കോട്ട: കൂട്ട ശിശു മരണങ്ങളുടെ പേരിൽ പ്രതിഷേധങ്ങൾക്ക് നടുവിൽ നിൽക്കുന്ന രാജസ്ഥാനിലെ കോട്ട ആശുപത്രി വീണ്ടും വിവാദത്തിൽ. ആശുപത്രി സന്ദര്‍ശിക്കാനെത്തുന്ന ആരോഗ്യ മന്ത്രി രഘു ശര്‍മ്മയെ സ്വീകരിക്കാൻ ആശുപത്രിയിൽ പച്ചപ്പരവതാനി വിരിച്ചതാണ് ഇപ്പോൾ വിമർശനം ഉയര്‍ന്നിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ജെ.കെ.ലോൺ ആശുപത്രി സന്ദര്‍ശിക്കാനെത്തുന്ന മന്ത്രിക്ക് ഇത്തരമൊരു സ്വീകരണം ഒരുക്കിയതിനെതിരെ പ്രതിപക്ഷമായ ബിജെപി അടക്കം രംഗത്തെത്തി. സംഗതി വിവാദമായതോടെ മന്ത്രി എത്തുന്നതിന് തൊട്ടു മുമ്പായി ആശുപത്രി അധികൃതർ പരവതാനി നീക്കം ചെയ്തു.
ഇത്തരമൊരു സ്വീകരണത്തെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ ഇതുപോലെയുള്ള കാര്യങ്ങൾ ഒന്നും ചെയ്യരുതെന്ന് ആശുപത്രി അധികൃതർക്ക് താൻ നിർദേശം നൽകിയെന്നാണ് മന്ത്രി രഘു ശർമ വിഷയത്തിൽ പ്രതികരിച്ചത്. മന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി മികച്ച ഒരുക്കങ്ങളാണ് ആശുപത്രി അധികൃതർ നടത്തിയത്. കേടുപാടുകൾ വന്ന ഭാഗങ്ങൾ ശരിയാക്കുകയും ചുമരുകൾ വെള്ളപൂശുകയും ചെയ്തു. പ്രവര്‍ത്തനരഹിതമായിരുന്ന ഹീറ്ററുകൾ നന്നാക്കി കുഞ്ഞുങ്ങളുടെ വാർഡിലെ ലൈറ്റുകൾ മാറ്റിയിട്ടു.
അൻപതോളം പന്നികളെയാണ് ആശുപത്രി പരിസരത്തു നിന്നും നീക്കം ചെയ്തത്. ആശുപത്രിയിലെ വൃത്തിശൂന്യമായ അന്തരീക്ഷമാണ് ശിശുമരണ നിരക്ക് ഉയർത്തിയതെന്ന തരത്തിൽ വാദങ്ങൾ ഉയര്‍ന്നിരുന്നു. പന്നികളടക്കം വിഹരിച്ച് നടക്കുന്ന ആശുപത്രി പരിസരത്തു നിന്ന് ഗർഭിണികൾക്ക് അണുബാധയടക്കം ഏൽക്കുന്നതും നവജാതശിശുക്കളുടെ മരണത്തിനിടയാക്കിയെന്നായിരുന്നു ആരോപണങ്ങൾ. എന്നാല്‍ മന്ത്രിയുടെ വരവ് അറിഞ്ഞയുടൻ തന്നെ ആശുപത്രിയിൽ ശുചീകരണ യജ്ഞം ആരംഭിച്ചിരുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.