• HOME
 • »
 • NEWS
 • »
 • india
 • »
 • അതിർവരമ്പുകളെ മാറ്റി എഴുതി ചരിത്രം കുറിച്ച വിജയവുമായി മോദി എന്ന അതികായൻ

അതിർവരമ്പുകളെ മാറ്റി എഴുതി ചരിത്രം കുറിച്ച വിജയവുമായി മോദി എന്ന അതികായൻ

ഉത്തർപ്രദേശിൽ നാൽപ്പത് ശതമാനത്തോളം വരുന്ന മഹാസഖ്യം -യാദവ്, ദളിത്, മുസ്ലീം വോട്ടുകൾ എതിരായിരുന്നെങ്കിലും, ഭൂരിപക്ഷ സമുദായത്തിൽപ്പെട്ട 60 ശതമാനത്തോളം വോട്ടുകൾ അനുകൂലമാക്കുന്നതിൽ ബിജെപി വലിയ തോതിൽ വിജയിച്ചു

News 18

News 18

 • Last Updated :
 • Share this:
  'വിഭജനത്തിന്റെ നേതാവ്' എന്ന് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ടൈം മാഗസിൻ വിശേഷിപ്പിച്ച അതേ നരേന്ദ്രമോദിയാണ് വോട്ടെണ്ണൽ ദിനത്തിനൊടുവിൽ ചിരിക്കുന്നത്. 2019 പൊതുതെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിലൂടെ ഇന്ത്യയെ നോക്കിക്കാണുന്ന പ്രാചീന കണ്ണാടിയെ തന്നെ തകർത്തിരിക്കുകയാണ് മോദി. സ്വാതന്ത്ര്യാനന്തരകാലം മുതൽ ഇന്ത്യൻ രാഷ്ട്രീയത്തെ നിർവചിച്ച ജാതിയുടെയും ദേശത്തിന്റെയും ലിംഗത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും അതിർവരമ്പുകളെ മാറ്റി എഴുതുകയാണ് മോദി എന്ന അതികായൻ.

  മോദിയുടെ വമ്പൻ ജയത്തെ ഒരു ചെറിയ സ്ഥിതിവിവരത്തിലൂടെ ചുരുക്കി പറയാം: നിലവിലെ ലീഡ് നില അനുസരിച്ച് ബിജെപിയുടെ വോട്ടിങ് ശതമാനം 48 ശതമാനമാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ രണ്ടിലൊരു ഇന്ത്യക്കാരൻ മോദി പ്രധാനമന്ത്രിയാകുന്നതിന് വോട്ട് ചെയ്തു. കഠിനാധ്വാനവും വ്യക്തിപരമായ രസതന്ത്രങ്ങൾ കൊണ്ട് പഴയ കണക്കുകളെ തകർത്തെറിഞ്ഞ് ബിജെപി ഒറ്റയ്ക്കു തന്നെ കേവലഭൂരിപക്ഷം (ലീഡ് നില അനുസരിച്ച്) മറികടന്നിരിക്കുകയാണ്. എൻഡിഎ ആകട്ടെ 2014ലെ 332 എന്ന കണക്കിനെ മറികടന്ന്, ഏറ്റവും ഒടുവിൽ 349 സീറ്റിൽ ലീഡ് ചെയ്യുന്നു. ബിജെപി ഒറ്റയ്ക്ക് 298 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

  കൊട്ടിഘോഷിച്ചുള്ള പ്രചാരണം നടത്തിയെങ്കിലും അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള പ്രഭാവം ഉണ്ടാക്കാൻ കോൺഗ്രസ് പരാജയപ്പെട്ടു. ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം പോലും അവകാശപ്പെടാൻ കോൺഗ്രസിന് കഴിഞ്ഞെന്ന് വരില്ല. അവസാനഘട്ട വോട്ടെണ്ണൽ നടക്കുമ്പോൾ പകുതിയും കേരളത്തിലും പഞ്ചാബിലുമായി ആകെ 51 സീറ്റുകളിൽ മാത്രമാണ് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാർട്ടി മുന്നിട്ടു നിൽക്കുന്നത്. കാലങ്ങളായി ഗാന്ധി കുടുംബം കയ്യടക്കി വച്ചിരിക്കുന്ന അമേഠിയിലെ സീറ്റ് പോലും നിലനിര്‍ത്താൻ പാർട്ടി ദേശീയ പ്രസിഡന്റ് രാഹുൽ ഗാന്ധി കഷ്ടപ്പെടുകയും ചെയ്യുന്നു.

  ഉത്തർപ്രദേശിൽ ബിജെപി ഏറെ ഭയപ്പെട്ടിരുന്ന എസ്.പി-ബി.എസ്.പി കൂട്ടുകെട്ടിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കിയില്ല. എന്നാൽ ബിജെപിയുടെ 10 സീറ്റുകൾ കുറയ്ക്കാൻ അവർക്ക് സാധിച്ചു. കഴിഞ്ഞ തവണത്തെ 71 സീറ്റ് നേട്ടം ഇത്തവണ ബിജെപിക്ക് അവിടെ ആവർത്തിക്കാനായില്ലെങ്കിലും ഒഡീഷയിലും പശ്ചിമ ബംഗാളിലും തിളക്കമാർന്ന പ്രകടനം നടത്താൻ അവർക്ക് സാധിച്ചു. ബംഗാളിൽ 19 സീറ്റുകളിൽ മികച്ച ലീഡ് കൈവരിക്കാൻ ബിജെപിക്ക് സാധിച്ചത്, മമതയുടെ കാൽച്ചുവട്ടിലെ മണ്ണിളക്കിയതിന് തുല്യമായ പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷ ഐക്യത്തിനുവേണ്ടി ഏറെ പരിശ്രമിച്ച ചന്ദ്രബാബു നായിഡുവിന് സ്വന്തം നാട്ടിൽ ജഗ് മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസിനോട് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.

  ഹിന്ദി ഹൃദയഭൂമിയിൽ സഖ്യമുണ്ടാക്കിയ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ശക്തമായ മുന്നേറ്റം നടത്താൻ ബിജെപിക്ക് സാധിച്ചു, പ്രത്യേകിച്ചും ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ. ഇവിടെ മൂന്നിടത്തും ജാതിസമവാക്യം ബിജെപിക്ക് അനുകൂലമായിരുന്നുവെന്നാണ് വിലയിരുത്തൽ. 2014ൽ ഈ മൂന്നു സംസ്ഥാനങ്ങളിലെ 134 സീറ്റുകളിൽ 117 ഇടത്ത് വിജയിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. ഉത്തർപ്രദേശിൽ നാൽപ്പത് ശതമാനത്തോളം വരുന്ന മഹാസഖ്യം -യാദവ്, ദളിത്, മുസ്ലീം വോട്ടുകൾ എതിരായിരുന്നെങ്കിലും, ഭൂരിപക്ഷ സമുദായത്തിൽപ്പെട്ട 60 ശതമാനത്തോളം വോട്ടുകൾ അനുകൂലമാക്കുന്നതിൽ ബിജെപി വലിയ തോതിൽ വിജയിച്ചു.

  യാദവ ഇതര ഒബിസി വോട്ടുകൾ ഒപ്പംനിർത്താനായതിലൂടെ എതിർത്തുനിന്ന ഒബിസി ദളിത് വോട്ടുകളെ അനായാസം മറികടക്കാൻ ബിജെപിക്ക് സാധിച്ചു. ബീഹാറില്‍, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിന്നുള്ള പാഠങ്ങള്‍ നന്നായി മനസ്സിലാക്കി, ബി.ജെ.പി വിജയം നെയ്‌തെടുക്കുകയായിരുന്നു. 15 ശതമാനത്തിലധികം ഒബിസി വോട്ടുകള്‍ നിതീഷ്‌കുമാറിനുണ്ട്. അതുകൊണ്ട് തന്നെ ജനതാ ദള്‍ യുണൈറ്റഡുമായി ചേര്‍ന്ന് തുല്യ പങ്കാളിത്തത്തില്‍ സഖ്യം രൂപികരിക്കുകയും 2014 ല്‍ നേടിയ 22 സീറ്റുകളിലെ അഞ്ചിടത്ത് മത്സരിക്കുകയുമായിരുന്നു.

  ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന് ബിജെപി ഒരു സീറ്റ് അനുവദിച്ചപ്പോള്‍ അതും മുന്നണിക്ക് അനുകൂലഘടകമായി മാറി. ഇത് ഉയർന്ന ജാതിക്കാരുടെ കൂടാതെ ഒബിസി വിഭാഗത്തിന്റെയും വോട്ട് ലഭിക്കാന്‍ കാരണമായി.

  മോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ രാഷ്ട്രീയ തന്ത്രമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ മുഴങ്ങിക്കേള്‍ക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ പ്രതിപക്ഷത്തിനെതിരായ രാഷ്ട്രീയ മുദ്രാവാക്യം തെരഞ്ഞെടുക്കുന്നതില്‍ വരെ ഇരുവരും ഒറ്റക്കെട്ടായിരുന്നു.തീവ്രവാദ കേസില്‍ പ്രതിയായ സ്വാധ്വി പ്രഗ്യ, തേജസ്വിനി സൂര്യ, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, സൂഫി ഗായകന്‍ ഹാന്‍സ് രാജ് ഹാന്‍സ്, നടന്‍ രവി കൃഷ്ണ തുടങ്ങി നിരവധി പേരെയാണ് വിവാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ ബി.ജെ.പി മത്സരംഗത്തിറക്കിയത്. ബി.ജെ.പി സ്ഥാനാര്‍ഥികളായ 103 പുതുമുഖങ്ങളില്‍ 80 പേര്‍ ലോക്‌സഭയിലെത്തുമെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.

  അതേസമയം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുചിൻ, ചൈനീസ് പ്രസിഡന്റ് സി ജിൻപിംഗ്, ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റിനിൽ വിക്രമസിൻഹെ തുടങ്ങിയ ലോകനേതാക്കൾ മോദിയെ അഭിനന്ദിച്ചു. മോദിയുടെ വിജയത്തിൽ ആദ്യം അഭിനന്ദിച്ചത് മോദിയുടെ അടുത്ത സുഹൃത്തും ഇസ്രായേൽ പ്രധാനമന്ത്രിയുമായ ബെഞ്ചമിൻ നെതന്യാഹുവാണ്. നെതന്യാഹു ആശംസ അറിയിച്ച് ട്വീറ്റ് ചെയ്തത് ഹിന്ദിയിലായിരുന്നു.

  അതേസമയം മോദി ഇതുവരെ രംഗത്തെത്തിയിട്ടില്ല. എന്നാൽ ട്വീറ്റുകളിലൂടെ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യ വീണ്ടും വിജയിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ട്വീറ്റ്. ഇതിനു പിന്നാലെ ആന്ധ്രയിലും ഒഡിഷയിലും വിജയിച്ച ജഗ്മോഹൻ റെഡ്ഡിയെയും നവീൻ പട്നായിക്കിനെയും അദ്ദേഹം അഭിനന്ദിച്ചു.വൈകുന്നേരത്തിന് ശേഷം ഡൽഹിയില്‍ പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും.

  First published: