ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപിക്കാതിരിക്കാൻ ഗോമൂത്ര സത്കാരം നടത്താനൊരുങ്ങി ഹിന്ദുമഹാസഭ. ടീ പാർട്ടികളൊക്കെ സംഘടിപ്പിക്കുന്നത് പോലെ ചാണക-ഗോമൂത്ര പാർട്ടികൾ സംഘടിപ്പിക്കുമെന്നാണ് ഹിന്ദു മഹാസഭ പ്രസിഡന്റ് ചക്രപാണി മഹരാജ് അറിയിച്ചിരിക്കുന്നത്.
രാജ്യത്ത് കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ചക്രപാണി വിചിത്ര തീരുമാനവുമായി എത്തിയിരിക്കുന്നത്, ഇതാദ്യമായല്ല ഹൈന്ദവ സഭാ നേതാവ് കൊറോണയ്ക്ക് പ്രതിവിധി വിശദീകരിക്കുന്നത്. നേരത്തെ 'പശുവിന്റെ മൂത്രവും ചാണകവും കഴിക്കുന്നത് ഭയാനകമായ കൊറോണ വൈറസിന്റെ പ്രഭാവം ഇല്ലാതാക്കും. ഓം നമഃശിവായ എന്ന് ഉരുവിട്ടു കൊണ്ട് ചാണകം ദേഹത്ത് പൂശുന്ന ആളുകളൊക്കെ രക്ഷപ്പെടും എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് തുടർച്ചയായാണ് ഗോമൂത്ര-ചാണക പാർട്ടി തന്നെ നടത്താനൊരുങ്ങുന്നത്. 'ചാണകം, ഗോമൂത്രം,മറ്റ് ഗോ ഉത്പ്പന്നങ്ങൾ എന്നിവയൊക്കെ കൊറോണ ഇല്ലാതാക്കാൻ സഹായിക്കുമെന്നത് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ഒരു അവബോധം സൃഷ്ടിക്കേണ്ട ആവശ്യമുണ്ട്.. ടീ പാർട്ടികളൊക്കെ സംഘടിപ്പിക്കുന്നത് പോലെ ഒരു ഗോമൂത്ര പാർട്ടി സംഘടിപ്പിക്കാനാണ് ഞങ്ങളുടെ തീരുമാനം. ഈ ചടങ്ങിൽ ഗോമൂത്രത്തിനായി പ്രത്യേക കൗണ്ടറുകൾ ഉണ്ടാകും. അവിടെ നിന്ന് ആളുകൾക്ക് അത് കുടിക്കാം. അതുപോലെ തന്നെ ചാണക വരളി (ഉണങ്ങിയ ചാണകം), ചാണകം കൊണ്ടുണ്ടാക്കിയ അഗര്‍ബത്തി എന്നിവയും ഉണ്ടാകും. ഇതൊക്കെ വൈറസിനെ നശിപ്പിക്കും..' ഒരു ദേശീയമാധ്യമത്തോട് ചക്രപാണി പറഞ്ഞു.
ഡൽഹിയിലെ ഹിന്ദുമഹാസഭ ഭവനിലാകും ആദ്യം ഗോമൂത്ര സത്ക്കാര ചടങ്ങ് സംഘടിപ്പിക്കുക. പിന്നീട് രാജ്യമെമ്പാടും സമാന ചടങ്ങുകൾ സംഘടിപ്പിക്കും. കൊറോണയെ ഇല്ലായ്മ ചെയ്യാനുള്ള ഈ ദൗത്യത്തില്‍ പങ്കാളികളാകാൻ രാജ്യത്തെ വിവിധ ഗോശാലകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഹിന്ദുമഹാസഭാ നേതാവ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.