• HOME
 • »
 • NEWS
 • »
 • india
 • »
 • ബിജെപിയെ തകര്‍ത്ത് AAP ഡൽഹി കോർപ്പറേഷൻ പിടിക്കാനുള്ള അഞ്ച് കാരണങ്ങൾ

ബിജെപിയെ തകര്‍ത്ത് AAP ഡൽഹി കോർപ്പറേഷൻ പിടിക്കാനുള്ള അഞ്ച് കാരണങ്ങൾ

ബിജെപിയുടെ 15 വർഷത്തെ നീണ്ട ഭരണത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്

 • Share this:

  250 സീറ്റുകളിൽ 134 എണ്ണവും സ്വന്തമാക്കി ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയിരിക്കുകയാണ്. 104 സീറ്റുകൾ നേടിയ ബിജെപിയുടെ 15 വർഷത്തെ നീണ്ട ഭരണത്തിനും ഇതോടെ അവസാനമായിരിക്കുകയാണ്.

  ഈ വർഷം ആദ്യം ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ പുനഃസ്ഥാപിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. ഡിസംബർ 5ന് നടന്ന എക്സിറ്റ് പോൾ ഫലങ്ങൾ ആം ആദ്മി പാർട്ടിയുടെ വിജയം പ്രവചിച്ചിരുന്നു. കോൺഗ്രസ് കൂടുതൽ സീറ്റുകൾ നേടുമെന്നും പ്രതീക്ഷിച്ചിരുന്നു.

  ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ വിജയത്തിനു കാരണമായ പ്രധാനപ്പെട്ട അഞ്ച് ഘടകങ്ങൾ.

  Also Read-15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം; AAP ഡൽഹി കോർപറേഷൻ പിടിച്ചു; കോൺഗ്രസ് തവിടു പൊടി

  1. കെജ്‌രിവാളിന്റെ ‘ആപ് കാ വിദ്യക്, ആപ് കാ പർഷദ്’ ക്യാമ്പെയ്‌ൻ
  തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുൻപ് ആരംഭിച്ച എഎപിയുടെ ക്യാമ്പെയ്‌ൻ മാലിന്യം, ശുചിത്വം, മോശം റോഡുകൾ, കുഴികൾ തുടങ്ങിയ കാര്യങ്ങളെല്ലാം ചർ‌ച്ച ചെയ്തു. സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഡൽഹി മുൻസിപ്പൽ കോർപ്പറേഷന് ഈ മേഖലകളിൽ പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കോവിഡ് മഹാമാരിക്കു ശേഷം സാഹചര്യങ്ങൾ കൂടുതൽ വഷളായി. ഈ വർഷമാണ് ഭരണം സു​ഗമമാക്കാൻ കോർപ്പറേഷന്റെ വടക്ക്, തെക്ക്, കിഴക്ക് ഭാ​ഗങ്ങൾ ഒന്നായി ഏകീകരിച്ചത്.

  എഎപി നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാലാണ് കോർപ്പറേഷന് കാര്യമായൊന്നും ചെയ്യാൻ കഴിയാത്തതെന്ന് ബിജെപി ആരോപിക്കുന്നു. എന്നാൽ ബിജെപിയിലെ വ്യാപകമായ അഴിമതിയാണ് എല്ലാത്തിനും കാരണമെന്ന് എഎപിയും പറയുന്നു.

  ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ചേർന്ന് ആരംഭിച്ച ‘ആപ് കാ വിദ്യക്, ആപ് കാ പർഷദ്’ എന്ന മുദ്രാവാക്യം വോട്ടർമാർക്കിടയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

  2. കോൺഗ്രസ് വോട്ടർമാരുടെ പിന്തുണ
  2017 അവസാനം നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പ് വരെ, ഡൽഹിയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലും ചേരി ക്ലസ്റ്ററുകളിലും കോൺഗ്രസിന്ചില പരമ്പരാഗത സീറ്റുകൾ ഉണ്ടായിരുന്നു,. എന്നാൽ അതിനുശേഷം പാർട്ടിയുടെ സ്വാധീനം ക്ഷയിക്കാൻ തുടങ്ങി. ഇത്തവണ ആം ആദ്മി പാർട്ടിക്ക് നിരവധി പരമ്പരാ​ഗത കോൺ​ഗ്രസ് വോട്ടുകളും ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ‍. കോൺ​ഗ്രസ് ഈ തിരഞ്ഞെടുപ്പിൽ കാര്യമായ പ്രചാരണവും നടത്തിയില്ല.

  Also Read-പതിറ്റാണ്ടുകളായി വികസനമില്ല; ഗുജറാത്തിലെ നാല് ഗ്രാമങ്ങള്‍  തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു

  3. ഡൽഹി ബിജെപിയിലെ മികച്ച നേതൃത്വത്തിന്റെ അഭാവം
  കഴിഞ്ഞ വർഷം നടന്ന ഡൽഹി കോർപ്പറേഷൻ ഉപതിരഞ്ഞെടുപ്പ് മുതൽ ഇങ്ങോട്ട് പാർട്ടി പരാജയം നേരിടുന്നതിനാൽ നിലവിലെ അധ്യക്ഷൻ ആദേശ് ഗുപ്തയെ മാറ്റാൻ ബിജെപി നേതൃത്വം ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. പാർട്ടി അംഗങ്ങൾക്കിടയിലെ നിരന്തരമായ ഭിന്നതയാണ് മറ്റൊരു കാരണമായി വിലയിരുത്തുന്നത്.

  4. മാലിന്യക്കൂമ്പാരങ്ങൾ
  ഗാസിപൂർ, ഭലാസ്വ, ഓഖ്‌ല എന്നിവിടങ്ങളിലെ മൂന്ന് സാനിറ്ററി ലാൻഡ്‌ഫിൽ സൈറ്റുകൾ നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് കോർപ്പറേഷൻ ഭരിച്ചിരുന്ന ബിജെപിക്കെതിരെ ആം ആദ്മി പാർട്ടി നിരന്തരം പ്രചാരണം നടത്തിയിരുന്നു. അതൊരു തിരഞ്ഞെടുപ്പ് വിഷയമാക്കി ഉയർത്തിക്കാട്ടുകയും ചെയ്തു. മാലിന്യ സംസ്‌കരണവും, പാതയോരങ്ങളിൽ കുന്നുകൂടുന്ന മാലിന്യവും, മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ തുടർച്ചയായി തീപിടിത്തവും ഉണ്ടാകുന്നത് വർഷങ്ങളായി നാട്ടുകാരെ അലട്ടിയിരുന്നു. നഗരത്തിലെ മാലിന്യ പ്രശ്‌നം കൈകാര്യം ചെയ്യാൻ ഗവേഷണങ്ങൾ നടത്തി ശാസ്ത്രീയമായ നടപടി സ്വീകരിക്കുമെന്ന് എഎപി വാഗ്‌ദാനം ചെയ്‌തു. പതിറ്റാണ്ടുകളായി ഈ പ്രശ്നം നാട്ടുകാർക്കൊരു തലവേദനയായതിനാൽ അവർ ഇത്തവണ എഎപിയിൽ വിശ്വാസമർപ്പിച്ചു.

  5. എഎപിയുട കേഡർ സംവിധാനം ശക്തമാക്കി
  2017 ലെ സിവിൽ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചപ്പോൾ, ഡൽഹി നിയമസഭയിൽ വിജയിച്ചത് എഎപിയാണ്. കോർപ്പറേഷൻ ഭരിച്ചിരുന്ന ബി.ജെ.പിക്കെതിരെ ശക്തമായ ഭരണവിരുദ്ധ തരംഗം ഉണ്ടായിരുന്നു. ഒരു എതിരാളി എന്ന നിലയിൽ കോൺഗ്രസ് അത്ര ശക്തമല്ലായിരുന്നു. അന്ന് എഎപിയും ഇത്ര കരുത്തരല്ലായിരുന്നു. പ്രതിച്ഛായ മാറ്റാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായി ബിജെപി അപ്പോൾ പുതുമുഖങ്ങൾക്കു മാത്രം അവസരം നൽകി. സിറ്റിംഗ് കൗൺസിലർമാർക്ക് ആർക്കും മത്സരിക്കാൻ അവസരം ലഭിച്ചില്ല. ആ തന്ത്രം വിജയിക്കുകയും ചെയ്തു. എന്നാലിന്ന് സാ​ഹചര്യം മാറി. മധ്യവർ​ഗക്കാർക്കും താഴേത്തട്ടിലുള്ളവർക്കുമിടയിലും ഗ്രാമീണ മേഖലകളിലും എഎപി കരുത്താർജിച്ചു.

  Published by:Jayesh Krishnan
  First published: