• HOME
 • »
 • NEWS
 • »
 • india
 • »
 • മുള പൂത്തപ്പോൾ പിറന്ന പാർട്ടി

മുള പൂത്തപ്പോൾ പിറന്ന പാർട്ടി

 • Share this:
  അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുമ്പോൾ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിൽ പാർട്ടിക്ക് തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.. തെരഞ്ഞെടുപ്പ് നടന്ന ബാക്കി സംസ്ഥാനങ്ങളിൽ ബിജെപിയെ തകർക്കാൻ കോൺഗ്രസിനായെങ്കിലും മിസോറാമിൽ എംഎൻഎഫിന് മുന്നിൽ അടിയറവ് പറയേണ്ടി വന്നു.

  40 സീറ്റുള്ള മണ്ഡലത്തിൽ 26 സീറ്റുമായി മിസോ നാഷണൽ ഫ്രന്റ് (എംഎൻഎഫ്) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മുൻപ് രണ്ട് തവണ സംസ്ഥാനം ഭരിച്ചിരുന്ന എംഎൻഎഫിന് ഇത് മികച്ചവിജയമാണ്.

  LIVE: മധ്യപ്രദേശിൽ ഇനി നിർണ്ണായകമാവുക സ്വതന്ത്ര സ്ഥാനാർത്ഥികൾ

  എന്നാൽ പ്രാദേശിക പാർട്ടിയായ എംഎൻഎഫിന്റെ രൂപീകരണത്തിനും വളർച്ചയ്ക്കും പിന്നിൽ മിസോറാം ജനത നേരിടേണ്ടി വന്ന കടുത്ത പ്രതിസന്ധികളുടെ ചരിത്രം തന്നെയുണ്ട്. കേൾക്കുമ്പോൾ രസകരം എന്നു തോന്നുമെങ്കിലും മിസോറാം ജനതയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ ബാക്കി പത്രമാണ് എംഎൻഎഫ്.

  ക്ഷാമവും പോരാട്ടവും

  1959 ൽ മിസോറാം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്ഷാമത്തിനാണ് മിസോറാം ജനത സാക്ഷ്യം വഹിച്ചത്.മിസോ ഭാഷയിൽ 'മോട്ടം'എന്ന് വിളിക്കപ്പെട്ട ആ ക്ഷാമത്തിന് കാരണമായത് എലികളായിരുന്നു. ഭൂരിഭാഗവും വനമേഖലയായ മിസോറാമിൽ ഇതിന്റെ കാൽശതമാനത്തോളം മുളങ്കാടുകളാണ്.ഈ മുളകൾ തന്നെയാണ് മിസോറാം ജനതയുടെ ഏറ്റവും വലിയ ശത്രുക്കളായതും.

  48 വർഷം കൂടുമ്പോൾ പൂവിട്ട് പിന്നീട് ഉണങ്ങി നശിക്കുന്ന ഒരു തരം മുളയുണ്ട് ഇവിടെ. ഈ മുള ഉണങ്ങിത്തുടങ്ങുമ്പോൾ അത് ഭക്ഷിക്കാനായി എലികൾ കൂട്ടത്തോടെയെത്തും. പിന്നീട് പെറ്റുപെരുകി സംസ്ഥാന ജനസംഖ്യയെക്കാൾ കൂടുതലാകും.

  എണ്ണം പെരുകുന്നതോടെ വനം വിട്ടിറങ്ങി ജനവാസമേഖല കയ്യേറുന്ന എലികൾ കൃഷിഭൂമികൾ കയ്യേറി ധാന്യങ്ങളും കിഴങ്ങു വർഗ്ഗങ്ങളും ഭക്ഷിക്കാൻ തുടങ്ങും. വീടുകൾക്കുള്ളിൽ വരെ കടന്ന് ഇവ ഭക്ഷ്യസാധനങ്ങൾ അകത്താക്കും. 1959 ലും സമാന സാഹചര്യമുണ്ടായി. ഭക്ഷ്യവസ്തുക്കളും കാർഷിക വിളകളും എലികള്‍ തിന്നു തീര്‍ത്തതോടെ ഇവിടെ കടുത്ത ക്ഷാമം ഉണ്ടായി. നിരവധി ആളുകൾ പട്ടിണി മൂലം മരിച്ചു.

  ഉൾവനങ്ങളിൽ പോയി കിഴങ്ങുകളും ഇലകളും ശേഖരിച്ച് വന്നാണ് പലരും വിശപ്പടക്കിയത്. ഇത്രയും ഗുരുതരമായ അവസ്ഥയിലൂടെ ജനങ്ങൾ കടന്നു പോയിട്ടും തിരിഞ്ഞു നോക്കാത്ത സർക്കാരിനെതിരെ കർഷകർ സംഘടിച്ചു. കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം തന്നെയാണ് ഇവർ നടത്തിയത്. മിസോ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധങ്ങൾ. പിന്നീട് മോട്ടം ഫ്രന്റ് ആയും ഒടുവില്‍ മിസോ നാഷണൽ ഫാമിൻ ഫ്രന്റ് ആയും സംഘടന ഉയർന്നു വന്നു.

  സർക്കാരിൽ നിന്നും തക്കതായ ദുരിതാശ്വാസം ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ച ഇവർ വൈകാതെ തന്നെ രാജ്യശ്രദ്ധയിലെത്തി.

  രഹസ്യനീക്കങ്ങൾ

  മോട്ടം ക്ഷാമത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കായി ആരംഭിച്ച മിസോ നാഷണൽ ഫാമിൻ ഫ്രന്റ് 1961 ആയപ്പോഴേക്കും മിസോ നാഷണൽ ഫ്രന്റ് എന്ന രാഷ്ട്രീയ പാർട്ടി ആയി മാറിയിരുന്നു. കടുത്ത ക്ഷാമത്തിലും കൈവിട്ട സർക്കാരിലുള്ള പ്രതീക്ഷകൾക്ക് മിസോറാം ജനതയ്ക്ക് അവസാനിച്ചിരുന്ന കാലം കൂടിയായിരുന്നു ഇത്. വിഘടനവാദവും സായുധ കലാപവും ഇവിടെ ഉടലെടുത്തു. സ്വതന്ത്ര്യ സംസ്ഥാനം എന്ന ആവശ്യം ശക്തമായി.
  1966 ൽ സർക്കാരിനെതിരെ എംഎന്‍എഫ് മുന്നേറ്റ ശ്രമം നടത്തിയെങ്കിലും അധികാരം പിടിച്ചെടുക്കാൻ കഴി‍ഞ്ഞില്ല. 1972 ൽ മിസോറാം കേന്ദ്രഭരണം പ്രദേശമായി.എന്നിട്ടും ഇവർ തങ്ങളുടെ ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോയില്ല. രണ്ട് പതിറ്റാണ്ടുകളോളം നീണ്ട പോരട്ടങ്ങൾക്കൊടുവിൽ 1986 ൽ മിസോറാം സംസ്ഥാനം രൂപം കൊണ്ടു.

  തെരഞ്ഞെടുപ്പും ഭരണവും

  1986 ലും 1998 ലുമായി രണ്ട് തവണയാണ് എംഎൻഎഫ് മിസോറാമിൽ അധികാരത്തിലെത്തിയത്. ആദ്യം ലാൽദെങ്കയുടെ നേതൃത്വത്തിലും(1986-1988) പിന്നീട് സോറാംതംഗയുടെ നേതൃത്വത്തിലും (1998-2008).

  2007 ലെ മോട്ടവും കോൺഗ്രസ് സർക്കാരും

  മിസോറാം ഒരു സംസ്ഥാനമായി രൂപം കൊണ്ട ശേഷം വീണ്ടും ഒരു 'മോട്ടം'കാലമെത്തി. എലിക്കെണികളും എലിവിഷവുമടക്കം സർക്കാർ നൽകി. ജനങ്ങളും പലമാര്‍ഗങ്ങളും പ്രയോഗിച്ചു. എന്നാൽ എലികൾ ക്രമാതീതമായി വര്‍ധിച്ചതോടെ കേന്ദ്ര സര്‍ക്കാർ ഇടപെട്ടു. ഒന്നാം യുപിഎ സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് എലികളെ തുരത്താൻ സേനയെത്തി. കാടുകളിലെത്തി എലികളെ കൊന്നും വിഷപ്രയോഗം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാൻ ബോധവത്കരണം നടത്തിയും അവർ ജനങ്ങൾക്കൊപ്പം നിന്നു. ഈ സേവനങ്ങൾക്ക് അടുത്ത തെരഞ്ഞെടുപ്പിലാണ് മിസോ ജനത നന്ദി പറഞ്ഞത്. തൊട്ടടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ച ഇവർ, വൻ ഭൂരിപക്ഷത്തോടെ അവരെ അധികാരത്തിലേറ്റി.

  ഇപ്പോൾ പത്ത് വർഷം കഴിഞ്ഞ് മിസോറാം ജനത എംഎൻഎഫിന് വീണ്ടും ഒരു അവസരം നൽകിയിരിക്കുകയാണ്. അതും ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ..

  First published: