JNU കമ്മ്യൂണിസ്റ്റ് കേന്ദ്രം; ഇത്തരം കേന്ദ്രങ്ങൾ വെച്ചു പൊറുപ്പിക്കാനാകില്ല: അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദുരക്ഷാദൾ
JNU കമ്മ്യൂണിസ്റ്റ് കേന്ദ്രം; ഇത്തരം കേന്ദ്രങ്ങൾ വെച്ചു പൊറുപ്പിക്കാനാകില്ല: അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദുരക്ഷാദൾ
ജെഎൻയുവിൽ അക്രമം നടത്തിവരിൽ രണ്ട് പേർ ആർഎസ്എസ് അനുഭാവമുള്ള വിദ്യാർഥി സംഘടനകളിൽ നിന്നുള്ളവരാണെന്ന് എബിവിപി ഡൽഹി ജോയിന്റ് സെക്രട്ടറി അനിമ സോങ്കർ നേരത്തെ തുറന്ന് സമ്മതിച്ചിരുന്നു
ന്യൂഡൽഹി: ജെഎൻയുവിൽ നടന്ന അതിക്രമങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വലതുപക്ഷ സംഘടനയായ ഹിന്ദുരക്ഷാദൾ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വഴി സംഘടനാ നേതാവ് ഭൂപേന്ദർ തോമർ (പിങ്കി ടോമർ) സര്‍വകലാശാലയിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ക്രൂരമായി മർദ്ദനമേറ്റ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.
ദേശീയ വിരുദ്ധ-ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങൾ നടക്കുന്ന ജെഎൻയുവിലേക്ക് ഞായറാഴ്ച രാത്രി ഞങ്ങളുടെ പ്രവർത്തകർ അതിക്രമിച്ചു കയറി എന്നാണ് തോമർ പറയുന്നത്. 'കമ്മ്യൂണിസ്റ്റുകളുടെ കേന്ദ്രമാണ് ജെഎൻയു.. ഇത്തരം കേന്ദ്രങ്ങള്‍ വച്ചു പൊറുപ്പിക്കാനാകില്ല.. നമ്മുടെ രാജ്യത്തെയും മതത്തെയും അധിക്ഷേപിക്കുകയാണ് അവർ ചെയ്യുന്നത്. . നമ്മുടെ മതത്തോടുള്ള അവരുടെ സമീപനം ദേശവിരുദ്ധമാണ്.. ഭാവിയില്‍ ഏതെങ്കിലും സര്‍വകലാശാലകളിൽ ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ ഇതേ നടപടി തന്നെയുണ്ടാകും' എന്നാണ് രണ്ട് മിനിറ്റ് അടുപ്പിച്ചുള്ള വീഡിയോയിൽ തോമർ പറയുന്നത്.
ജെഎന്‍യുവിലെ അക്രമ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പുറമെ മറ്റ് യൂണിവേഴ്സിറ്റികൾക്ക് മുന്നറിയിപ്പായി ഭീഷണി മുഴക്കുകയും ഇയാൾ ചെയ്യുന്നുണ്ട്. ജെഎൻയുവിൽ അക്രമം നടത്തിവരിൽ രണ്ട് പേർ ആർഎസ്എസ് അനുഭാവമുള്ള വിദ്യാർഥി സംഘടനകളിൽ നിന്നുള്ളവരാണെന്ന് എബിവിപി ഡൽഹി ജോയിന്റ് സെക്രട്ടറി അനിമ സോങ്കർ നേരത്തെ തുറന്ന് സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തോമറിന്റെ വെളിപ്പെടുത്തൽ. അതേസമയം തോമറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.