• HOME
  • »
  • NEWS
  • »
  • india
  • »
  • ബിജെപിയ്ക്ക് 11 സീറ്റും ഭരണവും നഷ്ടമാക്കിയത് നോട്ട

ബിജെപിയ്ക്ക് 11 സീറ്റും ഭരണവും നഷ്ടമാക്കിയത് നോട്ട

  • Last Updated :
  • Share this:
    ഭോപ്പാൽ: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മധ്യപ്രദേശിൽ ബിജെപിയെ അധികാരത്തിൽ നിന്നകറ്റിയതിൽ പ്രധാന പങ്കുവഹിച്ചത് നോട്ട. 230 അംഗ നിയമസഭയിൽ  കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകൾ വേണമായിരുന്ന കോണ്‍ഗ്രസിന് 114 സീറ്റുകളാണ് ലഭിച്ചത്. ബിജെപിക്ക് 109 സീറ്റുകളും. നാല് സ്വതന്ത്രരും രണ്ടു ബി.എസ്.പി അംഗങ്ങളും ഒരു എസ്.പി.  എംഎൽഎയും പിന്തുണ അറിയിച്ചതോടെ കോൺഗ്രസ് അധികാരം ഉറപ്പിച്ചു.

    നേരിയ മാർജിനിൽ കോൺഗ്രസ് ജയിച്ചുകയറിയ പത്തിലധികം മണ്ഡലങ്ങളിൽ വിജയ മാർജിനേക്കാൾ കൂടുതൽ വോട്ടുകൾ നേടിയത് ‘നോട്ട’യാണ്. ചുരുക്കത്തിൽ ഈ മണ്ഡലങ്ങളിൽ നോട്ടയ്ക്ക് ലഭിച്ച വോട്ട് ബിജെപി സ്ഥാനാർത്ഥി നേടിയെങ്കിൽ ജയിച്ചുകയറാമായിരുന്നു. ഇരു പാർട്ടികളും ഇഞ്ചോടിഞ്ചു പൊരുതി ബിജെപി ജയിച്ചുകയറിയ രണ്ടു മണ്ഡലങ്ങളിലും വിജയമാർജിനേക്കാൾ കൂടുതൽ വോട്ട് ‘നോട്ട’യ്ക്കുണ്ട്. ഈ രണ്ടു സീറ്റിൽ കോൺഗ്രസിനും മികച്ച സാധ്യതയുണ്ടായിരുന്നു.

    കോൺഗ്രസ് സ്ഥാനാർത്ഥി നേടിയ വിജയമാർജിനേക്കാൾ 'നോട്ട'യ്ക്ക് വോട്ടു ലഭിച്ച 11 മണ്ഡലങ്ങൾ ചുവടെ (മണ്ഡലം, ഭൂരിപക്ഷം, നോട്ടയ്ക്കു കിട്ടിയ വോട്ട് എന്ന ക്രമത്തിൽ):

    ബിയാവോറ 826 – 1481
    ദാമോ 798 – 1299
    ഗുണ്ണൂർ 1984 – 3734
    ഗ്വാളിയോർ സൗത്ത് 121 – 1550
    ജബൽപുർ നോർത്ത് 578 – 1209
    ജോബട്ട് 2056 – 5139
    മൻദാട്ട 1236 – 1575
    നെപാനഗർ 1264 – 2551
    രാജ്നഗർ 732 – 2485
    രാജ്പുർ 932 – 3358

    ഈ മണ്ഡലങ്ങളിലെല്ലാം ‘നോട്ട’യ്ക്കു കിട്ടിയ വോട്ട് ബിജെപിക്കായിരുന്നുവെങ്കിൽ ബിജെപിയുടെ 109 സീറ്റുകൾക്കൊപ്പം ഇതുകൂടി ചേർത്ത് അനായാസം കേവല ഭൂരിപക്ഷ നേടാമായിരുന്നു. ബിജെപി സ്ഥാനാർഥികളുടെ വിജയമാർജിൻ നോട്ടയ്ക്കു കിട്ടിയ വോട്ടിനേക്കാൾ കുറവുള്ള രണ്ടു മണ്ഡലങ്ങൾ ഒഴിവാക്കിയാൽ പോലും ബിജെപിക്ക് ഒറ്റയ്ക്ക് 118 സീറ്റുകൾ നേടാമായിരുന്നു.

    നോട്ടയെ കൂടാതെ മായാവതിയുടെ ബി.എസ്.പി പിടിച്ച വോട്ടുകളും ഉയർന്ന ജാതിക്കാർ മുഖംതിരിച്ചതും ബിജെപിയുടെ സാധ്യതകൾ തകർത്തുവെന്നാണ് വിലയിരുത്തൽ. ചില മണ്ഡലങ്ങളിൽ സംവരണ വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസം മൂലം ‘നോട്ട’യ്ക്കു വോട്ടു ചെയ്യാൻ ഉയർന്ന ജാതികളിലെ നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു. ഇത്തരം അപ്രതീക്ഷിത തിരിച്ചടികളാണ് തുടർച്ചയായ നാലാം വട്ടവും മധ്യപ്രദേശിൽ അധികാരത്തിലെത്തുന്നതിൽ നിന്ന് ബിജെപിയെ തടഞ്ഞത്.

    First published: