• HOME
 • »
 • NEWS
 • »
 • india
 • »
 • Rishi Sunak | ബംഗളൂരുവിന്റെ മരുമകൻ; വിദ്യാർത്ഥി ഭവനിലെ മസാല ദോശ; ​ന​ഗരവുമായി ഋഷി സുനകിനുള്ള ബന്ധം

Rishi Sunak | ബംഗളൂരുവിന്റെ മരുമകൻ; വിദ്യാർത്ഥി ഭവനിലെ മസാല ദോശ; ​ന​ഗരവുമായി ഋഷി സുനകിനുള്ള ബന്ധം

2019 ൽ സുനക് തങ്ങളുടെ റെസ്റ്റോറന്റിൽ എത്തിയപ്പോളുള്ള ഒരു ഫോട്ടോ വിദ്യാർത്ഥി ഭവൻ പോസ്റ്റ് ചെയ്തിട്ടുണ്ട്

 • Last Updated :
 • Share this:
  #രോഹിണി സ്വാമി

  ബംഗളൂരുവിലെത്തുന്നവർ നഗരത്തിലെ പ്രശസ്തമായ ദക്ഷിണേന്ത്യൻ റെസ്റ്റോറന്റായ വിദ്യാർത്ഥി ഭവനിൽ (Vidyarthi Bhavan) പോയി ഭക്ഷണം കഴിക്കണമെന്ന് പലരും പറയുന്നൊരു കാര്യമാണ്. യുകെയിലെ ഇന്ത്യൻ വംശജനായ ആദ്യ പ്രധാനമന്ത്രി ഋഷി സുനകും (Rishi Sunak) ആ ഭക്ഷണം ഇഷ്ടപ്പെടുന്നവരിൽ ഒരാളാണ്. 2019 ൽ സുനക് തങ്ങളുടെ റെസ്റ്റോറന്റിൽ എത്തിയപ്പോളുള്ള ഒരു ഫോട്ടോ വിദ്യാർത്ഥി ഭവൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെയാണ് സുനക് വിവാഹം കഴിച്ചത്. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോഴാണ് അക്ഷത സുനകിന്റെ ഹൃദയം കവർന്നത്. മൂന്ന് വർഷം മുമ്പ് ഇന്ത്യ സന്ദർശിച്ചപ്പോൾ ബെംഗളൂരുവിലെ വിദ്യാർത്ഥി ഭവനും അവിടുത്തെ ഭക്ഷണവും സുനകിന്റെ ഹൃദയത്തിൽ പ്രത്യേക ഇടം നേടി. വിദ്യാർത്ഥി ഭവനിലെ പ്രശസ്തമായ മസാല ദോശ, റവ വട, കേസരി ഭട്ട് (ഒരു മധുര പലഹാരം) എന്നിവയെല്ലാം സുനക് കഴിച്ചിരുന്നു. നാരായണ മൂർത്തിയുടെ മകൻ രോഹൻ മൂർത്തിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഋഷി സുനക് അന്ന് ബംഗളൂരുവിൽ എത്തിയത്.

  ഋഷി സുനകിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ അക്ഷതയും രണ്ട് കുട്ടികളും അക്ഷതയുടെ മാതാപിതാക്കളും ഉണ്ടായിരുന്നതായി വിദ്യാർത്ഥി ഭവനിലെ മാനേജിംഗ് പാർട്ണറായ അരുൺ അഡിഗ ഓർക്കുന്നു. ''ഋഷി സുനക് ഞങ്ങളുടെ റെസ്റ്റോറന്റിൽ ഒരിക്കൽ മാത്രമാണ് വന്നത്. നാരായണ മൂർത്തി സാർ സുനകിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി. അദ്ദേഹം ഒരു സാമ്പത്തിക വിദഗ്‌ദ്ധനാണെന്നും യുകെ പാർലമെന്റുമായി ബന്ധമുള്ളയാളാണെന്നും മാത്രമേ ഞങ്ങൾ അറിഞ്ഞിരുന്നുള്ളൂ. ഇവിടെയെത്തുന്നവരുടെ സ്വകാര്യത ഞങ്ങൾ മാനിക്കുന്നു. ഭക്ഷണം കഴിച്ച ശേഷം ഒരു ഫോട്ടോ മാത്രം ഞങ്ങൾ എടുത്തു. സുനകിന്റെ പ്ലേറ്റ് കാലിയായിരിക്കുന്നത് ഫോട്ടോയിൽ നിങ്ങൾക്ക് കാണാം. ഞങ്ങളുടെ ഭക്ഷണം അദ്ദേഹം ഇഷ്ടപ്പെട്ടു എന്നതിന്റെ സൂചനയാണത്'', അരുൺ ന്യൂസ് 18 നോട് പറഞ്ഞു. രണ്ടു മാസം മുൻപ് ബംഗളൂരു സന്ദർശിക്കാനെത്തിയ സുനകിന്റെ മാതാപിതാക്കളും വിദ്യാർത്ഥി ഭവനിൽ എത്തിയതായും അതേ വിഭവങ്ങൾ കഴിച്ചതായും അരുൺ കൂട്ടിച്ചേർത്തു.  അക്ഷതയെ വിവാഹം കഴിച്ചതോടെയാണ് സുനകിന്റെ ബെംഗളൂരു ബന്ധം ആരംഭിക്കുന്നത്. 2009 ഓഗസ്റ്റ് 30-ന് ബെംഗളൂരുവിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വെച്ചായിരുന്നു വിവാഹം.

  എഴുത്തുകാരിയും, അധ്യാപികയും സാമൂഹ്യപ്രവർത്തകയുമായ സുധാ മൂർത്തിയാണ് അക്ഷതയുടെ അമ്മ. കർണാടകയിലെ ഹുബ്ബള്ളിയിലാണ് അക്ഷത ജനിച്ചതും വളർന്നതും. ബംഗളൂരുവിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം, അക്ഷത കാലിഫോർണിയയിലേക്ക് പോകുകയും ക്ലെരെമോണ്ട് മക്കെന്ന കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ഫ്രഞ്ചിലും ബിരുദം നേടുകയും ചെയ്തു. പിന്നീട് ലോസ് ഏഞ്ചൽസിലെ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആൻഡ് മർച്ചൻഡൈസിംഗിൽ നിന്ന് ഫാഷൻ ഡിസൈനിംഗിൽ ഡിപ്ലോമ നേടി. അതിനുശേഷം സ്റ്റാൻഫോർഡിൽ എംബിഎ പഠിക്കാൻ ചേർന്നു. ഇവിടെ വച്ചാണ് ഋഷി സുനകിനെ കണ്ടുമുട്ടിയത്. ഇരുവർക്കും കൃഷ്ണ, അനൗക എന്നീ രണ്ട് പെൺകുട്ടികളുണ്ട്

  പ്രചാരണ വേളയിൽ നാരായണ മൂർത്തിയെക്കുറിച്ച് പലപ്പോഴും സുനക് സംസാരിച്ചിട്ടുണ്ട്. "എന്റെ ഭാര്യയുടെ അച്ഛൻ ഒന്നുമില്ലായ്മയിൽ നിന്നാണ് ഉയർന്നു വന്നത്. അദ്ദേഹത്തിന് ഒരു സ്വപ്നം ഉണ്ടായിരുന്നു" എന്ന് ഒരു ടെലിവിഷൻ ചർച്ചയിൽ സുനക് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലും പൊതുരംഗത്തും പ്രവർത്തിക്കാൻ തനിക്ക് വലിയ പിന്തുണ നൽകിയവരിൽ ഒരാളാണ് നാരായണമൂർത്തിയെന്നും അദ്ദേ​ഹം പറഞ്ഞിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ, ഏറ്റവും ആദരണീയമായ, ഏറ്റവും വിജയകരമായ കമ്പനികളിലൊന്നാണ് നാരായണമൂർത്തി സ്ഥാപിച്ചതെന്നും സുനക് ചൂണ്ടിക്കാട്ടിയിരുന്നു.
  Published by:user_57
  First published: