• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പരിസ്ഥിതി ലോല മേഖലയിൽ വെള്ളം ചേർക്കേണ്ട, പശ്ചിമ ഘട്ട സംരക്ഷണത്തിന് നിർദ്ദേശങ്ങളുമായി ഹരിത ട്രിബ്യുണൽ


Updated: September 1, 2018, 2:09 PM IST
പരിസ്ഥിതി ലോല മേഖലയിൽ വെള്ളം ചേർക്കേണ്ട, പശ്ചിമ ഘട്ട സംരക്ഷണത്തിന് നിർദ്ദേശങ്ങളുമായി ഹരിത ട്രിബ്യുണൽ

Updated: September 1, 2018, 2:09 PM IST
#എം.ഉണ്ണികൃഷ്ണൻ

ന്യൂഡൽഹി: കസ്തൂരി രംഗൻ കരട് വിജ്ഞാപനത്തിൽ പരിസ്ഥിതി ലോല മേഖലയിൽ മാറ്റം വരുത്തരുതെന്ന് ദേശീയ ഹരിത ട്രിബ്യുണൽ. കേരളത്തിൽ ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കരടിൽ മാറ്റം വരുത്തുന്നത് പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. ആറു മാസത്തിനകം അന്തിമ വിജ്ഞാപനം ഇറക്കണമെന്ന് ട്രിബ്യുണൽ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.

പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം വൈകുന്നതിനെതിരെ ഗോവ ഫൗണ്ടേഷൻ നൽകിയ ഹർജിയിലാണ് ദേശീയ ഹരിത ട്രിബ്യുണലിന്റെ നിർണ്ണായക ഉത്തരവ്. മാധവ് ഗാഡ്ഗിൽ സമിതി നിർദ്ദേശിച്ച പ്രദേശങ്ങളിൽ ഇളവ് നൽകികൊണ്ടുള്ള കസ്തൂരി രംഗൻ സമിതി ശുപാര്ശകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കരടിൽ കൂടുതൽ മാറ്റങ്ങൾ വരുത്താനാനുള്ള കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നീക്കങ്ങൾക്ക് ഇടെയാണ് ഉത്തരവ്. കസ്തൂരി രംഗൻ റിപ്പോർട്ടിലെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഏലമലക്കാടുകളും ചതുപ്പുകളും പട്ടയ ഭൂമിയുമടങ്ങുന്ന 424 ചതുരശ്ര കിലോമീറ്റർ പ്രദേശം ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. കൂടുതൽ പ്രദേശങ്ങളെ ഒഴിവാക്കുന്നത് പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ട്രിബ്യുണൽ വിലയിരുത്തൽ.

 2017ലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ആഗസ്റ്റ് 26 ന് കഴിഞ്ഞതിനാൽ ഇത് പുനഃപ്രസിദ്ധീകരിക്കാൻ ട്രിബ്യുണൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അനുമതി നൽകി. എന്നാൽ ആറുമാസത്തിനകം അന്തിമ വിജ്ഞാപനം ഇറക്കണം. ട്രിബ്യുണലിനെ അനുമതി ഇല്ലാതെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് കൂടുതൽ പ്രദേശങ്ങളെ ഒഴിവാക്കരുതെന്നും ട്രിബ്യുണൽ അധ്യക്ഷൻ ജസ്റ്റിസ് എകെ ഗോയൽ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

കർണ്ണാടക അടക്കമുള്ള സംസ്ഥാനങ്ങളുടെ ഭാഗത്തു നിന്നുള്ള കാലതാമസം പശ്ചിമ ഘട്ട സംരക്ഷണത്തിന് ഉതകുന്നതല്ല. അന്തിമ വിജ്ഞാപനം ഇറങ്ങും വരെ കരട് വിജ്ഞാപനത്തിന്റെ പരിധിയിലെ പ്രദേശങ്ങളിൽ പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി നൽകരുത്. പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങളും പാടില്ല. പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി വലിയ സമ്മർദ്ധത്തിലാണെന്ന് കാട്ടിയാണ് ഉത്തരവ്. ജൈവ വൈവിധ്യത്താൽ സമ്പന്നമായ പശ്ചിമഘട്ട മേഖല സംരക്ഷിക്കപ്പെടണമെന്ന് ഗോദവർമ്മൻ കേസിൽ സുപ്രീം കോടതി ഉത്തരവിട്ടതാണ്. പരിസ്ഥിതി ലോല മേഖലകളിൽ ഖനനം നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി ഇതേ കേസിൽ വ്യക്തമാക്കിയതാണെന്നും ട്രിബ്യുണൽ ചൂണ്ടിക്കാട്ടി. കേരളത്തിലെ പ്രളയാനന്തരം പശ്ചിമഘട്ട സംരക്ഷണം വീണ്ടും ചർച്ചയാകുന്നതിന് ഇടെയാണ് ട്രിബ്യുണൽ ഇടപെടൽ.
Loading...
■ ഉത്തരവിൽ അൽപ്പം ആശ്വാസം, ആശങ്കകൾക്കും ഇടയുണ്ടെന്നു പരിസ്ഥിതി പ്രവർത്തകർ

ആറു മാസത്തിനകം അന്തിമ വിജ്ഞാപനം ഇറക്കണമെന്നതും സംസ്ഥാനങ്ങൾ കാലതാമസം വരുത്തരുതെന്നും പശ്ചിമ ഘട്ട സംരക്ഷണത്തിന് ഗുണകരമാകുമെന്നാണ് ഗോവ ഫൗണ്ടേഷന്റെ അഭിഭാഷകർ പങ്കുവയ്ക്കുന്ന പ്രതീക്ഷ. എന്നാൽ 2013 ലാണ് കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരട് വിജ്ഞാപനം ഇറങ്ങിയത്. ഇതുപ്രകാരം 123 വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയായി നിശ്ചയിച്ചത്. പിന്നീട് കാലാവധി കഴിഞ്ഞതിനെ തുടർന്ന് പലകുറി കരട് വിജ്ഞാപനം പുതുക്കിയിറക്കി.2017 ഫെബ്രവരി 27ന് ഇറക്കിയ കരടിൽ ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 2017 ലെ കരടിൽ മാറ്റം വരുത്തരുതെന്ന് ട്രിബ്യുണൽ ആവശ്യപ്പെടുമ്പോൾ ഇത്രയും കാലം അടിസ്ഥാനമാക്കിയ 2013 ലെ കരടിൽ പിന്നീട് വരുത്തിയ മാറ്റങ്ങൾ അംഗീകരിക്കപ്പെടുമോയെന്നാണ് ആശങ്ക. സ്വകാര്യ ഭൂമി ഒഴിവാക്കി വനഭൂമി മാത്രമേ 2017ലെ കരടിൽ കേരളത്തിൽ നിന്ന് ഉൾപ്പെടുന്നുള്ളൂവെന്ന് പരിസ്ഥിതി പ്രവർത്തകൻ ഹരീഷ് വാസുദേവൻ പറഞ്ഞു. അങ്ങനെവന്നാൽ 300 ഓളം ക്വാറികകൾക്ക് പ്രവർത്തനാനമതി ലഭിക്കും. ഇത് ഒഴിവാക്കാൻ 2013 ലെ കരട് വിജ്ഞാപനത്തെ തന്നെ അടിസ്ഥാനമാക്കണമെന്ന് ട്രിബ്യുണലിനോട് എന്നു ആവശ്യപ്പെടാനാണ് അഭിഭാഷകരുടെ നീക്കം.

സംസ്ഥാനത്തിന് മാത്രമല്ല കേന്ദ്രത്തിനും വലിയ വെല്ലുവിളി

പശ്ചിമ ഘട്ട സംരക്ഷണത്തിന് അന്തിമ വിജ്ഞാപനം ഇറക്കുന്നതിൽ യുപിഎ, എൻഡിഎ സർക്കാരുകൾ വലിയ കാലതാമസമാണ് വരുത്തിയത്. സംസ്ഥാനങ്ങളും നടപികൾ വൈകിപ്പിച്ചു. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടായിരുന്നു ഇത്. അഞ്ചു വർഷങ്ങൾക്ക് ശേഷവും നടപടികൾ ഇഴഞ്ഞു നീങ്ങുമ്പോഴാണ് ആറു മാസത്തിനകം അന്തിമ വിജ്ഞാപനം വേണമെന്ന നിർദ്ദേശം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അന്തിമ വിജ്ഞാപനം നീട്ടി കൊണ്ടുപോകാമെന്നായിരുന്നു കേന്ദ്രത്തിന്റെയും കണക്ക് കൂട്ടൽ. എന്നാൽ ആറു മാസത്തെ സമയപരിധി പ്രകാരം ഫെബ്രവരിയോടെ വിജ്ഞാപനം ഇറക്കേണ്ടി വരും. സംരക്ഷണത്തിൽ ഊന്നി വിജ്ഞാപനം വേണമെന്ന ട്രിബ്യുണലിന്റെ മുന്നറിയിപ്പ് നിലനിൽക്കെ രാഷ്ട്രീയമായി തിരിച്ചടിയേൽക്കാത്ത സമീപനം സ്വീകരിക്കുകയെന്നത് വലിയ വെല്ലുവിളിയാകും.

First published: September 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍