• HOME
  • »
  • NEWS
  • »
  • india
  • »
  • Hijab Row | ഹിജാബ് വിധി: ചീഫ് ജസ്റ്റിസ് പുതിയ ബെഞ്ച് രൂപീകരിക്കും വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം തുടരുമോ?

Hijab Row | ഹിജാബ് വിധി: ചീഫ് ജസ്റ്റിസ് പുതിയ ബെഞ്ച് രൂപീകരിക്കും വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം തുടരുമോ?

രാഷ്ട്രീയപരമായ പ്രത്യാഘാതകങ്ങൾ ഉണ്ടാകാനിടയുള്ള വിഷയത്തിലെ നിയമപരമായ പരിഹാരം നീണ്ടുപോകുന്നതിനാൽ, കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം തുടരാനാണ് സാധ്യത.

  • Share this:
കർണ്ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലീം പെൺകുട്ടികളുടെ ശിരോവസ്ത്ര നിരോധനം ശരിവെച്ച കർണ്ണാടക ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരുകൂട്ടം ഹർജികളിൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വ്യാഴാഴ്ച വ്യത്യസ്ത വിധികൾ പ്രസ്താവിച്ചു.

ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അപ്പീലുകൾ തള്ളിയപ്പോൾ “ഇത് വ്യക്തിഗത തിരഞ്ഞെടുപ്പിൻ്റെ കാര്യമാണെന്നും അതിൽ കൂടുതലോ കുറവോ ആയി ഒന്നുമില്ലെന്നും” പരാമർശിച്ചുകൊണ്ട് ജസ്റ്റിസ് സുധാൻശു ധൂലിയ അപ്പീലുകൾ അനുവദിച്ചു. ഉചിതമായ നിർദ്ദേശങ്ങൾ നൽകാനായി വിഷയം നിലവിൽ ചീഫ് ജസ്റ്റിസിന് മുന്നിൽ സമർപ്പിച്ചിരിക്കുകയാണ്.

നിലവിലെ ചീഫ് ജസ്റ്റിസായ യു.യു ലളിതിൻ്റെ കാലാവധി നവംബർ 9-ന് അവസാനിക്കും. ഇതിനെ തുടർന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും.

രാഷ്ട്രീയപരമായ പ്രത്യാഘാതകങ്ങൾ ഉണ്ടാകാനിടയുള്ള വിഷയത്തിലെ നിയമപരമായ പരിഹാരം നീണ്ടുപോകുന്നതിനാൽ, കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം തുടരാനാണ് സാധ്യത.

നിയമപരമായി ഇനി നടക്കാൻ സാധ്യതയുള്ള കാര്യങ്ങൾ ഇവയാണ്:

മൂന്നോ അതിലധികമോ ജഡ്ജുമാരുള്ള പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസ് രൂപീകരിക്കും. സുപ്രീം കോടതിയിലെ റോസ്റ്ററിൻ്റെ തലവനായ ചീഫ് ജസ്റ്റിസാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കുക.

പുതിയ ബെഞ്ച് പുതുതായി വാദം കേൾക്കും. ജസ്റ്റിസ് ഗുപ്തയും ധൂലിയയും ഉന്നയിച്ച ചോദ്യങ്ങൾ പുതിയ ബെഞ്ചിൻ്റെ മുന്നിലുള്ള വാദത്തിന് മാർഗ്ഗനിർദ്ദേശം നൽകിയേക്കാം.

സുപ്രീം കോർട്ട് സ്റ്റേ നൽകാത്തതിനാൽ, നിയമപരമായ കർണ്ണാടക ഹൈക്കോടതിയുടെ വിധിയാണ് ഇപ്പോഴും ബാധകമാകുക. കർണ്ണാടക സർക്കാരിൻ്റെ ഉത്തരവിനും സാധുതയുണ്ടാകും.

ഹിജാബ് ധരിക്കുന്നതിന് വ്യക്തി സ്വാതന്ത്ര്യത്തിന് കീഴിലുള്ള സംരക്ഷണമുണ്ട് എന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് ധൂലിയയുടെ വിധി ഹർജിക്കാർ തങ്ങൾക്ക് അനുകൂലമായി ഉപയേഗിച്ചേക്കാം.

സമാനമായി, കർണ്ണാടക സർക്കാരിന് ജസ്റ്റിസ് ഗുപ്തയുടെയും കർണ്ണാടക ഹൈക്കോടതിയുടെയും വിധികളുടെ പിൻബലമുണ്ട്.

വിഷയം കോടതി വേഗത്തിൽ പരിഗണിക്കുമോ എന്നത്, ചീഫ് ജസ്റ്റിസിൻ്റെ വിവേചനാധികാരത്തെയും കക്ഷികൾ നടത്തുന്ന പരാമർശങ്ങളെയും അഭ്യർത്ഥനകളെയും അനുസരിച്ചായിരിക്കും.

Also read : ഹിജാബ് വിവാദം: ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ Thowheed Jamath  പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

10 ദിവസം വിഷയത്തിൽ വാദം കേട്ട ശേഷം സെപ്റ്റംബർ 22-നാണ് സുപ്രീം കോടതി വിധി പറയാനായി ഹർജികൾ മാറ്റിവെച്ചത്. ക്ലാസ് മുറിക്കുള്ളിൽ ഹിജാബ് ധരിക്കാനുള്ള അനുമതി ആവശ്യപ്പെട്ടുകൊണ്ട് ഉഡുപ്പിയിലെ ഗവൺമെൻ്റ് പ്രീ യൂണിവേഴ്സിറ്റി കോളേജിലെ മുസ്ലീം വിദ്യാർത്ഥിനികളിൽ ഒരു വിഭാഗമാണ് കർണ്ണാടക ഹൈക്കോടതിയെ സമീപിച്ചത്. ഇസ്ലാമിക വിശ്വാസ പ്രകാരം ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല ഹിജാബ് എന്ന് പറഞ്ഞുകൊണ്ട് മാർച്ച് 15-ന് ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു.

പെൺകുട്ടികൾ ക്ലാസിൽ പോകുന്നത് നിർത്തിയേക്കാം എന്നതിനാൽ ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കുന്നതിൽ നിന്ന് അവരെ തടയുന്നത് അവരുടെ വിദ്യാഭ്യാസം അവസാനിക്കുന്നതിന് കാരണമാകാം എന്ന് സുപ്രീം കോടതിയിലെ വാദത്തിനിടെ ഹർജിക്കാർക്കു വേണ്ടി ഹാജരായ നിരവധി അഭിഭാഷകർ വാദിച്ചിരുന്നു.

Also read : ഹിജാബ് കേസിൽ ഭിന്നവിധിയിൽ സുപ്രീംകോടതി പ്രതിപാദിച്ചത് 1985ലെ ബിജോയ് ഇമ്മാനുവല്‍ കേസ്

സ്കൂളുകളിലും കോളേജുകളിലും തുല്യത, ഏകത, പൊതു മര്യാദ എന്നിവ ലംഘിക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് തടഞ്ഞുകൊണ്ട് സംസ്ഥാന സർക്കാർ ഫെബ്രുവരി 5-ന് ഇറക്കിയ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പോലും കോടതിയിൽ വാദം നടന്നിരുന്നു. വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻ്റെ പരിഗണനയ്ക്ക് വിടണമെന്ന് ചില അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിവാദത്തിന് തുടക്കം കുറിച്ച കർണ്ണാടക സർക്കാരിൻ്റെ ഉത്തരവ് ഒരു പ്രത്യേക മതത്തെ ഉദ്ദേശിച്ചുള്ളതല്ല എന്നാണ് സർക്കാരിനു വേണ്ടി ഹാജരായ കൗൺസൽ വാദിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാനുള്ള അനുമതിക്കായി നടന്ന പ്രക്ഷോഭം ഏതാനും വ്യക്തികളുടെ സ്വാഭാവികമായ നടപടി ആയിരുന്നില്ല എന്ന് വാദിച്ച സർക്കാർ കൗൺസിൽ, സർക്കാർ ആ രീതിയിൽ പ്രവർത്തിച്ചിരുന്നില്ലെങ്കിൽ ഭരണഘടനാപരമായ ചുമതല നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തിയതിൻ്റെ കുറ്റം സർക്കാരിന് ഉണ്ടാകുമായിരുന്നു എന്നും പറഞ്ഞു.
Published by:Amal Surendran
First published: