• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV

ഹിമ ദാസ്... ഹിമാലയത്തോളം ഉയരെ...


Updated: July 14, 2018, 3:55 PM IST
ഹിമ ദാസ്... ഹിമാലയത്തോളം ഉയരെ...

Updated: July 14, 2018, 3:55 PM IST
ഫിൻലാന്റിലെ താംപെരെയിൽ‌ ഇന്ത്യൻ ദേശീയഗാനം ഉയർന്നുകേട്ട സുവർണ നിമിഷം. ത്രിവർണ പതാക വാനിൽ പാറി പറന്ന ആ സുന്ദര നിമിഷത്തിൽ ഹിമാ ദാസിന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ തുള്ളികൾ ഇറ്റുവീഴുകയായിരുന്നു. സ്വർണമെഡലണിഞ്ഞ അസമീസ് യുവതി രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ആ കാഴ്ച നൽകിയ ആനന്ദത്തെ കുറിച്ച് പ്രധാനമന്ത്രി പോലും വാചാലനായി.

ഹിമാ ദാസ്, ഇന്ത്യൻ കായികലോകത്ത് ഏറെ നാൾ മുഴങ്ങി കേൾക്കേണ്ട പേരാണിത്. ഹിമാലയത്തെക്കാൾ ഉയരെ, അതിനെക്കാൾ വേഗത്തിൽ കായികപ്രേമികളുടെ ഹൃദയത്തിലേക്ക് ഓടിക്കയറുകയാണ് ഈ പതിനെട്ടുകാരി ചെയ്ത‌ത്. അണ്ടർ 20 ലോക അത്ലറ്റിക് മീറ്റിൽ 400 മീറ്റർ പോരാട്ടത്തിൽ പിന്നിൽ നിന്ന് പൊരുതിക്കയറി ഒന്നാമതായി ഓടിയെത്തിയ ഹിമ കുറിച്ചത് പുത്തൻ ചരിത്രം. അ​വ​സാന നൂ​റ് മീ​റ്റ​റി​ലേ​ക്ക് ക​ട​ക്കു​മ്പോൾ നാ​ലാം സ്ഥാ​ന​ത്ത്. അവിടെ നിന്നായിരുന്നു ആ വിസ്മയ കുതിപ്പ്. 51.46 സെക്കന്റുകൊണ്ട് മ​റ്റു താ​ര​ങ്ങ​ളെ പി​ന്ത​ള്ളി ഒ​ന്നാ​മ​താ​യി ഫി​നി​ഷ് ലൈൻ ക​ട​ന്നപ്പോൾ ലോക ചാമ്പ്യൻഷിപ്പിൽ ട്രാക്കിനത്തിൽ ഒരിന്ത്യൻ താരത്തിന്റെ ആദ്യ സ്വർണ നേട്ടമാണ് ഹിമ സ്വന്തമാക്കിയത്. ഒപ്പം കോടിക്കണക്കിന് ഇന്ത്യൻ ഹൃദയങ്ങളെയും.
Loading...
ഗുവാഹത്തിയിൽനിന്ന് 140 കിലോമീറ്റർ മാറി നവ്ഗാവ് ജില്ലയിലെ കന്ദുലിമാരിയെന്ന കുഗ്രാമമാണ് ഹിമയുടെ സ്വദേശം. ചെറുകിട കർഷകകുടുംബം. നെൽകർഷകരായ അച്ഛൻ രഞ്ജിത് ദാസ്, അമ്മ ജൊമാലി. അഞ്ചുകുട്ടികളിൽ ഇളയവളായാണ് ഹിമ വളർന്നത്. നെൽകൃഷിയിൽനിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ട് കുടുംബം പുലർത്തിയിരുന്ന രഞ്ജിത്തും ജൊമാലിയും മകളിലെ കായികപ്രതിഭയെ കണ്ടെത്തി പരിശീലനത്തിനും മറ്റും അയക്കാൻ ശേഷിയുള്ളവരായിരുന്നില്ല. കുഞ്ഞു ഹിമക്ക് പ്രിയം ഫുട്ബോളിനോടായിരുന്നു.ഇന്ത്യൻ അത്ലറ്റിക്സിന് പുതിയ പ്രതിഭയെ സമ്മാനിച്ചതിന് പിന്നിൽ ഷംസുൾ ഷെയ്ഖ് എന്ന കായികാധ്യാപകനാണ്. ഗ്രാമത്തിലെ നെൽപാടങ്ങളിൽ ആൺകുട്ടികൾക്കൊപ്പം പന്ത് തട്ടി നടന്ന ഹിമയുടെ അതിവേഗമാണ് അദ്ദേഹം ശ്രദ്ധിച്ചത്. ഫുട്ബോളിന് പിറകെ പാഞ്ഞ ഹിമയെ ഷംസുൾ അത്ലറ്റിക്സിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.

2016 സെപ്തംബറിൽ അസമിലെ ശിവസാഗറിൽ അന്തർജില്ലാ അത്ലറ്റിക് മീറ്റിലാണ് ഹിമയുടെ ആദ്യ ശ്രദ്ധേയപ്രകടനം. 100, 200 മീറ്ററുകളിൽ സ്വർണം നേടിയ ഹിമയെ നിപുൺ ദാസെന്ന യുവ പരിശീലകൻ ശ്രദ്ധിച്ചു. ട്രാക്കിലിറങ്ങി അധികമായിട്ടില്ലെന്നും വിദഗ്ധ പരിശീലനം ലഭിച്ചിട്ടില്ലെന്നും മനസിലാക്കിയ നിപുൺ ഹിമയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ചു. മകൾ വലിയൊരു അത്ലറ്റാകുമെന്നും വിദഗ്ധപരിശീലനത്തിനായി തനിക്കൊപ്പം ഗുവാഹത്തിയിലേക്ക് അയക്കണമെന്നുമായിരുന്നു അഭ്യർത്ഥന. ആദ്യം അവർ എതിർത്തു. ഏറെ നിർബന്ധം പിടിച്ചപ്പോൾ കുടുംബം വഴങ്ങി. പിന്നീടെല്ലാം സ്വപ്നവേഗത്തിലായിരുന്നു.2017 മേയിൽ ഡൽഹിയിൽ ഇന്ത്യൻ ഗ്രാൻപ്രിയിൽ 100 മീറ്ററിൽ അഞ്ചാം സ്ഥാനത്തോടെയാണ് ദേശീയതലത്തിൽ തുടക്കം. ചെന്നൈയിൽ അതേവർഷം സെപ്തംബറിൽ നടന്ന ഇന്ത്യൻ ഓപ്പണിൽ 200 മീറ്ററിൽ ഒന്നാമതെത്തി ഹിമ എല്ലാവരെയും ഞെട്ടിച്ചു. വൈകാതെ ഇന്ത്യൻ ക്യാമ്പിലെത്തിയ ഹിമയെ ദേശീയ പരിശീലകർ 400 മീറ്ററിലേക്ക് വഴിമാറ്റി. കഴിഞ്ഞ മാർച്ചിൽ പട്യാലയിൽ ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക്സിൽ 400 മീറ്റർ ഓടിയ ഹിമ, പൂവമ്മ അടക്കമുള്ള പരിചയസമ്പന്നരെ പിന്നിലാക്കി സ്വർണം നേടി. ഒപ്പം ഗോൾഡ്കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിലേക്കുള്ള ടിക്കറ്റും. ഗോൾഡ്കോസ്റ്റിൽ ആറാമതായി ഫിനിഷ്ചെയ്ത ഹിമ 51.32 എന്ന മികച്ച സമയം നേടി. കഴിഞ്ഞമാസം ഗുഹാഹത്തിയിൽ നടന്ന ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ കുറിച്ച 51.13 ആണ് 400 മീറ്ററിലെ ഹിമയുടെ മികച്ച സമയം.

'എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ഞാൻ ലോക ജൂനിയർ ചാമ്പ്യനായെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. തീർത്തും ദരിദ്രമായ സാഹചര്യത്തിൽ നിന്ന് എന്നെ ഇവിടെ വരെയെത്തിക്കാൻ എന്റെ കുടുംബം ഒരുപാട് പാടുപെട്ടു. പക്ഷേ ദൈവം ഞങ്ങളെ കൈവിട്ടില്ല. എന്റെ നേട്ടത്തിന് കാരണക്കാരായ പരിശീലകരോടും പ്രോത്സാഹിപ്പിച്ച പ്രിയപ്പെട്ടവരോടും നന്ദി'- ചരിത്രനേട്ടത്തിന് ശേഷം ഹിമയുടെ വാക്കുകളാണ് ഇവ. സുവർണ നിമിഷത്തിൽ അവൾ ആദ്യം ഫോൺ ചെയ്തത് നാട്ടിലുള്ള തന്റെ രണ്ടാമത്തെ പരിശീലകനായ നബജിത് മാലകറിനെയാണ്. സംസാരിക്കാൻ കഴിയാതെ വിതുമ്പുകയായിരുന്നു ഹിമ.അതിവേഗത്തിൽ ഉദിച്ചുയർന്ന അത്ലറ്റിക്സ് താരം മാത്രമല്ല ഹിമദാസ്. അനീതി കണ്ടാൽ മുഖത്ത് നോക്കി പറയാനും മിടുക്കി. തന്റെ ഗ്രാമത്തിലെ അനധികൃത മദ്യവിൽപനശാലകൾ പൂട്ടിക്കെട്ടുന്നതിലും മുൻപന്തിയിലുണ്ടായിരുന്നു ഹിമയുടെ പോരാട്ടവീര്യം. ഇതു തുടക്കം മാത്രമാണ്. ഹിമ ഓട്ടം തുടങ്ങിയിട്ടേയുള്ളൂ. സെക്കന്റുകളുടെ വേഗം കൂടി കൈവരിക്കാനായാൽ ലോകവേദികളിൽ ഈ പേര് ഇനിയും ഏറെ ഉച്ചത്തിൽ മുഴങ്ങും.
First published: July 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...