• HOME
  • »
  • NEWS
  • »
  • india
  • »
  • Gujarat Riot | ടീസ്ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു

Gujarat Riot | ടീസ്ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു

ടീസ്ത സെതൽവാദിന്‍റെ അറസ്റ്റിന് പിന്നാലെയാണ് ഗുജറാത്തിലെ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആർ ബി ശ്രീകുമാറിനെയും എടിഎസ് അറസ്റ്റ് ചെയ്തത്

  • Last Updated :
  • Share this:
    അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിനെയും മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആർ ബി ശ്രീകുമാറിനെയും ഗുജറാത്ത് പൊലീസിലെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ചിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുമായി ബന്ധപ്പെട്ടാണ് ടീസ്ത സെതൽവാദിനെ ശനിയാഴ്ച മുംബൈയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

    2002-ലെ ഗോധ്ര കലാപക്കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും മറ്റുള്ളവർക്കും എസ്ഐടി നൽകിയ ക്ലീൻ ചിറ്റ് ചോദ്യം ചെയ്തുള്ള ഹർജി ഒരു ദിവസം മുമ്പ് സുപ്രീം കോടതി തള്ളിയിരുന്നു. സെതൽവാദിനെ സാകിയ ജാഫ്രി നിയമപോരാട്ടത്തിലുടനീളം പിന്തുണച്ചിരുന്നു. ജാഫ്രിയുടെ ഭർത്താവ് എഹ്‌സാൻ ജാഫ്രി കലാപത്തിനിടെ കൊല്ലപ്പെട്ടിരുന്നു, സാന്താക്രൂസിലെ വസതിയിൽ നിന്നാണ് സെതൽവാദിനെ ഗുജറാത്ത് പോലീസ് പിടികൂടിയതെന്ന് മുംബൈ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അവർ ആവശ്യപ്പെട്ട സഹായം ഞങ്ങൾ നൽകി, അദ്ദേഹം കൂട്ടിച്ചേർത്തു.

    ടീസ്ത സെതൽവാദിന്‍റെ അറസ്റ്റിന് പിന്നാലെയാണ് ഗുജറാത്തിലെ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആർ ബി ശ്രീകുമാറിനെയും എടിഎസ് അറസ്റ്റ് ചെയ്തത്. പൊലീസ് ഗാന്ധിനഗറിലെ വീട്ടിൽ എത്തി അഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ വീട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിൽ എടുത്ത് മൂന്ന് മണിക്കൂറിന് ശേഷമാണ് അറസ്റ്റ് കാര്യം അറിയിച്ചത്. വാറണ്ട് ഇല്ലാതെയാണ് പൊലീസ് വീട്ടിൽ വന്നതെന്നും മകൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

    ഗുജറാത്ത് കലാപത്തിൽ മുൻ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയ്ക്കും അറുപതിലേറെ സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ സാക്കിയ ജാഫ്രി നൽകിയ ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരവിരുദ്ധ സേന ടീസ്ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും കസ്റ്റഡിയിലെടുത്തത്. ഗുജറാത്ത് കാലാപത്തിലെ ഗൂഢാലോചന ആരോപിച്ചായിരുന്നു സാക്കിയ ജാഫ്രിയുടെ ഹർജി നൽകിയത്.

    അതേസമയം ടീസ്ത സെതൽവാദിനെ കസ്റ്റഡിയിലെടുക്കുന്നത് എന്തിനാണെന്ന് അറിയിച്ചില്ലെന്നും, കേസ് സംബന്ധിച്ച വിവരങ്ങൾ കൈമാറിയില്ലെന്നും അവരുടെ അഭിഭാഷകൻ പറയുന്നു. ഐപിസി സെക്ഷൻ 468- വഞ്ചനയ്‌ക്കായി വ്യാജരേഖ ചമയ്ക്കൽ, 471- വ്യാജ രേഖയോ ഇലക്ട്രോണിക് രേഖയോ യഥാർത്ഥമായി ഉപയോഗിക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ്ഐആർ എന്നും അഭിഭാഷകൻ വ്യക്തമാക്കി. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റയുടെ എൻജിഒ അടിസ്ഥാനരഹിതമായ വിവരങ്ങൾ പൊലീസിന് നൽകിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് ടീസ്റ്റയെയും ആർബി ശ്രീകുമാറിനെയും തേടി ഗുജറാത്ത് എടിഎസ് എത്തിയത്.
    Published by:Anuraj GR
    First published: