ന്യൂഡൽഹി: കർഷക പ്രക്ഷോഭ വേദിയിൽ ബോഡി ബിൽഡിംഗ് മത്സരം സംഘടിപ്പിക്കാൻ വിവിധ കർഷക സംഘടനകളുടെ അനുമതി തേടി ജിം ഉടമകൾ. പ്രതിഷേധ വേദികളിലൊന്നായ സിംഗു അതിർത്തിയിലാണ് ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കർഷകർക്കായി ബോഡി ബിൽഡിംഗ് മത്സരം സംഘടിപ്പിക്കാൻ അനുമതി തേടിയിരിക്കുന്നത്.
ഇവിടെ വിവിധ ജിമ്മുകളുടെ നേതൃത്വത്തിൽ ഒരു താത്ക്കാലിക ജിം ഒരുക്കിയിട്ടുണ്ട്. കർഷകരും വോളന്‍റിയർമാരും ഇവിടേക്ക് വേണ്ട എക്സര്‍സൈസ് മെഷീനുകള്‍ എത്തിച്ചു നൽകുന്നുണ്ട്. കായിക പ്രതിഭകൾ അടക്കം പ്രതിഷേധത്തിൽ പങ്കുചേരാനെത്തിയ സാഹചര്യത്തിലായിരുന്നു അവരുടെ ശാരീരിക ആരോഗ്യം നിലനിർത്തുന്നതിന്‍റെ ഭാഗമായി ജിം ഒരുക്കിയത്. പ്രൊഫഷണല്‍ വെയ്റ്റ് ലിഫ്റ്റിംഗ് താരങ്ങളും കായിക താരങ്ങളും അടക്കം ജിമ്മിലേക്ക് ആവശ്യം വേണ്ട സാധനങ്ങൾ എത്തിച്ചു നൽകിയിരുന്നു. കർഷക പ്രതിഷേധകർക്ക് ജിം സൗജന്യമായി ഉപയോഗിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പമാണ് ഒരു മത്സരം സംഘടിപ്പിക്കാൻ ജിം ഉടമകൾ അനുമതി തേടിയിരിക്കുന്നത്.
കേന്ദ്രസർക്കാരിന്‍റെ പുതിയ കാർഷിക നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകരാണ് രാജ്യതലസ്ഥാനത്തെ അതിർത്തികളിൽ പ്രതിഷേധം തുടരുന്നത്. പ്രതിഷേധം നടത്തുന്ന കർഷകർക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ വിവിധ എൻജിഒകളും രംഗത്തുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Farm bill, Farm Bill Protest, Farmers, New Delhi