• HOME
 • »
 • NEWS
 • »
 • india
 • »
 • Hijab Row | ഹിജാബ് വിവാദം; ഹര്‍ജി നല്‍കിയ വിദ്യാര്‍ഥികള്‍ക്കെതിരെ അന്വേഷണവുമായി കര്‍ണാടക സര്‍ക്കാര്‍

Hijab Row | ഹിജാബ് വിവാദം; ഹര്‍ജി നല്‍കിയ വിദ്യാര്‍ഥികള്‍ക്കെതിരെ അന്വേഷണവുമായി കര്‍ണാടക സര്‍ക്കാര്‍

ഉഡുപ്പിയിലെ സർക്കാർ വനിതാ പി.യു. കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ തടഞ്ഞതാണ് വിവാദമായത്

ഹിജാബ് വിവാദം

ഹിജാബ് വിവാദം

 • Share this:
  ക്ലാസ് മുറിയില്‍ ഹിജാബ് (Hijab) ധരിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ വിദ്യാര്‍ഥികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍ (Karnataka Government). ഉടുപ്പി സര്‍ക്കാര്‍ പിയു കോളജിലെ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കാന്‍ കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പോലീസിന് നിര്‍ദേശം നല്‍കി. ബിജെപി എം.എല്‍.എ രഘുപതി ഭട്ട് ഇക്കാര്യം ന്യൂസ് 18നോട് സ്ഥിരീകരിച്ചിട്ടുണ്ട്.

  പെൺകുട്ടികൾ ഏതെങ്കിലും പ്രത്യേക മീറ്റിംഗുകളില്‍ പങ്കെടുത്തിരുന്നോ എന്ന് അന്വേഷിക്കും, അവരുടെ കോൾ റെക്കോർഡുകളും  മറ്റും പരിശോധനയക്ക്  വിധേയമാക്കുമെന്നും എംഎൽഎ പറഞ്ഞു. ഏതെങ്കിലും അന്താരാഷ്ട്ര അല്ലെങ്കിൽ തീവ്രവാദ സംഘടനകളുമായി പെൺകുട്ടികള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടത് പ്രധാനപ്പെട്ടതാണെന്നും രഘുപതി ഭട്ട് പറഞ്ഞു.

  ഹിജാബ് വിവാദത്തിന് രാഷ്ടീയ മുഖം വന്നതോടെ ഹര്‍ജി പരിഗണിക്കുന്ന കര്‍ണാടക ഹൈക്കോടതിയിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ. ചൊവ്വാഴ്ചയാണ് ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉടുപ്പി പിയു കോളേജിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കുന്നത്.

  ഉഡുപ്പിയിലെ സർക്കാർ വനിതാ പി.യു. കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ തടഞ്ഞതാണ് വിവാദമായത്. വിദ്യാർഥിനികളെ അനുകൂലിച്ച്‌ രാഹുല്‍ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കളും ശശി തരൂർ എം.പി. ഉൾപ്പെടെയുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.

  എന്നാൽ, യൂണിഫോം നിയമം നിലനിൽക്കേ ഹിജാബ് ധരിച്ചെത്താൻ അനുവദിക്കില്ലെന്നാണ് കര്‍ണാടക സർക്കാരിന്റെ നിലപാട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, പ്രത്യേകിച്ച് തീരദേശ കർണാടകയിൽ, ഹിജാബ് ധരിച്ച ചില മുസ്ലീം പെൺകുട്ടികളെ ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കാത്തതും കാവി ഷാളുകൾ ധരിച്ച് പ്രതികരിക്കുന്ന ഹിന്ദു ആൺകുട്ടികളെ ക്ലാസുകളിൽ നിന്ന് വിലക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

  ബെലഗാവിയിലെ രാംദുർഗ് പിയു കോളേജിലും ഹാസൻ, ചിക്കമംഗളൂരു, ശിവമോഗ എന്നിവിടങ്ങളിലെ കോളേജുകളിലും സമാനമായ രീതിയിൽ വിദ്യാർത്ഥികൾ ഹിജാബ് അല്ലെങ്കിൽ കാവി ഷാൾ ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിയ സംഭവങ്ങളും മൈസൂരിലും കലബുറഗിയിലും ഒരു കൂട്ടം പെൺകുട്ടികൾ കാവി ഷാള്‍ ധരിച്ച് പ്രകടനം നടത്തിയതും വലിയ വാര്‍ത്തയായിരുന്നു.

  അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് രംഗത്തെത്തി. യൂണിഫോം ചട്ടങ്ങള്‍ പാലിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കണം. സൈന്യത്തില്‍ നിലവിലുള്ളതു പോലെ ഇത്തരം കാര്യങ്ങളില്‍ ചട്ടം പാലിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാകണം, ഇതിന് കഴിയാത്തവര്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി പാര്‍ട്ടികള്‍ ഉപയോഗിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

  കുന്ദാപുരയിലെ പി.യു. കോളേജിൽ ഹിജാബ് വിവാദത്തിനുപിന്നാലെ കാവിഷാൾ അണിഞ്ഞെത്തിയ വിദ്യാർഥികളെയും ക്ലാസിൽ കയറാൻ അനുവദിച്ചിരുന്നില്ല. അതിനിടെ, ഹൈക്കോടതിവിധി വരുന്നതുവരെ വിദ്യാഭ്യാസസ്ഥാപനങ്ങൾ നിലവിലുള്ള യൂണിഫോംനിയമം നടപ്പാക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർദേശം നൽകി.

  വിവാദം കനത്തതോടെ കുന്ദാപുര പി.യു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് പ്രത്യേകം ക്ലാസ് മുറിയാണ് അനുവദിച്ചിരിക്കുന്നത്.  Summary: Students wearing hijab were allowed entry into the campus of Government PU College, Kundapura but they will be seated in separate classrooms. Latest visuals from the campus
  Published by:Arun krishna
  First published: