നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Railway Station | ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷൻ ഇനി അറിയപ്പെടുക റാണി കമലാപതി എന്ന പേരിൽ; റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുള്ള അധികാരം ആർക്ക്?

    Railway Station | ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷൻ ഇനി അറിയപ്പെടുക റാണി കമലാപതി എന്ന പേരിൽ; റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുള്ള അധികാരം ആർക്ക്?

    പതിനെട്ടാം നൂറ്റാണ്ടിലെ ഗോണ്ട് രാജ്ഞിയായിരുന്നു റാണി കമലാപതി. ഗിന്നോർഗഢിലെ ഗോണ്ട് ഭരണാധികാരി നിസാം ഷായുടെ ഭാര്യയായിരുന്നു ഇവർ.

    News 18

    News 18

    • Share this:
      മധ്യപ്രദേശിലെ ഹബീബ്ഗഞ്ച് സ്റ്റേഷൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 100 കോടി രൂപ ചെലവിൽ പുനർനിർമ്മിച്ച റെയിൽവേ സ്റ്റേഷനിൽ വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുനർനിർമ്മിച്ച റെയിൽവേ സ്റ്റേഷന്റെ പേരും പുനർനാമകരണം ചെയ്തു. ഗോണ്ട് രാജ്ഞി റാണി കമലാപതിയുടെ പേരിലാണ് ഭോപ്പാലിലെ ഈ സ്റ്റേഷൻ ഇനി അറിയപ്പെടുക. ബിർസ മുണ്ടയുടെ സ്മരണാർത്ഥം നവംബർ 15 ‘ജനജാതിയ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ തുടർന്നാണ് സ്റ്റേഷന്റെ പേര് മാറ്റിയിരിക്കുന്നത്.

      ആരാണ് കമലാപതി രാജ്ഞി?
      പതിനെട്ടാം നൂറ്റാണ്ടിലെ ഗോണ്ട് രാജ്ഞിയായിരുന്നു റാണി കമലാപതി. ഗിന്നോർഗഢിലെ ഗോണ്ട് ഭരണാധികാരി നിസാം ഷായുടെ ഭാര്യയായിരുന്നു ഇവർ. എന്നാൽ മഹാറാണിയുടെ ചിത്രങ്ങളൊന്നും നിലവിലില്ല എന്നാണ് റിപ്പോർട്ടുകൾ. ഏഴു നിലകളുള്ള കമലാപതി കൊട്ടാരം നിർമ്മിച്ചത് ഇവരാണെന്നാണ് ചരിത്ര രേഖകൾ നൽകുന്ന വിവരം. ഇപ്പോൾ എഎസ്ഐ സംരക്ഷിതമായ ഒരു സ്മാരകമാണിത്. 1.2 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഗോത്ര വിഭാഗമാണ് ഗോണ്ട് സമുദായം.

      ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റിയത് എങ്ങനെ?
      അടുത്തിടെ പുനർനിർമ്മിച്ച ഹബീബ്ഗഞ്ച് സ്റ്റേഷന്റെ പേര് പതിനെട്ടാം നൂറ്റാണ്ടിലെ ഗോണ്ട് രാജ്ഞിയായ റാണി കമലാപതിയുടെ പേരിലേക്ക് മാറ്റണമെന്ന ആവശ്യവുമായി മധ്യപ്രദേശ് സർക്കാർ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. ആദിവാസി നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ബിർസ മുണ്ടയുടെ സ്മരണാർത്ഥം നവംബർ 15 ന് ‘ജനജാതിയ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ തുടർന്നാണ് സ്റ്റേഷന്റെ പേര് മാറ്റണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതെന്ന് ഗതാഗത വകുപ്പ് കത്തിൽ വ്യക്തമാക്കി.

      സ്റ്റേഷന്റെ പേര് മാറ്റാൻ സംസ്ഥാന സർക്കാരിനെ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നന്ദി അറിയിച്ചിരുന്നു. സ്റ്റേഷന്റെ പുതിയ പേര് റാണി കമലാപതി റെയിൽവേ സ്റ്റേഷൻ എന്നായിരിക്കുമെന്ന് സംസ്ഥാന സർക്കാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. റാണി കമലാപതി ഗോണ്ട് സമുദായത്തിന്റെ അഭിമാനമാണെന്നും ഭോപ്പാലിലെ അവസാനത്തെ ഹിന്ദു രാജ്ഞിയാണെന്നും ചൗഹാൻ വ്യക്തമാക്കി.

      മുൻ പ്രധാനമന്ത്രി അന്തരിച്ച അടൽ ബിഹാരി വാജ്‌പേയിയുടെ പേര് സ്റ്റേഷന് നൽകണമെന്ന് ഭോപ്പാലിൽ നിന്നുള്ള ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്റ്റേഷന്റെ പേര് റാണി കമലാപതി എന്ന് പുനർനാമകരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. റെയിൽവേ സ്റ്റേഷനിൽ പഴയ നെയിം ബോർഡുകൾ മാറ്റുന്ന ജോലി ആരംഭിച്ചു കഴിഞ്ഞു.

      ഈ സ്റ്റേഷൻ 1905ൽ നിർമ്മിച്ചതാണെന്നും അന്ന് സ്റ്റേഷൻ ഷാപൂർ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും സംസ്ഥാന പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ട്വിറ്ററിൽ ഒരു വാർത്ത കുറിപ്പ് പങ്കിട്ടു. പിന്നീട് 1979ൽ ആണ് ഹബീബ്ഗഞ്ച് എന്ന് സ്റ്റേഷന് പേരിട്ടത്.

      റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം
      അലഹബാദ് റെയിൽവേ സ്റ്റേഷന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റിയിരുന്നു. മുഗൾസരായ് റെയിൽവേ സ്റ്റേഷൻ അടുത്തിടെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ എന്ന് പുനർനാമകരണം ചെയ്തിരുന്നു.

      ഇന്ത്യൻ റെയിൽവേയ്ക്കാണ് ഈ സ്റ്റേഷനുകളുടെ ഉടമസ്ഥത എങ്കിലും സ്റ്റേഷന്റെ പേര് മാറ്റുന്നതിൽ റെയിൽവേ ഇടപെടുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നത് അതത് സംസ്ഥാനങ്ങളാണ്. സംസ്ഥാന സർക്കാരുകൾ ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കുകയും റെയിൽവേ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും കൂടിയാലോചിച്ച് തീരുമാനമെടുക്കുകയുമാണ് ചെയ്യുന്നത്.

      പുതിയ പേര് ഇന്ത്യയിൽ മറ്റൊരു സ്റ്റേഷനും നിലവിലില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

      അടുത്ത നടപടി എന്താണ്?
      പേര് മാറ്റത്തിന് അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ, പുതിയ സ്റ്റേഷൻ കോഡ് നൽകുന്നതാണ് അടുത്ത ഘട്ടം. കെട്ടിടത്തിലെ ബോർഡുകൾ മാറ്റുക, പ്ലാറ്റ്ഫോം സൈൻ ബോർഡുകൾ മാറ്റുക, ടിക്കറ്റിംഗ് സംവിധാനത്തിൽ പുതിയ പേര് നൽകുക തുടങ്ങിയ ജോലികൾ ഇന്ത്യൻ റെയിൽവേ പൂർത്തിയാക്കേണ്ടതുണ്ട്.
      Published by:Naveen
      First published:
      )}