• HOME
 • »
 • NEWS
 • »
 • india
 • »
 • Hijab Row | ഹിജാബ് വിവാദത്തില്‍ ഹൈക്കോടതി വിധി ഇന്ന് ; ബെംഗളൂരുവില്‍ 144 പ്രഖ്യാപിച്ചു

Hijab Row | ഹിജാബ് വിവാദത്തില്‍ ഹൈക്കോടതി വിധി ഇന്ന് ; ബെംഗളൂരുവില്‍ 144 പ്രഖ്യാപിച്ചു

ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടികാട്ടിയിരുന്നു

 • Share this:
  ഹിജാബ് വിവാദത്തില്‍ (Hijab Row) വാദം പൂര്‍ത്തിയായതോടെ കേസില്‍ കര്‍ണാടക ഹൈക്കോടതി (High court of Karnataka) ഇന്ന് വിധി പറയും. ഉഡുപ്പി പ്രി-യൂണിവേഴ്‌സിറ്റി കോളേജിലെ ഒരു വിഭാഗം പെൺകുട്ടികൾ ക്യാമ്പസില്‍ ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു, ഇതിന് എതിരെ മറ്റ് ചില വിദ്യാർത്ഥികൾ കാവി ഷാൾ ധരിച്ച് എത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു.

  കര്‍ണാടക ഹൈക്കോടതി (Karnataka high court) ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചാണ് വിധി പറയുക. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

  ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തില്‍ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദം. പതിനൊന്ന് ദിവസം കോടതി കേസില്‍ വാദം കേട്ടിരുന്നു. ഹിജാബ് വിഷയത്തില്‍ ഇടനിലക്കാരെ പോലെ ഇടപെടാനാകില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങളാണ് പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

  അതേസമയം, കേസില്‍ വിധി വരുന്ന സാഹചര്യത്തില്‍ ബെംഗളൂരു നഗരത്തില്‍ അടക്കം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ചയോളം ഈ നിയന്ത്രണം തുടരും. നഗരത്തിലുടനീളം പതിനായിരത്തിലധികം പോലീസുകാരെ വിന്യസിക്കും, അധിക റിസർവ് പോലീസ് സേനയും സിറ്റി ആംഡ് റിസർവ് സേനയും ഡ്യൂട്ടിയിലുണ്ടാകുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

  വിജയപുരയിൽ, സ്‌കൂളുകൾ, പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകൾ, ഡിഗ്രി കോളേജുകൾ അല്ലെങ്കിൽ സമാനമായ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ ഏതെങ്കിലും തരത്തിലുള്ള ഒത്തുചേരലും പ്രക്ഷോഭവും പ്രതിഷേധവും നിരോധിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡയില്‍  എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

  എക്‌സ്‌റ്റേണൽ പരീക്ഷകൾ ഷെഡ്യൂൾ പ്രകാരം നടക്കുമെങ്കിലും എല്ലാ സ്‌കൂളുകളുടെയും കോളേജുകളുടെയും ഇന്റേണൽ പരീക്ഷകൾ മാറ്റിവെക്കുമെന്നും കളക്ടര്‍ രാജേന്ദ്ര കെ.വി  പറഞ്ഞു. കല്‍ബുര്‍ഗി,ഉഡുപ്പി, ശിവമോഗ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹാസൻ, ചിക്കബെല്ലാപുര, കോലാർ, ധാർവാഡ്, ദാവൻഗെരെ എന്നിവിടങ്ങളിലും നിരോധനാജ്ഞ നിലവിലുണ്ടാകും.

  ഹിജാബ് വിവാദത്തെ അനുകൂലിച്ചും പ്രതികൂലിച്ചും മത രാഷ്ട്രീയ സംഘടനകള്‍ എത്തിയതോടെ സംസ്ഥാനത്തുടനീളമുള്ള ഹിജാബ് അനുകൂലികളും വലതുപക്ഷ സംഘടനകളും തമ്മിൽ അക്രമ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഫെബ്രുവരിയിൽ ബിജെപി നേതൃത്വത്തിലുള്ള കർണാടക സർക്കാർ സ്കൂളുകൾ ഏതാനും ദിവസത്തേക്ക് അടച്ചിടാൻ ഉത്തരവിട്ടിരുന്നു.

  ക്ലാസ് മുറിയിൽ  ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി സ്വദേശികളായ പെൺകുട്ടികൾ സമർപ്പിച്ച ഹർജിയിൽ ഫെബ്രുവരി 9നാണ് ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങിയ ഹൈക്കോടതി ഫുൾ ബെഞ്ച് രൂപീകരിച്ചത്.
  Published by:Arun krishna
  First published: