പാക് അധീന കശ്മീരിലെ ഗിൽജിത്തും ബാൾട്ടിസ്ഥാനും (Gilgit and Baltistan) തിരിച്ചുപിടിച്ചാൽ മാത്രമേ ഇന്ത്യയുടെ വികസന ദൗത്യം പൂർത്തിയാകുകയുള്ളൂ എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് (Rajnath Singh). സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ സൈനിക വിജയം ആഘോഷിക്കുന്നതിനായി നടന്ന ശൗര്യ ദിവസ് ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
എന്നാൽ എന്താണ് ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖല? ഈ പ്രദേശത്തിന്റെ ചരിത്രം എന്താണ്? അതേക്കുറിച്ച് കൂടുതലായി അറിയാം.
ജമ്മു കശ്മീരിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ഈ പ്രദേശം ഒരിക്കൽ ജമ്മു കശ്മീർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. എന്നാൽ 1947 നവംബർ 4 ന് പാക് ഗോത്രസേനയും പാകിസ്ഥാൻ സൈന്യവും കശ്മീരിൽ അധിനിവേശം നടത്തിയപ്പോൾ ഈ പ്രദേശം അവരുടെ നിയന്ത്രണത്തിലാക്കി. ഈ മേഖലയെ പാകിസ്ഥാന്റെ വടക്കൻ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ഇവ പാക്കിസ്ഥാന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിലാവുകയും ചെയ്തു.
പാകിസ്ഥാൻ ആസാദ് കാശ്മീർ എന്ന് വിളിക്കുന്ന, പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ നിന്ന് വ്യത്യസ്തമായിരുന്നു വടക്കൻ പ്രദേശങ്ങൾ. ഈ വടക്കൻ പ്രദേശങ്ങൾ പാക് അധീന കശ്മീരിനേക്കാൾ ആറിരട്ടിയിലധികം വലിപ്പമുള്ളതാണ്. 2009 ഓഗസ്റ്റിൽ പാകിസ്ഥാൻ ഗവൺമെന്റ് ഗിൽജിത്-ബാൾട്ടിസ്ഥാൻ എംപവർമെന്റ് ആൻഡ് സെൽഫ് ഗവേണൻസ് ഓർഡർ പാസാക്കി.
ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ അട്ടിമറി
പാക് അധീന കാശ്മീരിൽ നിന്നു വ്യത്യസ്തമായി, രണ്ട് ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പാകിസ്ഥാൻ ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. 1935-ൽ ബ്രിട്ടീഷുകാർ ജമ്മു കാശ്മീർ മഹാരാജാവിൽ നിന്ന് ഗിൽജിത് ബാൾട്ടിസ്ഥാൻ 60 വർഷത്തേക്ക് പാട്ടത്തിനെടുത്തിരുന്നു. ഡൽഹി സർക്കാരിനു വേണ്ടി ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് ഈ മേഖല ഭരിച്ചിരുന്നത്. ബ്രിട്ടീഷുകാരുടെ നേതൃത്വത്തിലുള്ള സൈനിക സേനയായ ഗിൽജിത് സ്കൗട്ടിനായിരുന്നു ഈ മേഖലയുടെ സുരക്ഷാ ചുമതല.
1947 ഓഗസ്റ്റ് 1-ന് ബ്രിട്ടീഷുകാർ പാട്ടക്കരാർ അവസാനിപ്പിക്കുകയും ഈ മേഖല മഹാരാജാവിന് തിരികെ നൽകുകയും ചെയ്തു. ജമ്മു കശ്മീർ സംസ്ഥാന സേനയിലെ ബ്രിഗേഡിയർ ഘാൻസർ സിങ്ങിനെ പ്രദേശത്തിന്റെ ഗവർണറായി രാജാവ് നിയമിച്ചു. 1947 ഒക്ടോബർ 31-ന് മഹാരാജ ഹരി സിംഗിന്റെ കീഴിലുള്ള നാട്ടുരാജ്യം ഇന്ത്യൻ യൂണിയനിൽ ലയിച്ച ഉടൻ ഗിൽജിത്ത് പാകിസ്ഥാനിലേക്കു ചേർക്കാനുള്ള സാധ്യതയെക്കുറിച്ച് ഗിൽജിത് സ്‌കൗട്ട്‌സിലെ മേജർ ഡബ്ല്യു എ ബ്രൗൺ, ക്യാപ്റ്റൻ എ എസ് മത്തിസൺ എന്നിവർ പെഷവാറിലുണ്ടായിരുന്ന മുൻ ബ്രിട്ടീഷ് പൊളിറ്റിക്കൽ ഏജന്റ് ലഫ്റ്റനന്റ് കേണൽ റോജർ ബേക്കനെ അറിയിച്ചിരുന്നു.
നവംബർ 2 ന്, മേജർ ബ്രൗൺ തന്റെ ആസ്ഥാനത്ത് ഔദ്യോഗികമായി പാക്കിസ്ഥാന്റെ പതാക ഉയർത്തി. മഹാരാജാവ് ഇന്ത്യക്ക് അനുകൂലമായുള്ള നടപടി സ്വീകരിച്ചപ്പോൾ താനും മത്തിസണും പാകിസ്ഥാനുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചെന്ന് ബ്രൗൺ അറിയിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം പാക്കിസ്ഥാൻ ഈ പ്രദേശം കൈവശമാക്കി.
നിലവിലെ അവസ്ഥ
പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു തിരഞ്ഞെടുക്കപ്പെട്ട അസംബ്ലിയും ഒരു കൗൺസിലും നിലവിൽ ഈ മേഖലക്കുണ്ട്. ഈ കൗൺസിലിനാണ് ഈ പ്രദേശത്തിന്റെ വിഭവങ്ങളിലും വരുമാനത്തിലുമുള്ള പൂർണ നിയന്ത്രണം. എന്നാൽ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയെക്കുറിച്ച് പാകിസ്ഥാന്റെ ഭരണഘടനയിൽ പരാമർശമില്ല. ഈ മേഖലക്ക് സ്വതന്ത്ര പദവിയോ പ്രവിശ്യാ പദവിയോ ഇല്ല. പാക് അധീന കശ്മീരിലെന്നപോലെ, ഈ മേഖലയെക്കുറിച്ചുള്ള അവ്യക്തത ഇന്നും തുടരുകയാണ്.
ഇന്ത്യയുടെ നിലപാട്
പാകിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയ ഇന്ത്യയുടെ ഭാഗമായിട്ടാണ് ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയെ ഇന്ത്യ കണക്കാക്കുന്നത്. 1994 ലെ പാർലമെന്ററി പ്രമേയമനുസരിച്ച്, ഈ പ്രദേശം ജമ്മു കശ്മീരിന്റെ ഭാഗവും ഇന്ത്യയുടെ അവിഭാജ്യ ഘടകവുമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rajnath Singh