്ധിപ്പിക്കാനും സാധിക്കുമെന്നാണ് അസാം സര്‍ക്കാര്‍ (Assam Government) കരുതുന്നത്.

      ''ജനവാസമുള്ള ഏറ്റവും വലിയ നദീദ്വീപും അസാമിലെ വൈഷ്ണവ സംസ്‌കാരത്തിന്റെ വിളനിലവുമായ മജൂലിയിലേക്ക് ഒരു നീണ്ട യാത്രയ്ക്കായി ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഈ പ്രത്യേക അവധി പ്രഖ്യാപിച്ചത് മുതല്‍ അവധി ദിനങ്ങള്‍ ശരിയായ രീതിയിൽ വിനിയോഗിക്കണമെന്ന് അമ്മായിയമ്മ എന്നെ ഓര്‍മ്മിപ്പിക്കുകയായിരുന്നു. അവര്‍ എന്നെക്കാളും ആവേശത്തിലാണ്. എന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അമ്മായിയച്ഛനും രണ്ട് വര്‍ഷം മുമ്പ് ഞങ്ങളെ വിട്ടുപോയി. അമ്മായിയമ്മയ്ക്ക് മകനില്ലാത്തതിനാല്‍, അവരെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും പരിപാലിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ പ്രത്യേക അവധി ദിനങ്ങളിൽ ആ ഉത്തരവാദിത്തം നിറവേറ്റാൻ ഞങ്ങൾ തീരുമാനിച്ചു. മുഖ്യമന്ത്രിക്ക് ഒരു വലിയ സല്യൂട്ട്'', അസാമിലെ കാംരൂപ് റൂറൽ ജില്ലയിലെ അപ്പര്‍ ടാനി ഹൈസ്‌കൂളിലെ ടീച്ചര്‍ ലഖി ഗോസ്വാമി പറയുന്നു.

      ഇന്ത്യയുടെ പരമ്പരാഗത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ജനുവരി 6, 7 തീയതികൾ പ്രത്യേക അവധി ദിവസങ്ങളായി നിശ്ചയിച്ചിരിക്കുകയാണെന്നും ആ ദിവസങ്ങളില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ മാതാപിതാക്കളുടെ കൂടെ സമയം ചെലവഴിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അസാം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചിരുന്നു. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ പുതിയ അസാമും പുതിയ ഇന്ത്യയും കെട്ടിപ്പടുക്കുന്നതിനായി സ്വയം സമര്‍പ്പിക്കാന്‍ ജീവനക്കാരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

      ''2022 ജനുവരിയിൽ 8, 9 തീയതികളിലെ പ്രഖ്യാപിത അവധി ദിനങ്ങള്‍ക്ക് പുറമെ ജനുവരി 6, 7 തീയതികളില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാഷ്വല്‍ ലീവ് അനുവദിക്കുകയാണ്. ഈ തീരുമാനത്തിൽ അസം സര്‍ക്കാര്‍ സന്തുഷ്ടരാണ്. 2022 ജനുവരി എട്ടും ഒന്‍പതും രണ്ടാം ശനിയും ഞായറും ആയതിനാല്‍ മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ സ്വന്തം മാതാപിതാക്കള്‍ക്കും പങ്കാളികളുടെ മാതാപിതാക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും", അസാമിലെ പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.



      ഈ കാലയളവിൽ മന്ത്രിമാര്‍ക്കും നാലാം ഗ്രേഡ് മുതല്‍ ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വരെയുള്ള എല്ലാ ജീവനക്കാര്‍ക്കും അവരുടെ സ്വന്തം മാതാപിതാക്കള്‍ക്കും പങ്കാളികളുടെ മാതാപിതാക്കള്‍ക്കും ഒപ്പം സമയം ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അവധി അനുവദിച്ചിട്ടുണ്ട്. മാതാപിതാക്കളെ കാണാന്‍ ജനുവരിയിൽ അസമിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നാല് ദിവസത്തെ അവധി നല്‍കുമെന്ന് നവംബര്‍ 24ന് അസാം മന്ത്രിസഭ തീരുമാനിച്ചിരുന്നു.

      ''ഇത് അസാം സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഒരു പുതിയ സംരംഭമാണ്. ഞങ്ങളെപ്പോലുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി നൽകുന്ന സമ്മാനം. സിവില്‍ സര്‍വീസിൽ ഫീല്‍ഡ് പോസ്റ്റിംഗില്‍ ആയതിനാല്‍, എന്റെ അഭാവത്തില്‍ കുട്ടികളെ പരിപാലിക്കുന്ന എന്റെ മാതാപിതാക്കളോടൊപ്പം ചെലവഴിക്കാന്‍ എനിക്ക് സമയം കിട്ടാറില്ല. ഈ രണ്ട് ദിവസത്തെ പ്രത്യേക അവധി പ്രയോജനപ്പെടുത്തിക്കൊണ്ട്, മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാനും അവരുടെ മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റാനും ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനുമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്'', ഡാരംഗിലെ എഡിസി പല്ലവി കച്ചാരി പ്രതികരിച്ചു.

      ''പുതുവര്‍ഷത്തില്‍ ജീവനക്കാര്‍ക്ക് അവരുടെ മാതാപിതാക്കളോടൊപ്പമോ പങ്കാളിയുടെ മാതാപിതാക്കളോടൊപ്പമോ സമയം ചെലവഴിക്കാൻ അവസരം ലഭിക്കുന്നത് വര്‍ഷം മുഴുവനും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ അവരെ പ്രചോദിപ്പിക്കും. പ്രത്യേക അവധി അനുവദിക്കാനുള്ള നീക്കത്തിന് പിന്നിലും ഈ ആശയമാണ്. സ്വന്തം മാതാപിതാക്കളോ പങ്കാളിയുടെ മാതാപിതാക്കളോ ജീവിച്ചിരിപ്പില്ലാത്ത ജീവനക്കാര്‍ക്ക് ഈ അവധി പ്രയോജനപ്പെടുത്താന്‍ കഴിയില്ല. അതേസമയം മാതാപിതാക്കളോടൊപ്പം താമസിക്കുന്നവര്‍ക്ക് അവധിയെടുത്ത് അവരോടൊപ്പം അവധിക്കാലം ആഘോഷിക്കാം'', മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

      ''സര്‍ക്കാര്‍ ജീവനക്കാര്‍ ഈ പ്രത്യേക അവധി പ്രയോജനപ്പെടുത്തണം. ജീവനക്കാര്‍ക്ക് അവരുടെ അവധിക്കാല ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യാനായി ഒരു പ്രത്യേക വെബ്സൈറ്റ് ലഭ്യമാക്കുന്നുണ്ട്'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം മുതല്‍ ഈ പ്രത്യേക അവധിക്കാലത്ത് രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ ജീവനക്കാര്‍ക്ക് ധനസഹായം നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

      സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ അവരുടെ മാതാപിതാക്കളെയും സ്വന്തമായി വരുമാന സ്രോതസ്സുകളില്ലാതെ ജീവിക്കുന്ന അവിവാഹിതരും ഭിന്നശേഷിക്കാരുമായ സഹോദരങ്ങളെയും പരിപാലിക്കാൻ നിര്‍ബന്ധിതരാക്കുന്ന 'പ്രണാം' നിയമം (PRANAM Act) അസാമില്‍ ഇതിനകം തന്നെ നിലവിലുണ്ട്. ഏതെങ്കിലും സർക്കാർ ജീവനക്കാരുടെ മാതാപിതാക്കൾ അവഗണന നേരിടുന്നതായി പ്രണാം കമ്മിഷന് പരാതി ലഭിച്ചാല്‍, ആ ജീവനക്കാരന്റെ ശമ്പളത്തിന്റെ 10 അല്ലെങ്കില്‍ 15 ശതമാനം വെട്ടിക്കുറച്ച് ആ തുക ജീവനക്കാരന്റെ മാതാപിതാക്കള്‍ക്കോ ഭിന്നശേഷിയുള്ള സഹോദരങ്ങള്‍ക്കോ നല്‍കാൻ സർക്കാരിനെ അനുവദിക്കുന്നതാണ് നിയമം.
      Published by:user_57
      First published: