പഞ്ചാബില്‍ (Punjab) ഗോതമ്പ് പാടങ്ങളിൽ നിന്നുള്ള വൈക്കോലിന്റെ (Wheat Straw) വില വര്‍ധിച്ചു. കിലോയ്ക്ക് 3 മുതല്‍ 4 രൂപ വരെയായിരുന്ന വൈക്കോലിന്റെ വില രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ആവശ്യക്കാര്‍ ഏറിയതിനെ തുടർന്ന് 10 മുതല്‍ 12 രൂപ വരെയായാണ് വർദ്ധിച്ചത്.
അയല്‍ സംസ്ഥാനങ്ങളില്‍ കിലോയ്ക്ക് 14 മുതല്‍ 16 രൂപ വരെയാണ് വില. ഈ വില വര്‍ധനവ് വൈക്കോല്‍ സംഭരിക്കാന്‍ കര്‍ഷകരെ (Farmers) പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, വൈക്കോല്‍ കൂടുതലായി സംഭരിക്കുന്നതോടെ ഗോതമ്പ് പാടങ്ങളിൽ തീയിടുന്ന സംഭവങ്ങൾ കുറയുമെന്നും കര്‍ഷകരുടെയും ദിവസ വേതനക്കാരുടെയും ലാഭം വര്‍ദ്ധിക്കുമെന്നും കൃഷി വകുപ്പിലെ വിദഗ്ധര്‍ പറയുന്നു.
''വടക്ക്-പടിഞ്ഞാറന്‍ ഇന്ത്യയില്‍ വര്‍ഷം മുഴുവനും കാലിത്തീറ്റയോടൊപ്പം ചേർത്തോ അല്ലാതെയോ വൈക്കോലാണ് പ്രധാനമായും മൃഗങ്ങൾക്ക് ഭക്ഷണമായി നൽകാറുള്ളത്. അതിനാല്‍, വൈക്കോലിന്റെ വില വര്‍ധനവ് അത് സംഭരിക്കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കും'', മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ രാജീവ് ഛബ്ര പറഞ്ഞു.
നഗരപ്രദേശങ്ങളിലെ ഗോശാലകള്‍ പ്രധാനമായും ഗോതമ്പ് പാടങ്ങളിൽ നിന്നുള്ള വൈക്കോലിനെയാണ് ആശ്രയിക്കുന്നത്. മഴ കൊള്ളാതെ സംരക്ഷിച്ചാൽ തുറസ്സായ സ്ഥലത്ത് പോലും ഇത് സൂക്ഷിക്കാമെന്നതാണ് കാരണം.
വൈക്കോല്‍ കൂട്ടിയിട്ട് കത്തിച്ചതിന്റെ പേരില്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കെതിരെ ചുമത്തിയ പോലീസ് കേസുകള്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ വര്‍ഷം അന്നത്തെ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ഛന്നി പറഞ്ഞിരുന്നു. 32 കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഈ പ്രഖ്യാപനം.
വൈക്കോല്‍ കത്തിക്കുന്നത് തടയേണ്ടതുണ്ട്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയും സ്വീകരിക്കും. എന്നാല്‍ വൈക്കോല്‍ കത്തിക്കുന്നതിന്റെ പേരില്‍ ഇതുവരെ കര്‍ഷകര്‍ക്കെതിരെ ചുമത്തിയ എല്ലാ കേസുകളും പിന്‍വലിക്കുകയാണ്. ഇനി മുതല്‍ വൈക്കോലോ കാര്‍ഷിക അവശിഷ്ടങ്ങളോ കൂട്ടിയിട്ട് കത്തിക്കരുതെന്ന് കര്‍ഷകരോട് അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകൾ പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഡല്‍ഹിയിലും പരിസരത്തും രൂക്ഷമായ വായുമലിനീകരണത്തിന് വൈക്കോല്‍ കത്തിക്കുന്നത് കാരണമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
MBBS in Hindi | ഹിന്ദിയില്‍ എംബിബിഎസ് കോഴ്സുമായി മധ്യപ്രദേശ്; ഇത്തരത്തിലെ ആദ്യ സംസ്ഥാനം
ഹരിയാനയില്‍ വൈക്കോല്‍ കത്തിച്ചതിന് 2,943 കര്‍ഷകര്‍ക്കെതിരെ പൊലീസ് പരാതികളോ കേസുകളോ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കൃഷിമന്ത്രി മന്ത്രി ജെ.പി.ദയാല്‍ പറഞ്ഞിരുന്നു. 2019 മുതല്‍ 2021 വരെയുള്ള കണക്കാണിത്. 2019ലും 2020ലുമായി 736 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 2021ല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൃഷിമന്ത്രി വ്യക്തമാക്കി. കേസുകളില്‍ 2019ല്‍ 37 ലക്ഷം രൂപയും 2020ല്‍ ഒരു കോടിയിലധികം രൂപയും 2021ല്‍ 82 ലക്ഷം രൂപയും പിഴ ചുമത്തിയതായും മന്ത്രി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.