• HOME
  • »
  • NEWS
  • »
  • india
  • »
  • പൊട്ടു തൊടാത്ത മാധ്യമപ്രവർത്തകയോട് സംസാരിക്കാൻ വിസമ്മതിച്ചു; ഹിന്ദു സംഘടനാ നേതാവ് വിവാദത്തിൽ

പൊട്ടു തൊടാത്ത മാധ്യമപ്രവർത്തകയോട് സംസാരിക്കാൻ വിസമ്മതിച്ചു; ഹിന്ദു സംഘടനാ നേതാവ് വിവാദത്തിൽ

സ്ത്രീകൾ ഭാരതാംബക്ക് തുല്യരാണെന്നും അവർ നെറ്റിയിൽ പൊട്ടു തൊടാതെ ഒരു വിധവയെപ്പോലെ പ്രത്യക്ഷപ്പെടരുതെന്നും മാധ്യമപ്രവർത്തകയോട് സംഭാജി ഭിഡെ പറഞ്ഞിരുന്നു,

  • Share this:
നെറ്റിയിൽ പൊട്ടു തൊട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകയോ‍ട് സംസാരിക്കാൻ വിസമ്മതിച്ച് ഹിന്ദു സംഘടനാ നേതാവ് സംഭാജി ഭിഡെ. സംഭവം വിവാദമായതിനു പിന്നാലെ സംസ്ഥാന വനിതാ കമ്മീഷൻ ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഭിഡെക്ക് നോട്ടീസ് അയച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്ത ഷിൻഡെയുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ചുള്ള വിശദാംശങ്ങൾ അറിയാനെത്തിയതായിരുന്നു മാധ്യമപ്രവർത്തക. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സ്ത്രീകൾ ഭാരതാംബക്ക് തുല്യരാണെന്നും അവർ നെറ്റിയിൽ പൊട്ടു തൊടാതെ ഒരു വിധവയെപ്പോലെ പ്രത്യക്ഷപ്പെടരുതെന്നും ഭിഡെ മാധ്യമപ്രവർത്തകയോട് പറയുന്നത് വീഡിയോയിൽ കേൾക്കാം.മഹാരാഷ്ട്രയിലെ വനിതാ കമ്മീഷൻ അധ്യക്ഷ രൂപാലി ചക്കങ്കർ ഭിഡെയുടെ പരാമർശത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.

Also Read-ചെങ്കോട്ട ഭീകരാക്രമണക്കേസ് പ്രതിയുടെ വധശിക്ഷ ശരിവച്ച് സുപ്രീം കോടതി; തീവ്രവാദി മുഹമ്മദ് ആരിഫിന്റെ ഹർജി തള്ളി

"ഒരു വനിതാ മാധ്യമപ്രവർത്തകയുടെ നെറ്റിയിൽ പൊട്ടില്ലാത്തതിനാൽ നിങ്ങൾ അവളോട് സംസാരിക്കാൻ വിസമ്മതിച്ചു. ഒരു സ്ത്രീ അവൾ ചെയ്യുന്ന ജോലിയുടെ പേരിൽ കൂടിയാണ് അറിയപ്പെടുന്നത്. നിങ്ങളുടെ പ്രസ്താവന സ്ത്രീകളുടെ അഭിമാനത്തെയും സാമൂഹത്തിലുള്ള അന്തസിനെയും വിലകുറച്ച് കാണുന്നതാണ് ", വനിതാ കമ്മീഷൻ പറഞ്ഞു.

"പൊട്ടു തൊടണോ വേണ്ടയോ എന്നുള്ളതും എപ്പോൾ തൊടണം എന്നുള്ളതും തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്. ഞാൻ ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്," എന്നാണ് സംഭവത്തെക്കുറിച്ച് മാധ്യമപ്രവർത്തക ട്വീറ്റ് ചെയ്തത്.

തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ച് കുട്ടികളില്ലാത്ത ദമ്പതികൾക്ക് മക്കൾ ഉണ്ടായെന്ന ഭിഡെയുടെ പ്രസ്താവനയും മുൻപ് വിവാദമായിരുന്നു. 2018 ലായിരുന്നു വിവാദപ്രസ്താവന നടത്തിയത്. നാസികിലെ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചപ്പോഴായിരുന്നു ഭിഡെയുടെ വിവാദമായ പ്രസംഗം. മാങ്ങകള്‍ക്ക് വലിയ ശക്തിയുണ്ട്. അവ പോഷകസമൃദ്ധവും ഊർജ്ജദായകവുമാണെന്നും ഭിഡെ പറഞ്ഞിരുന്നു.

Also Read-യുവമോർച്ച നേതാവിന്റെ കൊല: പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 14 ലക്ഷം പ്രതിഫലം പ്രഖ്യാപിച്ച് NIA

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർത്തകളുടെ പേരിൽ മാധ്യമസ്ഥാപനങ്ങളെയും മാധ്യമപ്രവർത്തകരെയും അവഹേളിക്കുന്നതിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് മുൻപ് രം​ഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെയും വിശകലനങ്ങളുടെയും പേരിലാണ് മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും അധിക്ഷേപിക്കുന്നതെന്നും എഡിറ്റേഴ്സ് ഗിൽഡ് ചൂണ്ടിക്കാട്ടിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലുടെയും അല്ലാതെയുമാണ് സ്ത്രീകൾ ഉൾപ്പടെയുള്ള മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണങ്ങൾ നടക്കുന്നത്. ഇതിനെ ശക്തമായി അപലപിക്കുന്നതായി എഡിറ്റേഴ്സ് ഗിൽഡ് പുറത്തിറക്കിയ പത്രകുറിപ്പിൽ പറഞ്ഞിരുന്നു. മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും അവഹേളിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം രാജ്യവ്യാപകമായി കശ്മീരി സ്വദേശികൾ ആക്രമിക്കപ്പെട്ടിരുന്നു. ഈ സംഭവത്തിൽ മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്ത് ഉൾപ്പടെയുള്ളവർ മാധ്യമപ്രവർത്തകർക്ക് പിന്തുണ രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇവർക്കെതിരെ സമൂഹമാധ്യമങ്ങളിലുടെയും മറ്റും രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് എഡിറ്റേഴ്സ് ഗിൽഡ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത്തരം നടപടികൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും എഡിറ്റേഴ്സ് ഗിൽഡ് വ്യക്തമാക്കിയിരുന്നു.

വനിതാ മാധ്യമപ്രവർത്തകരെ അടക്കം വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുന്ന സൈബർ പോരാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയനും മുൻപ് ആവശ്യപ്പെട്ടിരുന്നു.
Published by:Jayesh Krishnan
First published: