ഗുജറാത്ത്: കോൺഗ്രസ് വിട്ടതിനു പിന്നാലെ ബിജെപിയിൽ ചേർന്ന് ഹാർദിക് പട്ടേൽ (Hardik Patel). ഗുജറാത്ത് തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് ഹാർദിക്കിന്റെ ചുവടുമാറ്റം. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബിജെപി ഓഫീസിലെത്തിയ ഹാർദിക് പട്ടേലിനെ കാവി ഷാളും തലപ്പാവും ധരിപ്പിച്ചാണ് പ്രവർത്തകർ സ്വീകരിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ സിആർ പട്ടേലും മുൻ ഉപമുഖ്യമന്ത്രി നിതിൻഭായ് പട്ടേലും ചടങ്ങിന് എത്തിയിരുന്നു. നിരവധി പ്രവർത്തകരും ചടങ്ങിന് എത്തിയിരുന്നു. എന്നാൽ മറ്റ് മുതിർന്ന ബിജെപി നേതാക്കളൊന്നും ഹാർദിക് പട്ടേലിന്റെ അംഗത്വ വിതരണ ചടങ്ങിന് എത്തിയിരുന്നില്ല. ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന്റെ ചിത്രങ്ങൾ ഹാർദിക് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
പാർട്ടിയുടെ ഗുജറാത്ത് ഘടകത്തിന്റെ കഠിനാധ്വാനികളായ പ്രസിഡന്റ് സിആർ പാട്ടീൽ ജി, മുൻ ഉപമുഖ്യമന്ത്രി നിതിൻഭായ് പട്ടേൽ, ആയിരക്കണക്കിന് ആളുകൾ എന്നിവരുടെ സാന്നിധ്യത്തിലും സന്യാസിമാരുടെ അനുഗ്രഹത്തോടെയുമാണ് താൻ ഇന്ന് ബിജെപിയിൽ ചേർന്നതെന്നാണ് ഹാർദികിന്റെ ട്വീറ്റ്.
അംഗത്വം സ്വീകരിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി മോദിയുടെ സൈനികനായി പ്രവർത്തിക്കുമെന്നും ട്വീറ്റ് ചെയ്തിരുന്നു.
പട്ടേല്‍ സംവരണ പ്രക്ഷോഭത്തിലൂടെയാണ് ഹാർദിക് പട്ടേൽ ദേശീയ തലത്തിൽ ശ്രദ്ധേയനാകുന്നത്. പിന്നീട് കോൺഗ്രസിൽ എത്തിയ ഹാർദിക് കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം വര്‍ക്കിങ് പ്രസിഡന്റായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഹാര്‍ദിക് ഇടയുകയായിരുന്നു.
ഗുജറാത്തി പത്രമായ ദിവ്യ ഭാസ്‌കറില്‍ ബിജെപി നേതാക്കളെയും ആശയങ്ങളെയും പ്രശംസിക്കുന്ന അഭിമുഖം വന്നതിനു പിന്നാലെയാണ് ഹാര്‍ദിക് ബിജെപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹങ്ങൾ പരന്നത്. അഭിമുഖത്തില്‍ നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കളെ ഹാര്‍ദിക്ക് പ്രശംസകൊണ്ട് മൂടി. അതോടൊപ്പം രാമക്ഷേത്ര നിര്‍മാണം, കശ്മീരിലെ 370ാം അനുച്ഛേദം റദ്ദാക്കല്‍ എന്നിവയെ ഹാര്‍ദിക് പിന്തുണയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളും പരന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.