• HOME
 • »
 • NEWS
 • »
 • india
 • »
 • Man Missing | ഡിമെൻഷ്യ ബാധിതനായ 83കാരനെ കാണാതായി; 23 മണിക്കൂറിന് ശേഷം കണ്ടെത്തിയത് കൊച്ചുമകളുടെ സഹപാഠി

Man Missing | ഡിമെൻഷ്യ ബാധിതനായ 83കാരനെ കാണാതായി; 23 മണിക്കൂറിന് ശേഷം കണ്ടെത്തിയത് കൊച്ചുമകളുടെ സഹപാഠി

കാണാതായ വൃദ്ധന്റെ കൊച്ചുമകളുടെ മുൻ സഹപാഠിയാണ് തെരുവിൽ നിന്നും അദ്ദേഹത്തെ തിരിച്ചറിഞ്ഞ് രക്ഷപ്പെടുത്തിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  സോഷ്യൽ മീഡിയയുടെ (Social Media) സഹായത്തോടെ കാണാതായ വൃദ്ധനെ കണ്ടെത്തി കുടുംബം. ബെംഗളൂരുവിൽ (Bengaluru) നിന്നും കാണാതായ 83കാരനെ തേടി കുടുംബം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സഹായം അഭ്യർത്ഥിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ട, കാണാതായ വൃദ്ധന്റെ കൊച്ചുമകളുടെ മുൻ സഹപാഠിയാണ് തെരുവിൽ നിന്നും അദ്ദേഹത്തെ തിരിച്ചറിഞ്ഞ് രക്ഷപ്പെടുത്തിയത്. മുൻ ഇന്ത്യൻ എയർഫോഴ്‌സ് ജീവനക്കാരനായ എൺപത്തിമൂന്നുകാരനായ ആർപി ഹരിനാഥിനെയാണ് കാണാതായത്. ന്യൂ ബിഇഎൽ റോഡിന് സമീപമുള്ള ജലദർശിനി ലേഔട്ടിലെ വീട്ടിൽ നിന്ന് 8.5 കിലോമീറ്റർ അകലെ ബല്ലാരി റോഡിലെ കാവേരി തിയേറ്ററിന് സമീപത്തു നിന്നാണ് ഹരിനാഥിനെ കണ്ടെത്താനായത്. പ്രസിഡൻസി യൂണിവേഴ്‌സിറ്റിയിൽ നിയമ വിദ്യാർത്ഥിയായ 23കാരനായ മണിക് നിഹാൽ ആണ് ഹരിനാഥിനെ തിരിച്ചറിഞ്ഞ് കുടുംബത്തിന് അരികിൽ എത്തിച്ചത്.

  സംഭവത്തെ കുറിച്ച് മണിക് നിഹാൽ പറയുന്നത് ഇങ്ങനെയാണ്, "ഒരു വൃദ്ധനെ കാണാനില്ല എന്ന് അറിയിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ ചൊവ്വാഴ്ച എന്റെ ശ്രദ്ധയിൽപ്പെട്ടു. ഇദ്ദേഹത്തിന്റെ ചിത്രം സഹിതമുള്ള 15 - 20 വരെ സ്റ്റോറികൾ ഞാൻ ഇൻസ്റ്റാഗ്രാമിലും വാട്സാപ്പിലും ഫേസ്ബുക്കിലും കണ്ടിരുന്നു. ബുധനാഴ്ച രാവിലെയാണ് ഒരു സുഹൃത്ത് കാണാതായ ഈ വ്യക്തി തന്റെ കൂടെ 11, 12 ക്ലാസുകളിൽ പഠിച്ച ഒരു സഹപാഠിയുടെ മുത്തച്ഛനാണെന്ന് പറയുന്നത്. ഇതറിഞ്ഞതോടുകൂടി അദ്ദേഹത്തെ വേഗം കണ്ടു കിട്ടണമേ എന്നും സുരക്ഷിതനായിരിക്കണമെന്നും ഞാൻ പ്രാർത്ഥിച്ചിരുന്നു. പഠനത്തിന്റെ ആവശ്യത്തിനായി ഇന്റേൺഷിപ്പ് ചെയ്യാനായി എനിക്ക് ഒരു ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു അതിനായി യാത്ര ചെയ്യവേ ആണ് അലഞ്ഞുതിരിയുന്ന വൃദ്ധനെ എന്റെ ശ്രദ്ധയിൽപെട്ടത്. സോഷ്യൽ മീഡിയയിൽ കണ്ട ചിത്രങ്ങളിൽ നിന്ന് ഞാൻ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. ആ മുത്തശ്ശൻ ഒരു നടപ്പാതയിൽ എങ്ങോട്ട് പോകണമെന്ന് അറിയാതെ ഉഴറുകയായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുകയും പേരക്കുട്ടി നീലാംബികയുടെ സുഹൃത്താണ് ഞാനെന്നു പറഞ്ഞ് പരിചയപ്പെടുത്തുകയും ചെയ്തു. ഇത് കേട്ടതോടു കൂടി ആ മുത്തശ്ശൻ പൊട്ടിക്കരയുകയായിരുന്നു. ഒറ്റപ്പെട്ടിരുന്നതിനാൽ അദ്ദേഹം വല്ലാതെ ഭയന്ന് പോയിരുന്നു. ആ സമയത്ത് എന്റെ ഇന്റേൺഷിപ് ഇന്റർവ്യൂവിനെക്കാൾ പ്രധാനം ആ മുത്തശ്ശനെ തിരികെ വീട്ടിലെത്തിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ ഞാൻ അദ്ദേഹത്തിന്റെ കുടുംബത്തെ ബന്ധപ്പെടുകയും സുരക്ഷിതമായി അദ്ദേഹത്തെ തിരിച്ചേൽപ്പിക്കുകയും ചെയ്തു".

  മണിക് നിഹാൽ ഹരിനാഥിന്റെ കണ്ടെത്തി തിരിച്ചേൽപ്പിക്കുമ്പോഴേക്ക് അദ്ദേഹത്തെ കാണാതായി ഏകദേശം ഇരുപത്തിമൂന്നു മണിക്കൂറുകൾ പിന്നിട്ടിരുന്നു. അഞ്ച് വർഷത്തോളമായി ഡിമെൻഷ്യ ബാധിച്ച ഹരിനാഥിന് താൻ എവിടെ പോയെന്നും രാത്രി എവിടെ ചെലവഴിച്ചെന്നും ആ 23 മണിക്കൂറിനുള്ളിൽ എന്തെങ്കിലും കഴിച്ചിരുന്നോ എന്നൊന്നും ഓർത്തെടുക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഭാര്യയോടൊപ്പം താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നും ചെരുപ്പ് പോലും ഇടാതെയാണ് ഹരിനാഥ് ഇറങ്ങി പോയത്. ഹരിനാഥിന്റെ അസുഖ വിവരം അറിയാത്ത പുതിയ സെക്യൂരിറ്റി ഗാർഡും അയാളെ തടയാൻ കൂട്ടാക്കിയില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. സാധാരണ ഒരു വ്യക്തി ഫ്ലാറ്റിൽ നിന്നും പുറത്തു പോകുന്നതായി മാത്രമേ സെക്യൂരിറ്റി ജീവനക്കാരന് തോന്നിയുള്ളൂ.

  ഹരിനാഥിനെ കാണാതായ ഇരുപത്തിമൂന്നു മണിക്കൂർ കുടുംബം ശരിക്കും വിഷമാവസ്ഥയിലായിരുന്നു എന്ന് അദ്ദേഹത്തിന്റെ മകൾ കവിത ഹെഗ്‌ഡെ പറഞ്ഞു. അഞ്ച് വര്ഷം മുൻപാണ് ഹരിനാഥിന് ഡിമെൻഷ്യ ഉണ്ടെന്ന് കണ്ടെത്തിത്. ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ നില വഷളായി കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. ഈ അവസ്ഥയിൽ അദ്ദേഹത്തെ കാണാതാകുക കൂടി ചെയ്തതോടെ കുടുംബം പൂർണമായും വിഷമത്തിലായി. നാല്പതിലധികം ആളുകളാണ് പിതാവിനെ തിരക്കി ഇറങ്ങിയതെന്ന് കവിത ഹെഗ്‌ഡെ പറയുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും അദ്ദേഹത്തെ കണ്ടു കിട്ടിയില്ല. തുടർന്നാണ് സോഷ്യൽ മീഡിയയുടെ സഹായം തേടിയത്. സോഷ്യൽ മീഡിയകളിൽ അദ്ദേഹത്തിന്റെ ചിത്രം സഹിതം അറിയിപ്പ് നൽകി. "ബുധനാഴ്‌ച വരെ ഞാൻ സോഷ്യൽ മീഡിയയുടെ വലിയ ആരാധകയായിരുന്നില്ല. പക്ഷെ ഇപ്പോൾ എനിക്ക് സോഷ്യൽ മീഡിയ ഒരു അനുഗ്രഹമായാണ് അനുഭവപ്പെടുന്നത്" എന്ന് ഹരിനാഥിന്റെ മകൾ കവിത വ്യക്തമാക്കുന്നു.

  പിതാവിനെ കണ്ടെത്തി ഞങ്ങളുടെ അടുക്കൽ എത്തിക്കാൻ ആ കുട്ടി കാണിച്ച മനസിനെ ഞാൻ ബഹുമാനിക്കുന്നു. അവന്റെ നല്ല ഭാവിക്കായുള്ള ഒരു ഇന്റർവ്യൂ വരെ നഷ്ടപ്പെടുത്തി എന്റെ അച്ഛനെ ഞങ്ങളുടെ അടുക്കൽ തിരികെ എത്തിച്ച ആ കുട്ടി ഞങ്ങളുടെ കുടുംബത്തിന്റെ കാവൽ മാലാഖയാണെന്നും കവിത പറഞ്ഞു. അവനോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. മണിക് നിഹാലിനെപോലെയുള്ള ആളുകളാണ് മനുഷ്യത്വം നശിച്ചിട്ടില്ലെന്ന വിശ്വാസം നൽകുന്നത്. ആ കുട്ടിയെപോലുള്ളവർ മാനവികതയുടെ പുതിയ ഒരു ലോകം സൃഷ്ടിക്കട്ടെ എന്നും കവിത പറഞ്ഞു.

  എന്റെ അച്ഛൻ എപ്പോഴും പറയാറുണ്ടായിരുന്നു ലോകത്ത് സ്വപ്നം കാണുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ പ്രാർത്ഥനയിലൂടെ നടക്കാറുണ്ടെന്ന്. ഇപ്പോൾ താൻ ആ യാഥാർഥ്യം തിരിച്ചറിയുകയാണ് എന്ന് കവിത ഹെഗ്‌ഡെ പറഞ്ഞു. "അച്ഛന് ഡിമെൻഷ്യ ബാധിച്ചപ്പോൾ പോലും ഞാൻ തളർന്നുപോയിരുന്നില്ല, എന്നാൽ അദ്ദേഹത്തെ കാണാതായ നിമിഷങ്ങളിൽ അദ്ദേഹത്തിന്റെ തിരിച്ചു വരവിനായി ഞാൻ ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു. ഞങ്ങളുടെ കുടുംബത്തെ അറിയുന്ന ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന ഒരുപാട് പേർ അദ്ദേഹത്തിനായി പ്രാർത്ഥിച്ചു. അതിന്റെ എല്ലാം ഫലമെന്നോണം ഇന്ന് അദ്ദേഹം സുരക്ഷിതനായി ഞങ്ങളുടെ അരികിൽ തിരിച്ചെത്തി. ഇനി മറ്റൊരു കുടുംബത്തിനും ഇങ്ങനെ ഒരു അനുഭവത്തിലൂടെ കടന്നു പോകേണ്ട വാസ്ത വരരുതേ എന്ന് താനിപ്പോൾ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെന്നും കവിത ഹെഗ്‌ഡെ വ്യക്തമാക്കി.
  Published by:Rajesh V
  First published: