• HOME
 • »
 • NEWS
 • »
 • india
 • »
 • Bengal SSC Scam | നോട്ടുകെട്ടുകളുടെ കൂമ്പാരം; ബംഗാളിന്റെയും മമതാ ബാനർജിയുടെയും ഭാവി മാറ്റിമറിക്കുമോ?

Bengal SSC Scam | നോട്ടുകെട്ടുകളുടെ കൂമ്പാരം; ബംഗാളിന്റെയും മമതാ ബാനർജിയുടെയും ഭാവി മാറ്റിമറിക്കുമോ?

"മാ-മതി-മനുഷ്" (അമ്മ-മണ്ണ്-ജനങ്ങൾ) എന്ന മുദ്രാവാക്യവുമായി ഭരണത്തിലെത്തിയ മമത സർക്കാർ വൻ പ്രതിസന്ധിയിലായിരിക്കുകയാണ്.

 • Share this:
  സായന്തൻ ഘോഷ്

  കൊൽക്കത്തയിലെ (Kolkata) ഒരു ഇടത്തരം കുടുംബത്തിൽ നിന്ന് പശ്ചിമ ബംഗാളിന്റെ (West Bengal) മുഖ്യമന്ത്രി പദത്തിലേക്ക് മൂന്ന് തവണ എത്തിയ നേതാവാണ് മമത ബാനർജി (Mamata Banerjee). സത്യസന്ധത, മികച്ച പോരാളി, ജനപക്ഷ നേതാവ് എന്നിങ്ങനെയുള്ള പ്രതിച്ഛായകൾ അടിസ്ഥാനമാക്കിയാണ് തന്റെ രാഷ്ട്രീയ ജീവിതം മമത ബാനർജി പടുത്തുയർത്തത്. എന്നാൽ ഇപ്പോൾ, സ്‌കൂൾ സർവീസ് കമ്മീഷൻ (എസ്‌എസ്‌സി) നിയമന അഴിമതിയും (scam) കോടികളുടെ ക്രമക്കേടും പുറത്തു വന്നതോടെ "മാ-മതി-മനുഷ്" (അമ്മ-മണ്ണ്-ജനങ്ങൾ) എന്ന മുദ്രാവാക്യവുമായി ഭരണത്തിലെത്തിയ മമത സർക്കാർ വൻ പ്രതിസന്ധിയിലായിരിക്കുകയാണ്.

  പാർത്ഥ ചാറ്റർജിയുടെ അടുത്ത സുഹൃത്തിന്റെ വീട്ടിൽ നിന്ന് 50 കോടിയിലധികം രൂപ കണ്ടെടുത്ത സംഭവം ബംഗാളിലെ മാത്രമല്ല രാജ്യത്തുടനീളമുള്ള ജനങ്ങളുടെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. മമത ബാനർജിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായിരുന്നു ചാറ്റർജി. അഴിമതിക്കേസിൽ അറസ്റ്റിലായ പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്നും പാർട്ടി സ്ഥാനങ്ങളിൽ നിന്നും കഴിഞ്ഞ വ്യാഴാഴ്ച പുറത്താക്കി. ഈ അഴിമതിയും ബാനർജിയുടെ വലംകൈ ആയിരുന്ന വ്യക്തിയുടെ ഇതിലെ പങ്കും ബംഗാളിന്റെയും മമത ബാനർജിയുടെയും രാഷ്ട്രീയത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചേക്കാമെന്നത് ഈ സംഭവവികാസങ്ങളിലൂടെ വ്യക്തമാണ്.

   Also Read- 'രാഷ്ട്രപത്നി' പരാമർശത്തിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി എം പി

  സ്‌കൂൾ സർവീസ് കമ്മീഷൻ (എസ് എസ് സി) അഴിമതി മാസങ്ങളായി തുടർന്ന് വരികയായിരുന്നെങ്കിലും, ജൂലൈ 23-ന് പാർത്ഥ ചാറ്റർജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് കാര്യങ്ങളിൽ അപ്രതീക്ഷിതമായ വഴിത്തിരിവുണ്ടായത്. ചാറ്റർജിയുടെ വസതിയിൽ നടത്തിയ അന്വേഷണത്തിൽ അർപ്പിത മുഖർജിയുടെ പേര് പരാമർശിക്കുന്ന പേപ്പറുകൾ കണ്ടെത്തിയതായി ഇഡി അറിയിച്ചു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടാകാനുള്ള സാധ്യതയും ഇഡി കണ്ടെത്തി. ഉടൻ തന്നെ കേന്ദ്ര ഏജൻസി മുഖർജിയുടെ വസതിയിൽ റെയ്ഡ് നടത്തുകയും 20 കോടി രൂപയിലധികം മൂല്യം വരുന്ന പണവും ആഭരണങ്ങളും കണ്ടെത്തുകയും ചെയ്തു. തുടർന്ന് ചാറ്റർജിയെയും അർപ്പിത മുഖർജിയെയും ഇഡി അറസ്റ്റ് ചെയ്തു. ബുധനാഴ്ച, മുഖർജിയുടെ മറ്റൊരു വസതിയിൽ നിന്ന് വീണ്ടും 28 കോടി രൂപയോളം ഇഡി പിടിച്ചെടുത്തു.

  ഈ അഴിമതി ടിഎംസിയെ എങ്ങനെ ബാധിക്കും?

  തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) പൂർണ നിയന്ത്രണം മമതാ ബാനർജിയുടെ കൈകളിൽ ആണെന്നാണ് പൊതുവിലുള്ള വിശ്വാസം. എന്നാൽ, നിലവിലെ ഈ സംഭവം മമത പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുക മാത്രമല്ല, പാർട്ടിക്ക് മേൽ അവർക്കുണ്ടായിരുന്ന നിയന്ത്രണത്തെ സംബന്ധിച്ച് നിരവധി ചോദ്യചിഹ്നങ്ങൾ ഉയർത്തുക കൂടി ചെയ്തിരിക്കുകയാണ്. ബംഗാളിലെ രണ്ടാമത്തെ പ്രധാന കാബിനറ്റ് മന്ത്രി മാത്രമല്ല, ടിഎംസിയുടെ സെക്രട്ടറി ജനറൽ കൂടിയായിരുന്നു പാർത്ഥ ചാറ്റർജി. പാർട്ടിയുടെ തുടക്കം മുതൽ മമതാ ബാനർജിക്കൊപ്പമുണ്ടായിരുന്ന ചാറ്റർജി, നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. ഇടതുപക്ഷ ഭരണകാലത്ത് പ്രതിപക്ഷ നേതാവായിരുന്നു.

  Also Read- എസ്എസ് സി അഴിമതി; പാർഥ ചാറ്റർജിയെ എല്ലാ പാർട്ടി പദവികളിൽ നിന്നും തൃണമൂൽ കോൺഗ്രസ് നീക്കി

  പാർട്ടിയുടെ തുടക്കം മുതൽ മമതാ ബാനർജിയുടെ ഏറ്റവും വലിയ വിശ്വസ്തൻ മുകുൾ റോയ് ആയിരുന്നുവെന്നാണ് തൃണമൂൽ കോൺ​ഗ്രസിനുള്ളിൽ ഉള്ളവരുടെ അഭിപ്രായം. അതേസമയം, മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി പാർട്ടിക്കുള്ളിൽ ഉയർന്നു വന്നതോടെ റോയ് നിരാശനാകുകയും തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയും ചെയ്തു. എന്നാൽ, 2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാനർജി വമ്പിച്ച വിജയം നേടിയതിനെ തുടർന്ന് റോയ് വീണ്ടും ടിഎംസിയിലേക്ക് മടങ്ങിയെത്തി.

  റോയ് തൃണമൂൽ കോൺഗ്രസ് വിട്ടതോടെ മമത ബാനർജി സംഘടനാ നടത്തിപ്പിനായി സുവേന്ദു അധികാരിയെ വളരെയധികം ആശ്രയിച്ചിരുന്നതായാണ് പാർട്ടിക്കുള്ളിൽ ഉള്ളവർ വിശ്വസിക്കുന്നത്. എന്നിരുന്നാലും, 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അധികാരി ടിഎംസി വിട്ട് ബിജെപിയിൽ ചേർന്നു. പാർത്ഥ ചാറ്റർജിയുടെ സമയം മാറ്റിമറിച്ച നിമിഷമായിരുന്നു ഇത്. ടിഎംസിയിലും മമത ബാനർജി സർക്കാരിലും അദ്ദേഹം രണ്ടാമനായി ഉയർന്നു വന്നു. അഭിഷേകിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നിട്ടും, സെക്രട്ടറി ജനറൽ എന്ന നിലയിൽ, ചാറ്റർജി അതി ശക്തനും ചോദ്യം ചെയ്യപ്പെടാത്ത നേതാവുമായി തുടർന്നുവെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു.

  ടിഎംസിയെ പൂർണമായി നിയന്ത്രിക്കുന്നത് മമത ആണോ ?
  സമീപകാല സംഭവവികാസങ്ങളെ തുടർന്ന്, ചാറ്റർജിയെ ക്യാബിനറ്റിൽ നിന്നും പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യണം എന്ന് ആവശ്യം പാർട്ടിക്കുള്ളിൽ തന്നെ ശക്തമായി ഉയർന്നു വന്നു. ഈ വിഷയത്തിൽ മമത ബാനർജി എടുത്ത നിലപാടിനെ എതിർത്ത് നിരവധി ടിഎംസി നേതാക്കൾ രംഗത്തെത്തി. ഈ സാഹചര്യങ്ങൾ തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ അടിയന്തര യോഗം വിളിച്ച് കൂട്ടാനും ചാറ്റർജിയെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യാനും നിർബന്ധിതനാക്കി.

  തുടർന്ന് മമത ബാനർജിയും തന്റെ മന്ത്രിസഭയിൽ നിന്ന് ചാറ്റർജിയെ പുറത്താക്കി.
  എന്നിരുന്നാലും, ടിഎംസിയിൽ ഇത് ഒട്ടും സംഭവിക്കാൻ സാധ്യതയില്ലാതിരുന്ന ഒരു കീഴ്വഴക്കമാണ്, കാരണം പാർട്ടിയിലെ ഒരു നേതാവും പാർട്ടിയുടെ പരമോന്നതപദവിയിലുള്ള നേതാവിന്റെ നിലപാട് പരസ്യമായി ലംഘിക്കാൻ ധൈര്യപ്പെടാറില്ല. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്: ടിഎംസിയിൽ ഇപ്പോൾ രണ്ട് ശക്തി കേന്ദ്രങ്ങളാണ് ഉള്ളത്- ഒന്ന് മമത ബാനർജിയുടേതും മറ്റൊന്ന് അവരുടെ അനന്തരവൻ അഭിഷേക് ബാനർജിയുടേതും. ചാറ്റർജിയെ നീക്കം ചെയ്യാത്തതിനെ ചോദ്യം ചെയ്ത തന്നോട് അടുപ്പമുള്ള യുവ നേതാക്കളെ അഭിഷേക് സംരക്ഷിക്കുന്നുണ്ടെന്ന കാര്യവും ഇതിൽ നിന്നും വ്യക്തമായി.

  ടിഎംസിയുടെ രാഷ്ട്രീയ സാഹചര്യം എങ്ങനെ മാറും

  ഇത് വാസ്തവത്തിൽ ടിഎംസിക്കുള്ളിലെ രാഷ്ട്രീയത്തിന്റെ ഒരു പുതിയ യുഗമാണ്. മമതാ ബാനർജിയുടെ നിലപാടിനെ ചോദ്യം ചെയ്യാനും എതിർക്കാനും ചങ്കൂറ്റമുള്ള നേതാക്കൾ, അതല്ലെങ്കിൽ ഒരു കൂട്ടം നേതാക്കൾ പോലും ഇപ്പോൾ ഉണ്ട്. മാത്രമല്ല ഇവർക്ക് ഉന്നത നേതൃത്വത്തിന്റെ സംരക്ഷണവും ലഭിക്കുന്നു.

  ഇതാദ്യമായല്ല തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് എതിരെ അഴിമതി ആരോപണം ഉയർന്നു വരുന്നത്. മമതയുടെ അനന്തരവൻ അഭിഷേക് ബാനർജി പോലും കൽക്കരി അഴിമതിക്കേസിൽ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. 2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, ക്യാബിനറ്റ് മന്ത്രിയും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കിം, എംഎൽഎ മദൻ മിത്ര, കാബിനറ്റ് മന്ത്രി ആയിരുന്ന അന്തരിച്ച സുബ്രത മുഖർജി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

  മുമ്പ്, തൃണമൂൽ എംപി സുദീപ് മുഖർജിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു, അദ്ദേഹം പാർട്ടിയുടെ ലോക്‌സഭാ നേതാവായിരുന്നു. ഈ കേസുകളിലെല്ലാം മമത ബാനർജി ഈ നേതാക്കൾക്കെതിരെ ശക്തമായി നിലകൊള്ളുകയും പാർട്ടിക്കെതിരെ ഗൂഢാലോചന നടത്തിയതിന് കേന്ദ്ര ഏജൻസികളെ കുറ്റപ്പെടുത്തുകയും ആണ് ചെയ്തിരുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മമതയും തൃണമൂൽ കോൺഗ്രസ്സും ഈ അഴിമതിയിൽ നിന്ന് അകലം പാലിക്കാനാണ് ശ്രമിക്കുന്നത്. മമതാ ബാനർജിയുടെ തന്ത്രങ്ങളിൽ മാറ്റം വന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. നിരന്തരമായി ബുദ്ധിമുട്ടിക്കുന്നു എന്ന് ആരോപിച്ച് കേന്ദ്ര ഏജൻസികൾക്കെതിരെ പോരാട്ടം നടത്തുന്നത് ഇനി മുതൽ പാർട്ടിയുടെ മുൻഗണനയിൽ ഉണ്ടാവില്ല എന്നും ഇതിൽ നിന്ന് വ്യക്തമാണ്.

  ബംഗാളിൽ ഇത് ബിജെപിക്ക് സുവർണാവസരം ആകുമോ ?

  എസ്എസ്‌സി അഴിമതിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന സമീപകാല സംഭവവികാസങ്ങൾ ബംഗാളിലെ ബിജെപിയുടെ രാഷ്ട്രീയ ഭാവിയെയും മാറ്റിമറിച്ചേക്കാം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ കേന്ദ്രീകരിച്ചുള്ള പ്രശ്‌നങ്ങൾ ഉയർത്തി കാട്ടാൻ കഴിയാതിരുന്നത് ഒരു വലിയ പോരായ്മയായാണ് ബിജെപിക്ക് അനുഭവപ്പെട്ടത്. എല്ലാ ജനവിഭാഗങ്ങൾക്കും സാമ്പത്തിക സഹായം നൽകുന്ന മമതാ ബാനർജിയുടെ ക്ഷേമ പദ്ധതികളെ ചെറുക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് ശ്രമകരമായിരുന്നു. എന്നാൽ, നിലവിലെ അഴിമതി കഥകൾ ഈ പ്രശ്നത്തിന് പരിഹാരമായി മാറുകയാണ്.

  അഴിമതി വിഷയത്തിൽ അധികാരത്തിലിരിക്കുന്ന സർക്കാരിനെതിരെ തെരുവിലിറങ്ങാൻ ബിജെപിക്ക് ഇതൊരു വലിയ അവസരമാണ് തുറന്നു കൊടുത്തിരിക്കുന്നത്. ബംഗാൾ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ശുഭേന്ദു അധികാരിയെ സംബന്ധിച്ച് കളിയുടെ ​ഗതി മാറിമറിയുന്ന നിമിഷം കൂടിയാണിത്. ഒന്നാം ദിനം മുതൽ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്ന ബിജെപിയിലെ ഏക നേതാവാണ് അദ്ദേഹം, കാരണം അദ്ദേഹം ആദ്യം ടിഎംസിക്കൊപ്പമായിരുന്നു. അധികാരിക്ക് നേതൃത്വം കൈമാറാൻ അനുയോജ്യമായ ഏറ്റവും പ്രധാനപ്പെട്ട അവസരമാണിതെന്നാണ് ബംഗാളിലെ ബിജെപി നേതാക്കളുടെ ഒരു വിഭാഗം വിശ്വസിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ, ബംഗാളിലെ ബിജെപി ഘടകത്തിൽ, പരമ്പരാഗത നേതാക്കളെ മാറ്റിനിർത്തി അധികാരിയുടെ കീഴിൽ ഒരു പുതുയുഗ നേതൃത്വം ഉയർന്നുവരുകയും ചെയ്യും.

  അധികാരി ടിഎംസിയുടെ ഉൽപ്പന്നം മാത്രമല്ല, ആർഎസ്‌എസുകാരനല്ലാത്ത നേതാവാണ് എന്നതും വളരെ പ്രധാനമാണ്. രാഷ്ട്രീയ സ്വയംസേവക് സംഘവുമായി ബന്ധമുള്ള നേതാക്കളാണ് പരമ്പരാഗതമായി ബംഗാൾ ബിജെപിയിലെ പ്രധാനപ്പെട്ട നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുള്ളത്. 2019, 2021 തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ നയിച്ച മുൻ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് ഒരു കടുത്ത ആർഎസ്എസുകാരനാണ്. അതുപോലെ, നിലവിലെ ബംഗാൾ ബിജെപി മേധാവി സുകാന്ത മജുംദാറും ആർഎസ്എസുമായി അഗാധമായ ബന്ധമുള്ളയാളാണ്. ഈ മാറ്റം സംഭവിച്ചാൽ ബംഗാളിലെ ബിജെപിയുടെ രാഷ്ട്രീയത്തിന്റെ പതിവ് പ്രവണതകളിലും മാറ്റം പ്രകടമായി തുടങ്ങും.

  ഈ അഴിമതി എങ്ങനെയാണ് ഇടതുപക്ഷത്തെ ശ്രദ്ധാ കേന്ദ്രമാക്കുന്നത് ?

  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) രാഷ്ട്രീയത്തിൽ ഈ അഴിമതി എങ്ങനെയാണ് പ്രതിഫലിക്കുക എന്ന് നോക്കാം. 35 വർഷം ബംഗാൾ ഭരിച്ച ഇടതുമുന്നണി സർക്കാർ മമതാ ബാനർജിയുടെ മുന്നേറ്റത്തോടെയാണ് തകർന്നു തരിപ്പണമായത്. ഒന്നിന് പുറകെ ഒന്നായി ഓരോ തെരഞ്ഞെടുപ്പുകളിലും പരാജയം ഏറ്റു വാങ്ങേണ്ടി വന്നു എന്നു മാത്രമല്ല, നിയമസഭാ, ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തിലും ഇടതുപക്ഷത്തിന്റെ നേട്ടം പൂജ്യമായി ചുരുങ്ങി. നിലവിൽ പുറത്തു വന്ന അഴിമതിയും അതിന്റെ അനന്തരഫലങ്ങളും ബം​ഗാളിലെ സിപിഐ എമ്മിന്റെ ഭാവിയെയും ചിലപ്പോൾ മാറ്റിമറിക്കുന്ന സംഭവമായി മാറിയേക്കാം.

  സിപിഐ എമ്മിന്റെ പ്രേരണയോടെയാണ് നിലവിൽ ഈ അഴിമതി പൂർണമായും പുറത്തു വന്നത്. ഈ അഴിമതികളിലൂടെ സംസ്ഥാന സർക്കാർ വഞ്ചിച്ചെന്ന് പരാതിപ്പെട്ടവർക്ക് ഒപ്പം പാർട്ടി നിലകൊള്ളുക മാത്രമല്ല, ഈ ക്രമക്കേടുകൾക്കെതിരെ കൽക്കട്ട ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. സിപിഐ-എം രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ ബികാഷ് രഞ്ജൻ ഭട്ടാചാര്യയാണ് കൽക്കട്ട ഹൈക്കോടതിയിൽ ഈ കേസുകൾ വാദിച്ചതും സിബിഐ അന്വേഷണം കൊണ്ടുവന്നതും. അതുകൊണ്ടാണ് ഈ സാഹചര്യത്തിൽ സിപിഐ-എം ശ്രദ്ധാ കേന്ദ്രമാകുന്നത്. ഈ അവസരം സിപിഐ-എമ്മിന് പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ വരും നാളുകളിൽ രാഷ്ട്രീയ സാഹചര്യം ഇവർക്ക് അനുകൂലമായി മാറിയേക്കാം.

  രാഷ്ട്രീയത്തിൽ ഒന്നും ലളിതമല്ല. ഭാവിയിൽ ബംഗാളിൽ എന്ത് സംഭവിക്കും എന്നത് അജ്ഞാതമാണ്. എന്നാൽ, ഈ അഴിമതി, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തെ മാറ്റിമറിച്ചു എന്നതിൽ സംശയമില്ല. ഈ അഴിമതി പൊതുജന മനസാക്ഷിയെ ഞെട്ടിക്കുക മാത്രമല്ല ബംഗാളിന്റെ യശ്ശസ്സിനെ കളങ്കപ്പെടുത്തുക കൂടിയാണ് ചെയ്തിരിക്കുന്നത്.

  (കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു സ്വതന്ത്ര പത്രപ്രവർത്തകനും കോളമിസ്റ്റും ഡൽഹി അസംബ്ലി റിസർച്ച് സെന്ററിലെ മുൻ പോളിസി റിസർച്ച് ഫെലോയുമാണ് ലേഖകൻ. ലേഖകന്റെ കാഴ്ചപ്പാടുകൾ തികച്ചും വ്യക്തിപരമാണ്, പ്രസിദ്ധീകരണത്തിന്റെ നിലപാടുകളെ പ്രതിനിധീകരിക്കുന്നില്ല.)
  Published by:Arun krishna
  First published: