• HOME
 • »
 • NEWS
 • »
 • india
 • »
 • Modi@8 | ഇന്ത്യയുടെ വാക്സിൻ ക്യാംപെയ്ൻ മിഥ്യാധാരണകളെ പൊളിച്ചെഴുതി; ലോകത്തിന് മാതൃക: എൻ.കെ. അറോറ

Modi@8 | ഇന്ത്യയുടെ വാക്സിൻ ക്യാംപെയ്ൻ മിഥ്യാധാരണകളെ പൊളിച്ചെഴുതി; ലോകത്തിന് മാതൃക: എൻ.കെ. അറോറ

റോഡുകളില്ലാത്ത സ്ഥലങ്ങളിൽ വാക്സിനുകൾ എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിച്ചു. ചിലയിടങ്ങളിൽ വാക്സിനുകൾ എത്തിക്കാൻ സൈക്കിളുകൾ ഉപയോഗിച്ചു. മരുഭൂമികളിൽ ഒട്ടകങ്ങളാണ് ഇതിനായി സഹായിച്ചത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  #ഡോ. എൻ.കെ. അറോറ

  1.4 ബില്യൺ ജനങ്ങൾക്ക് കോവിഡ് -19 വാക്സിനേഷൻ നൽകാൻ ഇന്ത്യയ്ക്ക് ഒരു ദശാബ്ദത്തിലേറെ സമയമെടുക്കുമെന്ന് പ്രശസ്തമായ ഒരു അന്താരാഷ്ട്ര മാധ്യമ സ്ഥാപനം പ്രവചിച്ചിരുന്നു. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷൻ ക്യാംപെയ്നുകളിലൊന്ന് ഞങ്ങൾ ആരംഭിച്ചു. വെറും ഒരു വർഷവും നാല് മാസവും കൊണ്ട്, 15 വയസ്സിന് മുകളിലുള്ള മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകി സാർവത്രിക വാക്‌സിനേഷൻ എന്ന ലക്ഷ്യം കൈവരിച്ചു. രാജ്യത്തെ ജനസംഖ്യയുടെ 97% പേരും അവരുടെ ആദ്യത്തെ ഡോസ് എടുത്തിട്ടുണ്ട്. 86% പേർ രണ്ട് ഡോസും എടുത്തു.

  ഈ പ്രവചനത്തെ മാത്രമല്ല രാജ്യത്തെ കോവിഡ് -19 വാക്സിനേഷൻ ഡ്രൈവ് ഇല്ലാതാക്കിയത്. പൊതുജനാരോഗ്യ മേഖലയിലും അതു സംബന്ധിച്ച മറ്റു പല മേഖലകളിലുമുള്ള മിഥ്യാധാരണകളെ രാജ്യം കോവിഡിനെ നേരിട്ട രീതി വഴി ഇല്ലാതാക്കി.

  ഇന്ത്യയിലെ വാക്‌സിൻ നിർമ്മാതാക്കൾ കേവലം കരാർ തൊഴിലാളികൾ മാത്രമല്ലെന്ന് തെളിയിച്ചു. അവർ വാക്‌സിൻ ഡെവലപ്പർമാർ കൂടിയാണ്. ഇന്ത്യയുടെ വാക്‌സിൻ ഗവേഷണത്തിലെ പൊതു-സ്വകാര്യ പങ്കാളിത്തം സമയപരിധിയിക്കിടെയും നടപ്പിലാക്കി. ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററി സിസ്റ്റം കാര്യക്ഷമമാണ് എന്നു മാത്രമല്ല, നൂതനം ആയിരിക്കുമെന്നും തെളിയിക്കപ്പെട്ടു. പൊതുമേഖലയിലെ ഇന്ത്യയുടെ വാക്‌സിൻ ലോജിസ്റ്റിക്‌സ് സേവനം ആഗോള സംവിധാനങ്ങളോടു പോലും കിടപിടിക്കാൻ പര്യാപ്തമാണെന്നും നാം തെളിയിച്ചു. ഡിജിറ്റൽ പോർട്ടലായ കോ-വിനിലൂടെ (Co-Win) ആരോഗ്യ മേഖലയിലെ സാങ്കേതികവത്കരണത്തിൽ വികസിത രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തിന് മാതൃകയാകാൻ ഇന്ത്യക്ക് കഴിയുമെന്നും തെളിയിച്ചു. രാജ്യത്തെ സമ്പന്നരും ഇടത്തരക്കാരും സ്വകാര്യ മേഖലയെക്കാൾ പൊതുമേഖലയെ ആശ്രയിച്ചത് ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനത്തിന് അതിശയകരമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് തെളിയിച്ചു. ക്രിയാത്മകമായ നയങ്ങളും ഫലപ്രദമായ സാമൂഹിക ഇടപെടലുകളും വഴി ആളുകളെ അന്ധവിശ്വാസങ്ങളിൽ നിന്ന് പുറത്തു കൊണ്ടുവന്ന് ശാസ്ത്രത്തിന്റെ വഴിയേ നയിക്കാനും സാധിച്ചു.

  കോവിഡ് -19 കാലത്തെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഫലമായും പൊതുജനാരോഗ്യ കാര്യത്തിൽ മുമ്പെന്നത്തേക്കാളും വ്യത്യസ്‌തമായി ഇടപെട്ടതു കൊണ്ടും ശാസ്ത്രജ്ഞർ, ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ധർ, ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, വ്യവസായികൾ എന്നിവരെല്ലാം വ്യക്തമായ ലക്ഷ്യങ്ങളോടെ പ്രവർത്തിച്ചതു കൊണ്ടുമാണ് ഈ നേട്ടങ്ങളെല്ലാം സാധ്യമായത്. ഓരോ ഘട്ടത്തിനും മുൻപ് ആ ലക്ഷ്യത്തിലേക്കെത്താൻ തീവ്രമായ തയ്യാറെടുപ്പുകളും നടത്തിയിരുന്നു.

  ഉദാഹരണത്തിന്, ഒരു വർഷത്തിനുള്ളിൽ ഒരു കോവിഡ് -19 വാക്സിൻ കണ്ടെത്തുന്നത് അസാധ്യമായ ഒരു കാര്യം ആണെന്നായിരുന്നു 2020 ന്റെ തുടക്കത്തിൽ കരുതിയിരുന്നത്. എന്നാൽ 2021 ജനുവരി 1 ഓടെ, അതായത് വൈറസ് ഇന്ത്യയിലെത്തി ഒരു വർഷത്തിനുള്ളിൽ, രണ്ട് വാക്‌സിനുകൾക്ക് (കോവാക്സിൻ, കോവിഷീൽഡ് ) എമർജൻസി യൂസ് ഓതറൈസേഷൻ ലഭിച്ചു. മറ്റു പലതും നിർമ്മാണ ഘട്ടത്തിലാണ്. ഏറ്റവും പരമ്പരാഗതമായത് മുതൽ ഏറ്റവും അത്യാധുനികമായ സാങ്കേതികവിദ്യകൾ വരെ വാക്സിൻ നിർമാണത്തിൽ ഉൾപ്പെടുന്നു. 2020 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കോവിഡ്-വാക്‌സിൻ വികസിപ്പിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദഗ്ധ സമിതികളെ രൂപീകരിച്ചതിനാലാണ് ഇതെല്ലാം സാധ്യമായത്. റിവേഴ്‌സ് എഞ്ചിനീയറിംഗ് ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളിൽ മാത്രമാണ് ഇന്ത്യൻ മരുന്നു വ്യവസായം മികവ് പുലർത്തുന്നതെന്ന ധാരണകളെ ഈ നേട്ടം പൂർണ്ണമായും തകർത്തു. ശരിയായ പ്രോത്സാഹനങ്ങൾ നൽകിയാൽ, ആഗോള വാക്‌സിൻ വ്യവസായത്തിലെ മുൻനിര പ്രവർത്തകരായി നമുക്ക് ഉയർന്നുവരാൻ കഴിയുമെന്നും ഇത് തെളിയിക്കുന്നു.

  ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും സഹകരിച്ച് വികസിപ്പിച്ച കോവാക്‌സിന്റെ വിജയം പൊതുജനാരോഗ്യ മേഖലയിൽ പൊതു-സ്വകാര്യ പങ്കാളിത്തം പ്രവർത്തിക്കുന്നില്ല എന്ന ദീർഘകാലമായുള്ള ചിന്തയെ തകർത്തു. ഈ അനുഭവം ഇപ്പോൾ ഒരു മാതൃകയായി വർത്തിക്കുന്നു. പൊതു-സ്വകാര്യ മേഖലയിലുള്ളവർ ഒരുമിച്ച് ഒരു ജീവൻ രക്ഷിക്കുന്ന ഉൽപന്നം സമയബന്ധിതമായി നിർമിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിച്ചത് നാം കണ്ടു.

  നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് , സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ എന്നിവയുൾപ്പെടെയുള്ള റെഗുലേറ്ററി ​സമിതികൾ വാക്‌സിനുകൾ അംഗീകാരം നൽകുന്നതിനുള്ള പ്രക്രിയകൾ വേ​ഗത്തിലാക്കി. തുടർച്ചയായി ഡാറ്റ അവലോകനങ്ങൾ നടത്തി. ഒരു വർഷത്തിനുള്ളിൽ നിർമിച്ച വാക്സിൻ ജനങ്ങളിലെത്താൻ വർഷങ്ങൾ സമയം എടുത്തേക്കാം. കോവിഡിന് മുമ്പുള്ള സമയത്ത്, ഈ പ്രക്രിയയ്ക്ക് 5 മുതൽ 10 വർഷം വരെ കാലദൈർഘ്യം എടുക്കാമായിരുന്നു. അംഗീകാര പ്രക്രിയ വേഗമേറിയതും കാര്യക്ഷമവുമാക്കുന്നതിന് റെഗുലേറ്ററി സംവിധാനങ്ങളുമായി ചേർന്ന് എങ്ങനെ പ്രവർത്തിക്കണമെന്ന് ഈ അനുഭവം ഞങ്ങളെ പഠിപ്പിച്ചു.

  കോവിഡ് വാക്‌സിനേഷൻ പ്രോഗ്രാമിനായി വാക്‌സിൻ ലോജിസ്റ്റിക്‌സ് ഡെലിവറി സംവിധാനം (vaccine logistics delivery system) പരിഷ്‌കരിക്കുന്നതിനും അപ്‌ഗ്രേഡ് ചെയ്യുന്നതിനുമായി പതിറ്റാണ്ടുകൾ നീണ്ട സാർവത്രിക പ്രതിരോധ കുത്തിവയ്‌പ്പ് പദ്ധതിയിലേക്ക് രാജ്യം കാലെടുത്തു വച്ചു. ഗുണനിലവാരം ഉറപ്പു വരുത്തിയ വിവിധ വാക്‌സിൻ ഡോസുകൾ നിർമ്മാതാവിന്റെ പക്കൽ മുതൽ വാക്‌സിനേഷൻ സെന്ററിലേക്ക് കൊണ്ടുപോകുന്നതു വരെയുള്ള പ്രവർത്തനങ്ങൾ ഇന്ത്യ എങ്ങനെ നിരീക്ഷിച്ചു എന്നത് മാനേജ്‌മെന്റ് വിദ്യാർത്ഥികൾക്കുള്ള പഠന വിഷയം പോലുമായി മാറിയേക്കും. റോഡുകളില്ലാത്ത സ്ഥലങ്ങളിൽ വാക്സിനുകൾ എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിച്ചു. ചിലയിടങ്ങളിൽ വാക്സിനുകൾ എത്തിക്കാൻ സൈക്കിളുകൾ ഉപയോഗിച്ചു. മരുഭൂമികളിൽ ഒട്ടകങ്ങളാണ് ഇതിനായി സഹായിച്ചത്. നദികളിൽ ബോട്ടുകളിലായി വാക്സിൻ കൊണ്ടുപോയി. കുന്നിൻ പ്രദേശങ്ങളിൽ ചുമലിലേന്തിയാണ് വാക്സിൻ കൊണ്ടുപോയത്.

  2020-ന്റെ മധ്യത്തോടെ, കോവിഡ്-19-നുള്ള വാക്സിൻ അഡ്മിനിസ്ട്രേഷനായുള്ള നാഷണൽ എക്സ്പെർട്ട് ഗ്രൂപ്പ് ( National Expert Group on Vaccine Administration for COVID-19 - NEGVAC) പോലെയുള്ള പ്രത്യേക കമ്മിറ്റികൾ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ചു പ്രവർത്തിച്ച് ഓരോ വിശദാംശങ്ങളും ചർച്ച ചെയ്‌തതിനാലും ഡിമാൻഡ്-സപ്ലൈ വിലയിരുത്തലുകൾ തത്സമയം നടത്തിയതിനാലുമാണ് ഇതെല്ലാം സാധ്യമായത്.

  കോ-വിൻ പോർട്ടൽ വഴി, വിവരങ്ങൾ ലഭ്യമാകുന്നതു സംബന്ധിച്ച അസമത്വം കുറക്കുകയും, പണക്കാരനും പാവപ്പെട്ടവരും വിഐപികളും സാധാരണക്കാരുമെല്ലാം, വാക്സിനുകൾക്കായി ഒരേ ക്യൂവിൽ നിൽക്കുന്ന ജനാധിപത്യ രീതി നടപ്പിലാക്കുകയും ചെയ്തു. പല വികസിത രാജ്യങ്ങളും ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകാൻ പാടുപെടുമ്പോൾ, ഇന്ത്യ തുടക്കം മുതൽ തന്നെ ഡിജിറ്റൽ വാക്സിൻ സർട്ടിഫിക്കറ്റുകൾ നൽകാൻ തുടങ്ങി.

  ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ശാസ്ത്രജ്ഞരുമായി ചേർന്ന് പ്രവർത്തിച്ച് ശക്തവും ക്രിയാത്മകവുമായ ആശയവിനിമയ തന്ത്രം രൂപപ്പെടുത്തുകയും വിശ്വാസ്യത ആർജിക്കുകയും ചെയ്തു. വാക്‌സിൻ കൈകാര്യം ചെയ്യുന്നത് മുതൽ ദുർബലരായ ചില ഗ്രൂപ്പുകൾക്ക് എന്തിനാണ് മറ്റുള്ളവരെക്കാൾ മുൻഗണന നൽകേണ്ടതെന്ന് ആളുകളെ ബോധ്യപ്പെടുത്തിയും സ്‌കൂളുകൾ അടച്ചുപൂട്ടി, വീണ്ടും തുറന്നു പ്രവർത്തിക്കാൻ നിർദേശം നൽകിയുമൊക്കെ മഹാമാരിയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളിലും വിദഗ്ധർ ജനങ്ങളോട് നേരിട്ട് സംസാരിക്കുന്നത് ഉറപ്പാക്കി.

  പ്രധാനമന്ത്രി മോദി തന്നെയാണ് സോഷ്യൽ മൊബിലൈസേഷൻ കാമ്പെയ്‌ൻ നയിച്ചത്. പൊതു പ്രസംഗങ്ങളിലൂടെ സമൂഹത്തെ അണിനിരത്തുകയും വാക്‌സിൻ നിർമ്മാതാക്കളുമായും നയങ്ങൾ രൂപീകരിക്കുന്നവരുമായും താഴെത്തട്ടിലുള്ള ആരോഗ്യ പ്രവർത്തകരുമായും നേരിട്ട് ഇടപഴകുകയും ചെയ്തു. പ്രാദേശിക പാരമ്പര്യങ്ങളുമായി സമന്വയിപ്പിച്ച്, ചില പ്രദേശങ്ങളിൽ മഞ്ഞൾ അരി വിളമ്പിക്കൊണ്ട് വാക്സിനേഷനായി ആളുകളെ ആകർഷിച്ചു. വാക്‌സിൻ എടുക്കാൻ മടിക്കുന്നവർക്കായി 'ഹർ ഘർ ദസ്തക്' എന്ന ക്യാംപെയ്ൻ സംഘടിപ്പിച്ചു.

  ആളുകളുടെ വൻതോതിലുള്ള പങ്കാളിത്തത്തേക്കാൾ വലിയൊരു തെളിവ് വാക്സിനേഷൻ ഡ്രൈവുമായി ബന്ധപ്പെട്ട് നൽകാനില്ല. ഈ ഡ്രൈവിന്റെ വിജയം ഇന്ത്യയുടെ ദേശീയതയിലൂന്നിയ പ്രവർത്തനങ്ങൾക്ക് തെളിവായി നിലനിൽക്കുന്നു. ഏത് പ്രതികൂല സാഹചര്യങ്ങളാണിലും അത് അവസരത്തിനൊത്ത് ഉയരുന്നു. കോവിഡ്-19 വാക്‌സിനേഷൻ ഡ്രൈവ് നമ്മുടെ കഴിവുകളെക്കുറിച്ച് മനസ്സിലാക്കിത്തന്നു. നമ്മുടെ നേട്ടങ്ങൾ ഏകീകരിക്കാനും പൊതുജനാരോഗ്യം സംബന്ധിച്ച പ്രവർത്തനങ്ങൾക്കായി കോവിഡ്-19 നൽകിയ പാഠങ്ങൾ ഉൾക്കൊള്ളാനുമുള്ള സമയമാണിത്.

  (നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷന്റെ (National Technical Advisory Group of Immunisation (NTAGI)) തലവനാണ് ഡോ. എൻ കെ അറോറ)
  Published by:user_57
  First published: