• HOME
  • »
  • NEWS
  • »
  • india
  • »
  • Bihar | ‘നിതീഷ് ജനവിധി അട്ടിമറിച്ചു’; മഹാസഖ്യത്തെ കടന്നാക്രമിക്കാൻ ബിജെപിയുടെ ആയുധങ്ങൾ

Bihar | ‘നിതീഷ് ജനവിധി അട്ടിമറിച്ചു’; മഹാസഖ്യത്തെ കടന്നാക്രമിക്കാൻ ബിജെപിയുടെ ആയുധങ്ങൾ

നിതീഷ് കുമാർ ബീഹാർ ജനതയെയും ബിജെപിയെയും വഞ്ചിക്കുകയാണ് ചെയ്തതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ സഞ്ജയ് ജെയ്സ്വാൾ പ്രതികരിച്ചു.

  • Last Updated :
  • Share this:
    നിതീഷ് കുമാറിൽ (Nitish Kumar) നിന്നും വീണ്ടും തിരിച്ചടിയേറ്റ ബിജെപി (BJP) ബീഹാറിൽ (Bihar) പുതിയ തന്ത്രങ്ങൾക്ക് തുടക്കമിടുന്നു. ജെഡിയു, ആർജെഡി, കോൺഗ്രസ് സഖ്യത്തിനെതിരെ ആവനാഴിയിലെ എല്ലാ അസ്ത്രവും എടുത്ത് പയറ്റാൻ തന്നെയാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിൻെറ തീരുമാനം. അഴിമതി, സംസ്ഥാനത്തെ മോശം ക്രമസമാധാനനില എന്നിവയെല്ലാം ബിജെപി ആയുധമാക്കും. ഒപ്പം 2020 പൊതു തെരഞ്ഞെടുപ്പിലെ ജനവിധിയെ അപമാനിക്കുകയാണ് നിതീഷ് ചെയ്തതെന്ന പ്രചരണവും തുടങ്ങിക്കഴിഞ്ഞു.

    നിതീഷ് കുമാർ ബീഹാർ ജനതയെയും ബിജെപിയെയും വഞ്ചിക്കുകയാണ് ചെയ്തതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ സഞ്ജയ് ജെയ്സ്വാൾ പ്രതികരിച്ചു. 2020ലെ തെരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിയുവും ഒരുമിച്ച് നിന്ന് മത്സരിച്ചാണ് വിജയം നേടിയത്. ജനവിധി തങ്ങൾക്ക് അനുകൂലമായിരുന്നു. ബിജെപിക്ക് കൂടുതൽ സീറ്റ് ലഭിച്ചിട്ടും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കി. എന്നാൽ ഇപ്പോൾ അദ്ദേഹം പിന്നിൽ നിന്ന് കുത്തുകയാണ് ചെയ്തിരിക്കുന്നതെന്നും ജെയ്സ്വാൾ കൂട്ടിച്ചേർത്തു.


    ബീഹാറിൽ ബിജെപിയുടെ അടിത്തറ ശക്തമാകുന്നുവെന്ന് ബോധ്യപ്പെട്ടതോടെയാണ് നിതീഷ് സഖ്യം വിട്ടതെന്ന് ഒരു മുതിർന്ന ബിജെപി നേതാവ് ന്യൂസ് 18നോട് പറഞ്ഞു. 243 നിയമസഭാ സീറ്റിലും 40 ലോക്സഭാ സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് തെളിയിക്കാൻ നിലവിൽ ബിജെപിക്ക് സാധിക്കും. “ബിജെപിയാണ് സംസ്ഥാനത്തെ ഏറ്റവും ശക്തമായ പാർട്ടിയെന്നാണ് നിതീഷിൻെറ ഈ നീക്കം തെളിയിക്കുന്നത്. ഏത് സഖ്യത്തെയും തോൽപ്പിക്കാൻ ബിജെപിക്ക് ഒറ്റയ്ക്ക് തന്നെ സാധിക്കും. ഇപ്പോൾ ചെയ്തതിനുള്ള മറുപടി 2024 ലോകസഭാ തെരഞ്ഞെടുപ്പിലും 2025 ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും ജെഡിയുവിന് ലഭിക്കും,” ബിജെപി നേതാവ് പറഞ്ഞു.

    അധികാരത്തിൽ തുടരാൻ വേണ്ടിയുള്ള ശ്രമം മാത്രമാണ് നിതീഷ് കുമാർ നടത്തുന്നത്. അഴിമതിക്കെതിരെയും ക്രമസമാധാന നില തകരുന്നതിനെതിരെയും ബിജെപി രംഗത്ത് വരും. ആർജെഡി നേതാവും ലാലു പ്രസാദ് യാദവിൻെറ മകനുമായ തേജസ്വി യാദവ് വീണ്ടും ബീഹാറിൻെറ ഉപമുഖ്യമന്ത്രിയാവാൻ സാധ്യതയുണ്ട്. തേജസ്വിക്കെതിരായ അഴിമതിക്കേസും ബിജെപി ആയുധമാക്കും. “ലാലു ഭരിച്ചിരുന്ന 15 വർഷത്തോളം കാലം സംസ്ഥാനത്ത് നിയമവ്യവസ്ഥ തകർന്ന അവസ്ഥയിലായിരുന്നു. ആ ദുരിതകാലം ജനങ്ങൾ മറന്നിട്ടില്ല. 2015-17 കാലത്ത് ജെഡിയു – ആർജെഡി സഖ്യം ബീഹാർ ഭരിച്ചിരുന്നപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല,” മറ്റൊരു ബിജെപി നേതാവ് ന്യൂസ് 18നോട് പറഞ്ഞു.

    Read also: നിതീഷ് കുമാറിന് സ്വന്തമായി 45 എംഎല്‍എമാര്‍; വേണ്ടത് 122; ഇനി അക്കൗണ്ടിൽ 165

    അഴിമതിരഹിത രാഷ്ട്രീയം എന്ന ആശയം ഉയർത്തിപ്പിടിച്ചാണ് നിതീഷ് 2017ൽ ലാലുവുമായുള്ള സഖ്യം അവസാനിപ്പിച്ച് വീണ്ടും ബിജെപിയുമായി ചേർന്നത്. അന്ന് തേജസ്വിക്കെതിരെയാണ് അഴിമതിക്കേസ് വന്നത്. നിലവിൽ ലാലുപ്രസാദ് യാദവ് അഞ്ച് അഴിമതിക്കേസിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജെഡിയുവിൻെറ നിലപാടിനെയും ബിജെപി ചോദ്യം ചെയ്യും. നിതീഷ് കുമാറിനെ ചേർത്ത് നിർത്താൻ വേണ്ടി ബിജെപി എല്ലാ വിട്ടുവീഴ്ചകളും നടത്തിയിട്ടുണ്ടെന്നാണ് സംസ്ഥാന പാർട്ടി നേതൃത്വത്തിൻെറ നിലപാട്. ബിജെപിയേക്കാൾ കുറഞ്ഞ സീറ്റുകളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവിന് ലഭിച്ചത്. എന്നിട്ടും നിതീഷിനെ മുഖ്യമന്ത്രിയാക്കി. ബീഹാറിനെ വികസനത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ബിജെപി ലക്ഷ്യം വെക്കുന്നതെന്നും പാർട്ടിയിലെ മുതിർന്ന നേതാവ് ന്യൂസ് 18നോട് പറഞ്ഞു.
    Published by:Amal Surendran
    First published: