ഇന്ത്യയിൽ 2022-23ൽ അവതരിപ്പിക്കാനിരിക്കുന്ന ഇ-പാസ്‌പോർട്ടുകൾ (E-Passport) വഴി വിദേശ യാത്ര എളുപ്പവും വേഗമേറിയതുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൗരന്മാരുടെ സൗകര്യം കണക്കിലെടുത്താണ് ഇത്തരത്തിലൊരു നടപടിയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman) ബജറ്റ് (Budget) പ്രഖ്യാപനത്തിനിടെ വ്യക്തമാക്കി. കമ്പ്യൂട്ടറൈസ്ഡ് അംഗീകാരം കൂടുതൽ സുരക്ഷിതവും വേഗമേറിയതുമായതിനാൽ എയർപോർട്ട് അധികൃതർക്ക് ഇമിഗ്രേഷൻ, സെക്യൂരിറ്റി ചെക്കുകൾ എന്നിവ എളുപ്പത്തിൽ നടത്താൻ ഈ സൌകര്യം വഴി സാധ്യമാകുമെന്നാണ് കരുതുന്നത്.
ഇ-പാസ്പോർട്ട് എത്രത്തോളം സുരക്ഷിതമാണ്?
ഇ-പാസ്‌പോർട്ടുകളിൽ ഇലക്ട്രോണിക് മൈക്രോപ്രൊസസർ ചിപ്പ് ഘടിപ്പിച്ച നൂതന സുരക്ഷാ സംവിധാനങ്ങളുണ്ടാകും. അപേക്ഷകരുടെ വ്യക്തിഗത വിവരങ്ങൾ ഡിജിറ്റലായി ഇതിൽ അടങ്ങിയിരിക്കും. പാസ്പോർട്ട് ഉടമയുടെ ഒപ്പും പാസ്‌പോർട്ട് ബുക്ക്‌ലെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിപ്പിൽ സൂക്ഷിക്കും. ആരെങ്കിലും ചിപ്പിൽ കൃത്രിമം കാണിച്ചാൽ സിസ്റ്റത്തിന് അത് തിരിച്ചറിയാൻ കഴിയും. ഇത് പാസ്‌പോർട്ട് ഒഥെന്റിക്കേഷൻ പരാജയപ്പെടുന്നതിന് കാരണമാകും.
പുതിയ ഇ-പാസ്‌പോർട്ട് വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുമെന്നും ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഎഒ) മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കുമെന്നും വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇ-പാസ്‌പോർട്ടുകൾ അവതരിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ, ഇത്തരം ചിപ്പുകൾ അടങ്ങിയ 20,000 ഔദ്യോഗിക, നയതന്ത്ര ഇ-പാസ്‌പോർട്ടുകൾ പ്രോസസ്സ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇത് വിജയകരമായതിനാൽ എല്ലാ പൗരന്മാർക്കും ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇ-പാസ്‌പോർട്ടുകൾ പ്രവർത്തിക്കുന്നത് എങ്ങനെ?
ഇ-പാസ്‌പോർട്ട് അഥവാ ഡിജിറ്റൽ പാസ്‌പോർട്ട് ഒരു പരമ്പരാഗത പാസ്‌പോർട്ടിന്റെ അതേ ഉദ്ദേശ്യം തന്നെയാണ് നിറവേറ്റുന്നത്. അച്ചടിച്ച പാസ്‌പോർട്ടിന്റെ അതേ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഇലക്ട്രോണിക് ചിപ്പ് അടങ്ങിയതാണ് ഇ-പാസ്‌പോർട്ട്. പാസ്‌പോർട്ട് ഉടമയുടെ പേര്, ജനനത്തീയതി, മറ്റ് വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ മൈക്രോചിപ്പിലായിരിക്കും ഉൾപ്പെടുത്തിയിരിക്കുക.
പാസ്‌പോർട്ടിന്റെ പിൻഭാഗത്ത് ഘടിപ്പിക്കുന്ന ചിപ്പിൽ 64 കിലോബൈറ്റ് സ്‌റ്റോറേജ് സ്‌പേസും ദീർഘചതുരാകൃതിയിലുള്ള ഒരു ആന്റിനയും ഉണ്ടാകും.
തുടക്കത്തിൽ 30 അന്താരാഷ്ട്ര യാത്രകളുടെ വിവരങ്ങൾ ചിപ്പിൽ അടങ്ങിയിരിക്കും. എന്നാൽ പിന്നീടുള്ള ഘട്ടത്തിൽ, വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങൾക്കൊപ്പം പാസ്‌പോർട്ട് ഉടമയുടെ ചിത്രവും ചിപ്പിൽ സൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആരെങ്കിലും ചിപ്പിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചാൽ, അത് പാസ്‌പോർട്ട് റദ്ദാക്കാൻ വരെ കാരണമാകും.
ഇ-പാസ്‌പോർട്ട് അവതരിപ്പിച്ചു കഴിഞ്ഞാൽ, ഇമിഗ്രേഷൻ കൗണ്ടറിന് മുന്നിൽ നീണ്ട ക്യൂവിൽ നിൽക്കേണ്ട ആവശ്യമില്ല. ഇ-പാസ്‌പോർട്ട് ഇമിഗ്രേഷൻ കൗണ്ടറിലെ ഫിസിക്കൽ വെരിഫിക്കേഷന് പകരം മിനിറ്റുകൾക്കുള്ളിൽ സ്‌കാൻ ചെയ്യാനാകും.
മൈക്രോചിപ്പിൽ ഡാറ്റകൾ രേഖപ്പെടുത്തുന്നതിനാൽ തട്ടിപ്പുകാർക്ക് വ്യാജ പാസ്‌പോർട്ട് ഉണ്ടാക്കാനും സാധിക്കില്ല. ഇത്തരത്തിലുള്ള അനധികൃത ബിസിനസ്സുകൾ തടയാനും ഇത് സഹായിക്കും.
ഐഡന്റിറ്റി മോഷണം, വ്യാജരേഖ ചമയ്ക്കൽ എന്നിവ തടയുന്നതിനും ഇ പാസ്പോർട്ടുകൾ സഹായിക്കും.
വിസ സ്റ്റാമ്പിംഗ് പോലുള്ള ജോലികൾ തുടരുന്നതിനാൽ ഇത് പൂർണ്ണമായും കടലാസ് രഹിത രേഖയായിരിക്കില്ല. പക്ഷേ സാധ്യമാകുന്നിടത്തെല്ലാം ഓട്ടോമേഷൻ വഴി പേപ്പറിന്റെ ആവശ്യകത തീർച്ചയായും കുറയ്ക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇ-പാസ്‌പോർട്ട് എന്ന ആശയം പുതിയ ഒന്നല്ല. യുഎസ്, യുകെ, ജർമ്മനി എന്നിവയുൾപ്പെടെ 120ലധികം രാജ്യങ്ങളിൽ ഇതിനകം ബയോമെട്രിക് ഇ-പാസ്‌പോർട്ട് സംവിധാനങ്ങളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Union Budget 2022