• HOME
 • »
 • NEWS
 • »
 • india
 • »
 • ഇന്ത്യ അമേരിക്കയുമായുള്ള ബന്ധത്തെ ബാധിക്കാതെ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി തുടരുന്നത് എങ്ങനെ?

ഇന്ത്യ അമേരിക്കയുമായുള്ള ബന്ധത്തെ ബാധിക്കാതെ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി തുടരുന്നത് എങ്ങനെ?

റഷ്യയുടെ കയറ്റുമതിയുടെ ഏകദേശം 60 ശതമാനവും എണ്ണയാണ്

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ

 • Share this:

  റഷ്യയിൽ നിന്നും കുറഞ്ഞ വിലക്ക് തുടർച്ചയായി എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ഇന്ത്യക്കു മേൽ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക ഉദ്ദേശിക്കുന്നില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് എനർജി റിസോഴ്സസ് അസിസ്റ്റന്റ് സെക്രട്ടറി ജെഫ്രി പ്യാറ്റ് അടുത്തിടെ പറഞ്ഞിരുന്നു. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്നാണ് യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഉപരോ​ധം ഏർപ്പെടുത്താൻ ആരംഭിച്ചത്. എന്നാൽ ഇന്ത്യ റഷ്യയിൽ നിന്നും കുറഞ്ഞ വിലക്ക് എണ്ണ വാങ്ങാൻ ആരംഭിച്ചു. റഷ്യയാണ് ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാർ. ഇത് റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ ദുർബലമാക്കുക എന്ന പാശ്ചാത്യരാജ്യങ്ങളുടെ ശ്രമങ്ങൾക്ക് തടസം നിൽക്കുന്ന നീക്കമാണ്. പരോക്ഷമായി ഇന്ത്യ യുക്രെയ്‌നിലെ റഷ്യയുടെ സൈനിക പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുകയാണെന്ന ആശങ്ക അമേരിക്കയ്ക്കുണ്ട്.

  കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, പ്യാറ്റ് തന്റെ പ്രസ്താവനയിൽ പറഞ്ഞതു പോലെ, അമേരിക്കയും ഇന്ത്യയുമായുള്ള ബന്ധവും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടു തന്നെ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ ഇടപെടാൻ അവർ ആ​​ഗ്രഹിക്കുന്നില്ല.

  റഷ്യയുടെ വരുമാനം കുറക്കാനുള്ള യൂറോപ്പിന്റെ ശ്രമം

  റഷ്യയിൽ നിന്നുള്ള ഊർജ ഇറക്കുമതിയെ ദീർഘകാലമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ നിർബന്ധിതരാകുകയായിരുന്നു. പകരം, എണ്ണ ഇറക്കുമതിക്കായി ഖത്തർ പോലുള്ള ബദൽ സ്രോതസുകൾ അവർ കണ്ടെത്തി. റഷ്യയുടെ കയറ്റുമതിയുടെ ഏകദേശം 60 ശതമാനവും എണ്ണയാണ്. അതുകൊണ്ടു തന്നെ റഷ്യയുടെ വരുമാനം വെട്ടിക്കുറക്കുന്നതിന് യൂറോപ്യൻ യൂണിയന് ഇത്തരം നടപടികൾ സ്വീകരിക്കേണ്ടത് പ്രധാനമായിരുന്നു. പല യൂറോപ്യൻ യൂണിയൻ അംഗങ്ങളും അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെ ഭാഗമാണ്.

  യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞപ്പോൾ, റഷ്യ കുറഞ്ഞ വിലക്ക് എണ്ണ വിതരണം ചെയ്യാൻ തുടങ്ങി. ഇതേത്തുടർന്ന് ഇന്ത്യയും ചൈനയും പോലുള്ള വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾ വലിയ അളവിൽ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാൻ ആരംഭിച്ചു.

  റഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതി തടയുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും സഹകരിച്ചു പ്രവർത്തിക്കണം എന്നാണ് അമേരിക്ക ആഗ്രഹിച്ചിരുന്നത്. എന്നാൽ ഇന്ത്യയുടെ ഈ തന്ത്രം തുടക്കത്തിൽ അമേരിക്കയിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. മാർച്ചിൽ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയുടെ ഈ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

  റഷ്യയ്‌ക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിൽ പങ്കുചേരാൻ അമേരിക്ക ഇന്ത്യക്കു മേൽ ആദ്യം സമ്മർദം ചെലുത്തിയിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായാൽ അത് വലിയ അപകടത്തിലേക്ക് നയിക്കുമെന്നും അമേരിക്ക പറഞ്ഞിരുന്നു. ശീതയുദ്ധകാലത്ത് ഇന്ത്യയും അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ ചില വിള്ളലുകൾ ഉണ്ടായെങ്കിലും പിന്നീട് ഇന്ത്യ അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയായി ഉയർന്നു വന്നിരുന്നു. ഇന്തോ-പസഫിക് മേഖലയിൽ ചൈനക്കെതിരെ ഇരുവരും ഒരുമിച്ച് നിലകൊള്ളുകയും ചെയ്യുന്നു.

  എന്നാൽ ഇത്തരം സമ്മർദങ്ങൾക്കിടെയും ഇന്ത്യ, തങ്ങളുടെ താത്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നത് തുടരും എന്ന ഉറച്ച തീരുമാനത്തിലാണ്. പാശ്ചാത്യ രാജ്യങ്ങൾക്കിടയിൽ അസ്വസ്ഥതകൾ തുടരുന്നതിനിടെയും, റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുടെ തന്ത്രത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആവർത്തിച്ച് ന്യായീകരിക്കുകയാണ്. ഇന്ത്യയിലെ ജനസംഖ്യക്ക് ആനുപാതികമായ ഊർജം രാജ്യത്തിന് ആവശ്യമാണെന്നും എണ്ണയ്‌ക്ക്‌ ഉയർന്ന വില കൊടുക്കാൻ രാജ്യം ഇപ്പോൾ പ്രാപ്‌തമല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ എന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരിയും പറഞ്ഞിരുന്നു.

  Published by:user_57
  First published: