സ്ത്രീകളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞും അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ പോരാടാൻ ആഹ്വാനം ചെയ്തും ആത്മനിർഭർ ഭാരതത്തിന്റെ പ്രസക്തി എടുത്തു കാട്ടിയുമൊക്കെയാണ് രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ എൺപത്തിമൂന്നു മിനിറ്റു നേരം നീണ്ടു നിന്ന പ്രസംഗം നടത്തിയത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അടുത്ത ഇരുപത്തിയഞ്ചു വർഷം നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സ്വാതന്ത്ര്യദിനത്തിൽ സർക്കാർ പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 'ഇന്ത്യ@100' (India@100) എന്ന ലക്ഷ്യം മനസിൽ വെച്ചുകൊണ്ട് അടുത്ത 25 വർഷത്തേക്ക് ഒരു ദർശനപരമായ അജണ്ട രൂപപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. "നമ്മൾ ഒരുമിച്ച് നിൽക്കുകയും വികസിത ഇന്ത്യ എന്ന വലിയ ലക്ഷ്യത്തിനായി പ്രവർത്തിക്കുകയും വേണം", അദ്ദേഹം കൂട്ടിച്ചേർത്തു.
നാരി ശക്തി (Nari Shakti) ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഊന്നൽ കൊടുത്ത മറ്റൊരു പ്രധാന വിഷയം. സ്ത്രീ വോട്ടർമാരിൽ ബി.ജെ.പി. ശ്രദ്ധ കേന്ദ്രീകരിക്കുന്നതും, കഴിഞ്ഞ എട്ട് വർഷമായി സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള മോദി സർക്കാരിന്റെ നിരവധി പദ്ധതികളും മോദി ചൂണ്ടിക്കാട്ടി. രാജ്യത്ത് സ്ത്രീകളോട് കാണിക്കുന്ന അനാദരവിൽ താൻ അങ്ങേയറ്റം വേദനിക്കുന്നുവെന്നും ലിംഗസമത്വം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. "സംസാരത്തിലും പെരുമാറ്റത്തിലും സ്ത്രീകളുടെ അന്തസിനെ ബാധിക്കുന്ന യാതൊന്നും ചെയ്യില്ലെന്ന് നാം ഉറപ്പു വരുത്തണം", പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അഴിമതിയും സ്വജനപക്ഷപാതവുമാണ് രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളെന്നും ജനങ്ങൾ അതിനെതിരെ പ്രതികരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരോട് ആളുകൾ സഹതാപം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാക്കുന്നില്ലെന്നും അദ്ദേഹം ആശ്ചര്യപ്പെട്ടു. രാജ്യത്ത് വീടില്ലാത്ത ആളുകളുണ്ട്, എന്നാൽ മറ്റു ചിലർക്കാകട്ടെ, അവരുടെ അനധികൃത സ്വത്ത് സൂക്ഷിക്കാൻ മതിയായ ഇടമില്ലാത്തതിലാണ് ആശങ്കയെന്നും പ്രധാനമന്ത്രി പറഞ്ഞു. "അഴിമതിക്കെതിരായ പോരാട്ടത്തിൽ നമ്മൾ ഒരു നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒരു ഉന്നതനും ഇനി രക്ഷപ്പെടാനാകില്ല," മോദി കൂട്ടിച്ചേർത്തു.
കോൺഗ്രസ്, ആർ.ജെ.ഡി., തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾക്കെതിരായ ശക്തമായ ആക്രമണം കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. അഴിമതിക്കാരെ പരസ്യമായി അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിലെ ചില ഉന്നതർ അന്വേഷണം നേരിടുന്നതും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഒന്നിലധികം അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട കാര്യവും അടുത്തിടെ ടിഎംസി നേതാവ് പാർത്ഥ ചാറ്റർജിയുടെ സഹായികളിൽ നിന്ന് വൻ തുക പിടിച്ചെടുത്തതുമൊക്കെയാണ് പ്രധാനമന്ത്രി പരോക്ഷമായി സൂചിപ്പിച്ചത്.
സ്വജനപക്ഷപാതവും കുടുംബ വാഴ്ചയും വലിയ പ്രശ്‌നങ്ങളാണെന്നും അത് രാഷ്ട്രീയത്തിൽ നിന്ന് ജീവിതത്തിന്റെ മറ്റ് മേഖലകളിലേക്ക് വ്യാപിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വജനപക്ഷപാതത്തിനെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും കുടുംബ വാഴ്ചക്കെതിരെ പോരാടണമെന്നും മോദി ആവശ്യപ്പെട്ടു. രാജ്യത്തെയും അതിന്റെ നേട്ടങ്ങളെയും കുറിച്ച് അഭിമാനിക്കുന്നുവെന്നും സ്വയം പര്യാപ്തതക്ക് ഊന്നൽ നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊളോണിയൽ ഭരണത്തിന്റെ എല്ലാ അടയാളങ്ങളിൽ നിന്നും ഇന്ത്യ പുറത്തു കടക്കണമെന്നും നമ്മുടെ സ്വത്വത്തിൽ അഭിമാനിക്കണമെന്നും വികസിത ഇന്ത്യ എന്നതായിരിക്കണം ഏക ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തിയെന്നും 25 വർഷത്തിനുള്ളിൽ പുതിയ ഉയരങ്ങളിലെത്താൻ നമുക്കു സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 75th Independence Day, Narendra modi, Narendra Modi Govt