ലൈംഗിക ബലഹീനത മറയ്ക്കാൻ ഭർത്താവ് പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നദിക്കരയിൽ പ്രതിഷേധവുമായി ആന്ധ്രാ സ്വദേശിനി. ആന്ധ്രാ പ്രദേശിലെ (Andhra Pradesh) എൻടിആർ (NTR) ജില്ലയിലുള്ള നന്ദിഗാമയിലാണ് സംഭവം. നവ്യത (Navyatha) എന്നാണ് യുവതിയുടെ പേര്.
നാല് വർഷം മുമ്പാണ് കൊങ്ങര നരേന്ദ്രനാഥ് എന്നയാളെ നവ്യത വിവാഹം ചെയ്തത്. സ്ത്രീധനത്തിന്റെയും സമ്മാനങ്ങളുടെയും പേരിൽ ഭീമമായ തുക നൽകിയാണ് മാതാപിതാക്കൾ നരേന്ദ്രനാഥുമായുള്ള നവ്യതയുടെ വിവാഹം നടത്തിയത്. ആദ്യരാത്രിയിൽ തന്നെ ശാരീരികബന്ധത്തിൽ ഏർപ്പെടാൻ വിമുഖത കാണിച്ച ഭർത്താവിന്റെ പെരുമാറ്റം തന്നെ ഞെട്ടിച്ചെന്നും അപകർഷതാ ബോധവും ബലഹീനതയും മറികടക്കാൻ ഭർത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ ആരംഭിച്ചെന്നും നവ്യത പറയുന്നു. കൂടാതെ, സ്ത്രീധനമായി കൂടുതൽ തുക ആവശ്യപ്പെടാനും തുടങ്ങി. ഭർത്താവിന്റെ സഹോദരിമാരും ഇതിൽ പങ്കുചേർന്നു. പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്നാണ് ഭർത്താവിന്റെ വീടിന് മുന്നിൽ പ്രതിഷേധിക്കുന്നതിന് പകരം കൃഷ്ണ നദിക്കരയിൽ പ്രതിഷേധം ആരംഭിച്ചതെന്നും യുവതി കൂട്ടിച്ചേർത്തു.
ഗുണ്ടൂർ ജില്ലയിലെ യെരബലം ഗ്രാമത്തിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഗ്രാമത്തിൽ നിന്നുള്ള ശ്രീമാൻ, വിശാഖപട്ടണം സ്വദേശിയായ അനുഷയെ പ്രണയിച്ച് വിവാഹം കഴിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഹൈദരാബാദിൽ സോഫ്റ്റ്വെയർ എഞ്ചിനീയർമാരായി ജോലി ചെയ്യുകയായിരുന്നു ഇവർ. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളും ആയതിനു ശേഷം ശ്രീമാൻ മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധം പുലർത്തുകയും സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയും ചെയ്തു. ഇതിനിടെ അനുഷയുടെ ജോലി ജാമ്യമായി കാണിച്ച് ഇയാൾ 50 ലക്ഷം രൂപ വായ്പയെടുക്കുകയും ചെയ്തു. മറ്റൊരു വഴിയും ഇല്ലാത്തതിനാൽ, ഭർത്താവിനെ തിരികെ അയക്കണം എന്നാവശ്യപ്പെട്ട് അനുഷ ഭർതൃ വീടിനു മുന്നിൽ സമരം നടത്തി. ഇതിനിടെ, ഹൈദരാബാദ് പോലീസ് നൽകിയ നോട്ടീസ് ശ്രീമാന്റെ മാതാപിതാക്കൾ തള്ളി. ഭർത്താവിനും വീട്ടുകാർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസിൽ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് അനുഷ സമരം പിൻവലിച്ചത്.
Also Read-
Shocking | വഴക്കിനൊടുവിൽ ഭാര്യ ഭർത്താവിനെ കടിച്ചു കൊന്നു; യുവാവിന് ദാരുണാന്ത്യം
കേരളത്തിൽ നിന്നും സ്ത്രീധനം, ഗാർഹിക പീഡനം എന്നിവയുമായി എല്ലാം ബന്ധപ്പെട്ട് കൊലപാതകവും ആത്മഹത്യയും അടക്കം നിരവധി കേസുകൾ ഉയർന്നു വന്നിരുന്നു. ഏത് തരത്തിലുള്ള ഉപദ്രവവും ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുന്നതാണ്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഉപദ്രവമോ അല്ലാതെയുള്ള ശാരീരികമോ മാനസികമോ സാമൂഹ്യമോ സാമ്പത്തികമോ ആയ അതിക്രമങ്ങളും അതിന്റെ പരിധിയിൽ വരും.
പരാതിക്കാരിയുടെ ജീവിതത്തിലെ ശാരീരികമോ മാനസികമോ ആയ സുരക്ഷയെ അപായപ്പെടുത്തുന്ന തരത്തിലുള്ള എതിർ കക്ഷിയുടെ ഏതൊരു പ്രവൃത്തിയെയും വീഴ്ചയെയുമൊക്കെ ഗാർഹിക പീഡനത്തിന്റെ പരിധിയിൽ കണക്കാക്കും. ഇതിൽ ശാരീരികമോ വൈകാരികമോ മാനസികമോ ലൈംഗികമോ സാമ്പത്തികമോ ആയ അതിക്രമങ്ങൾ ഉൾപ്പെടും. സ്ത്രീധനത്തിനോ, സ്വത്തിനോ, നിയമവിരുദ്ധമായ എന്തെങ്കിലും ആവശ്യം സാധിക്കുന്നതിനോ പരാതിക്കാരിയേയോ, അവരുമായി ബന്ധമുള്ള മറ്റാരെയെങ്കിലുമോ എതിർകക്ഷി നിർബന്ധിക്കുകയോ, പീഡിപ്പിക്കുകയോ, അപകടത്തിലാക്കുകയോ ചെയ്യുന്നതും പരാതിക്കാരിയെ ശാരീരികമോ, മാനസികമോ ആയി മുറിവേൽപ്പിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്യുന്നതും ഗാർഹികാതിക്രമമായി കണക്കാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.