നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നത് അവസാനിപ്പിക്കണം; നിർണായകമായ നിർദ്ദേശങ്ങളുമായി ഗുജറാത്ത് ഹൈക്കോടതി

  ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നത് അവസാനിപ്പിക്കണം; നിർണായകമായ നിർദ്ദേശങ്ങളുമായി ഗുജറാത്ത് ഹൈക്കോടതി

  മാർഗ്ഗനിർദ്ദേശങ്ങൾ പ്രധാനമായും ആർത്തവത്തെ തുടർന്ന് പൊതുസ്ഥലങ്ങളിലോ സ്വകാര്യസ്ഥലങ്ങളിലോ മതപരമോ വിദ്യാഭ്യാസപരമോ ആയ ഇടങ്ങളിലോ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന വിവേചനം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ളതാണ്. 

  • Share this:
   അഹമ്മദാബാദ്:  ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ പൊതുസ്ഥലങ്ങളിൽ അകറ്റിനിർത്തുന്നതിനെതിരെ നിർണായകമായ നിർദേശങ്ങളുമായി ഗുജറാത്ത് ഹൈക്കോടതി. കച്ചിലെ ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലെ 68 പെൺകുട്ടികളെ കോളേജിലെ റസ്റ്റ്റൂമിൽ വെച്ച് ആർത്തവമുണ്ടോ എന്ന് ഉറപ്പുവരുത്താൻ വിവസ്ത്രരാക്കി പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെ  സമർപ്പിക്കപ്പെട്ട പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് കോടതി പ്രസക്തമായ പരാമർശങ്ങൾ നടത്തിയത്. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ നിർജാരി സിൻഹയാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. കോടതിയുടെ പരാമർശങ്ങൾ സമൂഹത്തിൽ ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുന്ന ഒന്നാവും എന്ന കാര്യത്തിൽ സംശയമില്ല.

   ഒൻപത് നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ജസ്റ്റിസ് ജെ ബി പർദ്ദിവാലയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രധാനമായും ആർത്തവത്തെ തുടർന്ന് പൊതുസ്ഥലങ്ങളിലോ സ്വകാര്യസ്ഥലങ്ങളിലോ മതപരമോ വിദ്യാഭ്യാസപരമോ ആയ ഇടങ്ങളിലോ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന വിവേചനം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ളതാണ്.  ഇത്തരത്തിൽ വിവേചനപൂർണമായ രീതികൾ എല്ലാ സ്ഥാപനങ്ങളിലും കർശനമായി വിലക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിക്കുന്നു.

   Also Read-'ആർത്തവം ഹൈന്ദവതയിൽ അശുദ്ധമാണെന്ന് പറയുന്നവർ അറിയണം ആർത്തവം എങ്ങനെ ആഘോഷിക്കപ്പെടുന്നെന്ന്'

   അടിക്കടി മിന്നൽ പരിശോധനകൾ നടത്തിയും വ്യക്തമായ ചട്ടങ്ങൾ രൂപീകരിച്ചും കൃത്യമായ നടപടിക്രമങ്ങൾ സ്വീകരിച്ചുകൊണ്ടും അതുറപ്പുവരുത്താൻ സംസ്ഥാന ഗവൺമെന്റിന് കഴിയണം. ഇത്തരം നിർദ്ദേശങ്ങൾ ഏകപക്ഷീയമായി നടപ്പിൽ വരുത്താനല്ല ആഗ്രഹിക്കുന്നത് എന്നതുകൊണ്ടുതന്നെ ഇവയെ സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളുടെ പ്രതികരണം കോടതി ആരാഞ്ഞിട്ടുണ്ട്.

   പൗരസമൂഹത്തിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സ്ത്രീകൾക്ക് അനുഭവിക്കേണ്ടിവരുന്ന സാമൂഹ്യ വിവേചനത്തെക്കുറിച്ച് കൃത്യമായ ബോധവൽക്കരണം നടത്താൻ സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങണമെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. അതോടൊപ്പം പെൺകുട്ടികൾക്കിടയിൽ ആർത്തവകാലത്തെ ആരോഗ്യം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട അവബോധം സൃഷ്ടിക്കാൻ വേണ്ട നടപടികളും സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിക്കുന്നു. പൊതുസ്ഥലങ്ങളിൽ പോസ്റ്റർ പ്രചരണങ്ങളിലൂടെയും സ്കൂൾ കരിക്കുലത്തിന്റെ ഭാഗമായി ഇത്തരം വിഷയങ്ങൾ സ്വീകരിക്കുന്നതിലൂടെയും ജനപ്രിയ മാധ്യമങ്ങളിലൂടെയും ബോധവൽക്കരണത്തിനുള്ള ശ്രമങ്ങൾ നടത്താവുന്നതാണ്.   ''പെൺകുട്ടികൾ പലപ്പോഴും ആർത്തവത്തെക്കുറിച്ചുള്ള പരിമിതമായ ധാരണയോടെയാണ് വളരുന്നത്. അവരുടെ അമ്മമാരും മറ്റു മുതിർന്നവരും ഈ വിഷയത്തെക്കുറിച്ച് അവരോട് തുറന്നു ചർച്ച ചെയ്യുന്നില്ല എന്നതാണ് ഇതിന് കാരണം. മുതിർന്ന സ്ത്രീകൾക്ക് ഈ ജൈവപ്രക്രിയയെക്കുറിച്ചുള്ള ശരിയായ വസ്തുതകളോ ശുചിത്വം പാലിക്കുന്നതിനുള്ള രീതികളോ അറിയണമെന്ന് നിർബന്ധമില്ല. അതുകൊണ്ടുതന്നെ പരമ്പരാഗതമായി തുടരുന്ന തെറ്റായ ധാരണകളും രീതികളും അവർ പെൺകുട്ടികൾക്കും പകർന്നു നൽകുന്നു. കമ്മ്യൂണിറ്റികൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ ക്യാമ്പയിനുകൾ ഇതിന് വലിയ മാറ്റം കൊണ്ടുവരും. ആർത്തവസംബന്ധമായ ശരിയായ അവബോധം സ്കൂൾ അധ്യാപകർക്കും നൽകേണ്ടതുണ്ട്'', കോടതി നിരീക്ഷിക്കുന്നു.

   ആർത്തവവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന പിന്തിരിപ്പൻ കാഴ്ചപ്പാടുകളെയും അതിന്റെ ഭാഗമായി സ്ത്രീകൾ അനുഭവിക്കുന്ന വിവേചനത്തെയും കോടതി തിരിച്ചറിയുകയും ഇതിന് മാറ്റം വരുത്താൻ വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു എന്നത് സ്ത്രീസമൂഹത്തെ സംബന്ധിച്ച് വളരെയധികം പ്രത്യാശ നൽകുന്ന കാര്യമാണ്. ആർത്തവത്തെ മുൻനിർത്തിയുള്ള വിവേചനകളെക്കുറിച്ച് രാജ്യത്തുടനീളം ഒരുപാട് ചർച്ചകൾ നാടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കോടതി ഇക്കാര്യം പരിഗണിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
   Published by:Asha Sulfiker
   First published:
   )}