• HOME
 • »
 • NEWS
 • »
 • india
 • »
 • Electric Bus | ഡൽഹിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് മണിക്കൂറുകൾക്കകം ഇലക്ട്രിക് ബസ് ബ്രേക്ക് ഡൗണായി

Electric Bus | ഡൽഹിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് മണിക്കൂറുകൾക്കകം ഇലക്ട്രിക് ബസ് ബ്രേക്ക് ഡൗണായി

അനിയന്ത്രിതമായ നിലയിൽ ചൂട് ഉയർന്നത് കാരണമാണ് ബസ് തകരാറിലായതെന്ന് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ (DTC) അധികൃതർ അറിയിച്ചു

 • Share this:
  ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ (Arvind Kejriwal) 150 ഇലക്ട്രിക് ബസുകളുടെ (Electric Bus) ഉദ്ഘാടനം നിർവഹിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഒരു ബസ് ബ്രേക്ക് ഡൗണായി. സര്‍വീസ് ആരംഭിച്ച് പാതിവഴിയിൽ രോഹിണി ഡിപ്പോയ്ക്ക് അടുത്ത് വെച്ച് ബസിന് യാത്ര അവസാനിപ്പിക്കേണ്ടി വന്നു. അനിയന്ത്രിതമായ നിലയിൽ ചൂട് ഉയർന്നത് കാരണമാണ് ബസ് തകരാറിലായതെന്ന് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ (DTC) അധികൃതർ അറിയിച്ചു.

  ഇലക്ട്രിക് ബസിന് താങ്ങാവുന്ന പരിധിയിലപ്പുറത്തേക്ക് ചൂട് വർധിച്ചതോടെയാണ് നിർത്തേണ്ടി വന്നത്. ബസിനുള്ളിൽ തന്നെയുള്ള സുരക്ഷാസംവിധാനം വഴിയാണ് നിർത്തിയതെന്നും ഡിടിസി വ്യക്തമാക്കി. ബന്ധപ്പെട്ട ആളുകളെത്തി പരിശോധന നടത്തിയ ശേഷം രണ്ട് മണിക്കൂറിനുള്ളിൽ ബസ് വീണ്ടും നിരത്തിലിറക്കുകയും ചെയ്തു. ഇത് സാങ്കേതിക പ്രശ്നം മാത്രമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

  “ഇലക്ട്രിക് ബസ് നമ്പർ 2610ന് അനിയന്ത്രിതമായ നിലയിൽ താപനില ഉയരുന്നതായി റിപ്പോർട്ട് ചെയ്തു. ഇതേ തുടർന്ന് ബസ്സിലെ സുരക്ഷാ സംവിധാനത്തിൻെറ സഹായത്തോടെ ഓട്ടോമാറ്റിക്കായി ബസ് ഓഫായി. ബസുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പരിശോധിക്കുന്ന സംഘം ഉടൻ തന്നെയെത്തി വേണ്ട നടപടികളെടുത്തു.

  Also Read- ഡ്രൈവർമാർ മാറി മാറി ശ്രമിച്ചു; 5 മണിക്കൂർ ശ്രമത്തിനൊടുവിൽ സ്വിഫ്റ്റ് ബസ് പുറത്തെടുത്തത് ഇങ്ങനെ

  രണ്ട് മണിക്കൂറിനുള്ളിൽ തന്നെ തകരാർ പരിഹരിച്ച് വീണ്ടും റോഡിലിറങ്ങുകയും ചെയ്തു,” ഡിടിസി ട്വീറ്റിലൂടെ അറിയിച്ചു. ബസുകൾ ഉദ്ഘാടനം ചെയ്ത ദിവസം തന്നെ വൈകീട്ട് നാല് മണിയോടെ രോഹിണി ഡിപ്പോ സെക്ടർ 37ന് സമീപത്ത് വെച്ചാണ് DL 516G D2610 എന്ന ബസ്സിൻെറ യാത്ര മുടങ്ങിയതെന്ന് ഡിടിസി കർമ്മചാരി യൂണിയൻ വ്യക്തമാക്കി.

  ഉദ്ഘാടന ചടങ്ങ് അവസാനിച്ചതിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും സംസ്ഥാന ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ടും ഇലക്ട്രിക് ബസിൽ ചെറിയൊരു യാത്രയും നടത്തിയിരുന്നു. ഇന്ദ്രപ്രസ്ഥ ഡിപ്പോയിൽ നിന്ന് രാജ്ഘട്ട് ഡിപ്പോ വരെയാണ് ഫ്ലാഗ് ഓഫിൻെറ ഭാഗമായി ഇരുവരും സഞ്ചരിച്ചത്. ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസം ഈ വാഹനങ്ങളിൽ യാത്രക്കാർക്ക് സൗജന്യമായി സഞ്ചരിക്കാമെന്നും അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്.

  ജനുവരിയിൽ കേജ്‌രിവാൾ രണ്ട് മുൻനിര ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. മെയ് 24 മുതൽ മെയ് 26 വരെ ഇലക്ട്രിക് ബസുകളിൽ ഡൽഹിയിലെ ജനങ്ങൾക്ക് മൂന്ന് ദിവസത്തേക്ക് സൗജന്യമായി യാത്ര ചെയ്യാം.

  ഈ ബസുകൾ പുക പുറന്തള്ളുന്നില്ല എന്ന പ്രത്യേകതയുണ്ട്. സി.സി.ടി.വി. ക്യാമറകൾ, ജി.പി.എസ്., 10 പാനിക് ബട്ടണുകൾ, ഭിന്നശേഷിക്കാർക്കുള്ള റാമ്പുകൾ തുടങ്ങിയവയുമുണ്ട്. മുണ്ടേല കലൻ, രാജ്ഘട്ട്, രോഹിണി സെക്ടർ-37 എന്നിവിടങ്ങളിലെ മൂന്ന് ഡിപ്പോകൾ പൂർണമായും വൈദ്യുതീകരിച്ച് ഈ 150 പുതിയ ബസുകൾ സ്ഥാപിക്കാൻ തയ്യാറായി കഴിഞ്ഞു. ശേഷിക്കുന്ന 150 ബസുകളും വരും മാസത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

  ബസുകൾ മോറി ഗേറ്റിനും മെഹ്‌റൗളി ടെർമിനലിനും ഇടയിലുള്ള റൂട്ട് നമ്പർ 502, ഐപി ഡിപ്പോ -കൊണാട്ട് പ്ലേസ് - സഫ്ദർജംഗ് - സൗത്ത് എക്സ്റ്റൻഷൻ -ആശ്രമം - ജംഗ്പുര -ഇന്ത്യ ഗേറ്റ് റൂട്ട് എന്നിവയുൾപ്പെടെ ഡൽഹിയിലെ പ്രധാന റൂട്ടുകളിൽ ഓടും. ഇ-ബസുകളിൽ യാത്ര ചെയ്യാനും സെൽഫിയെടുക്കാനും #IrideEbus എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് അവരുടെ ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ഫേസ്ബുക്ക് ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്യാനും സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. മികച്ച മൂന്ന് എൻട്രികൾക്ക് ഐപാഡ് നേടാനുള്ള അവസരമുണ്ട്.
  Published by:Arun krishna
  First published: