News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 11, 2020, 11:08 AM IST
News18
ന്യൂഡൽഹി: ബി.ജെ.പിയെ നേരിട്ട് വെല്ലുവിളിച്ചു കൊണ്ടാണ് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. 'ആരാണ് നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥി?'- ഇതായിരുന്നു ബിജെപിയോടുള്ള കെജരിവാളിന്റെ ചോദ്യം.
ആം ആദ്മി മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തേക്കാൾ മെച്ചമായതൊന്നും എതിരാളികൾക്ക് നൽകാനാകില്ലെന്ന സന്ദേശത്തിൽ ഊന്നിയുള്ള പ്രചരണത്തിനാണ് കെജരിവാൾ തുടക്കമിട്ടത്.
2015 -ലെ തെരഞ്ഞെടുപ്പിൽ കെജരിവാളിനെതിരെ ബിജെപി കിരൺ ബേദിയെയാണ് രംഗത്തിറക്കിയത്. എന്നാൽ ഇക്കുറി അത്തരമൊരു മണ്ടത്തരം ആവർത്തിക്കില്ലെന്ന് ആം ആദ്മി നേതാക്കൾക്ക് ഉറപ്പായിരുന്നു. ഇതിനനുസരിച്ചാണ് ആപ്പ് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങൾ ഒരുക്കിയതും.
ഒരു മാസക്കാലം നീണ്ടു നിന്ന ഹൈ വോൾട്ടേജ് പ്രചാരണത്തിനിടെ, 'നിങ്ങളുടെ മുഖ്യമന്ത്രി ആരാണെന്ന' ചോദ്യം കെജരിവാൾ ഇടയ്ക്കിടെ ബിജെപി നേതാക്കളോട് ഉന്നയിച്ചു. എന്നാൽ എതിരാളി ഇല്ലെന്ന് മനസിലാക്കിക്കൊണ്ടു തന്നെ, ബി.ജെ.പി അധികാരത്തിൽ എത്തിയാൽ ആര് മുഖ്യമന്ത്രിയാകുമെന്ന് പരിഹസിച്ചുള്ള നാല് ഷോട്ട്ഫിലിമുകളും എഎപി ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
ഇതിനിടെ കെജരിവാളിന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാനാകാത്ത ബി.ജെ.പിക്ക് സ്വാഭാവികമായും തങ്ങളുടെ തുറുപ്പ് ചീട്ടായ പ്രധാനമന്ത്രിയെ ആശ്രയിക്കേണ്ടി വന്നു. കഴിഞ്ഞ എട്ടുവർഷമായി മോദിയിലൂടെയാണ് ബി.ജെ.പി വോട്ട് സമാഹരിക്കുന്നത്. നിരവധി തെരഞ്ഞെടുപ്പുകളിലും അദ്ദേഹം തന്റെ പാർട്ടിയെ അധികാരത്തിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഡൽഹി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ജനകീയ മുഖമായ നരേന്ദ്ര മോദിയെ സമർഥമായി ഉപയോഗപ്പെടുത്തിയത് എഎപിയാണെന്ന് പറയേണ്ടിവരും. തെരഞ്ഞെടുപ്പിന് ദേശീയ പ്രധാന്യമില്ലെന്നും സംസ്ഥാനം ആര് ഭരിക്കുമെന്ന് മാത്രം കണ്ടെത്താനുള്ളതാണെന്നുമുള്ള സന്ദേശം എഎപി വോട്ടർമാരിലെത്തിച്ചു. ദേശീയ വിഷയങ്ങൾ പരിഗണിച്ച് ബിജെപിയെ മാസങ്ങൾക്ക് മുൻപ് കേന്ദ്രത്തിൽ അധികാരത്തിൽ എത്തിച്ചിട്ടുണ്ടുണ്ടെന്നതും എഎപി ഓർമ്മിപ്പിച്ചു.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ആക്രമിക്കുന്ന തന്ത്രമാണ് കോൺഗ്രസ് സ്വീകരിച്ചത്. എന്നാൽ അതിനു പകരം നിങ്ങളുടെ മുഖ്യമന്ത്രി ആരെന്ന ചോദ്യമാണ് കെജരിവാൾ കാമ്പയിനിലുടനീളം ഉയർത്തിയത്. ഇതിലൂടെ ദേശീയ രാഷ്ട്രീയമല്ല രാജ്യതലസ്ഥാനത്തിന്റെ പ്രശ്നമെന്ന സന്ദേശവും കെജരിവാൾ വോട്ടർമാർക്കു നൽകി.
കെജരിവാൾ പ്രചാരണത്തിന്റെ ദിശ തിരിച്ചുവിട്ടതോടെ ബിജെപിക്കും അതിനനുസരിച്ച് മാറേണ്ടി വന്നു. ഇതിനിടെ ഷഹീൻ ബാഗിലുണ്ടായ സിഎഎ വിരുദ്ധ പ്രതിഷേധവും എഎപിക്ക് ഗുണം ചെയ്തെന്നു വേണം കരുതാൻ. ഇതിനിടെ ഇതാദ്യമായി ദേശീയത പ്രചരണായുധമാക്കൻ ബിജെപിയും തീരുമാനിച്ചു.മോദി വികസനത്തെ കുറിച്ച് സംസാരിച്ചപ്പോൾ കേഡർ വോട്ടുകൾ സമാഹരിക്കുന്നതിന്റെ ഭാഗമായി മറ്റു നേതാക്കൾ ജാമിയയിലെയും ജെഎൻയുവിലെയും സംഭവങ്ങളെ കുറിച്ച് സംസാരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകൾ നിലനിർത്തുകയെന്ന ലക്ഷ്യവും ഇതിലൂടെ ബിജെപിക്ക് ഉണ്ടായിരുന്നു.
ഇതിനിടെ ഷഹീൻ ബാഗിൽ വെടിവയ്പ്പ് നടത്തിയയാൾക്ക് ആം ആദ്മി നേതാക്കളുമായി ബന്ധമുണ്ടെന്ന് പൊലീസ് അവകാശപ്പെട്ടു. എന്നാൽ പ്രതിയുടെ കുടുംബത്തിന്റെ വീഡിയോ പുറത്തുവിട്ടാണ് എഎപി മറുപടി നൽകിയത്. വോട്ടിനു വേണ്ടി ബിജെപി പണം വിതരണം ചെയ്യുന്നെന്ന ആരോപണവും എഎപി ഉന്നയിച്ചു.
സ്ത്രീകൾ വോട്ടുചെയ്യാൻ എത്തണമെന്ന കെജരിവാളിന്റെ അഭ്യർഥനയെ പ്രതിരോധിക്കാനും ബി.ജെപിക്ക് സാധിച്ചില്ല.
Delhi Election Results 2020 Live Updates: 50 കടന്ന് AAP; ലീഡ് കുറഞ്ഞ് ബിജെപി
Published by:
Aneesh Anirudhan
First published:
February 11, 2020, 11:08 AM IST