• HOME
 • »
 • NEWS
 • »
 • india
 • »
 • Twin Tower Demolition | ഫ്ലാറ്റ് പൊളിക്കൽ ഡൽഹിയെയും നോയിഡയെയും എങ്ങനെ ബാധിക്കും? മലിനീകരണത്തെക്കുറിച്ച് ആശങ്ക

Twin Tower Demolition | ഫ്ലാറ്റ് പൊളിക്കൽ ഡൽഹിയെയും നോയിഡയെയും എങ്ങനെ ബാധിക്കും? മലിനീകരണത്തെക്കുറിച്ച് ആശങ്ക

ഡല്‍ഹിയിലെ കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ള 40 നില കെട്ടിടങ്ങളാണ് ഈ ഇരട്ട ടവറുകള്‍.

 • Last Updated :
 • Share this:
  സൂപ്പര്‍ടെക്കിന്റെ നോയിഡയിലെ (noida) ഇരട്ട ടവറുകള്‍ (twin tower) തകര്‍ന്നു വീഴാന്‍ ഇനി ഏതാനും ദിവസങ്ങൾ മാത്രം. എഞ്ചിനീയറിംഗ് (engineering) രംഗത്തെ വിസ്മയകരമായ കാഴ്ചയ്ക്കാണ് ജനങ്ങള്‍ സാക്ഷികളാകാന്‍ പോകുന്നത്. എന്നാല്‍ ടവറുകള്‍ പൊളിക്കുമ്പോൾ ഉണ്ടാകുന്ന മലിനീകരണത്തെക്കുറിച്ചാണ് (pollution) നിലവിലത്തെ ആശങ്ക.

  ഡല്‍ഹിയിലെ കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ള 40 നില കെട്ടിടങ്ങളാണ് ഈ ഇരട്ട ടവറുകള്‍. ഇവ നിലം പൊത്തുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പൊടിയും അവശിഷ്ടങ്ങളെയും സംബന്ധിച്ചാണ് യുപി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആശങ്കപ്പെടുന്നത്.

  അപെക്‌സ്, സെയാന്‍ എന്നീ ടവറുകള്‍ തകര്‍ക്കുമ്പോള്‍ ഏകദേശം 42,000 ക്യുബിക് മീറ്റര്‍ അവശിഷ്ടങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ടവര്‍ നിന്ന ഭാഗത്തിന് ചുറ്റും അവശിഷ്ടങ്ങള്‍ ഉണ്ടാകും. അവയുടെ വലിയൊരു ഭാഗം ബേസ്‌മെന്റില്‍ തന്നെയായിരിക്കും സ്ഥാപിക്കുക. ബാക്കിയുള്ളവ നോയിഡയിലെ ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് മാറ്റുകയും ശാസ്ത്രീയമായി സംസ്‌ക്കരിക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. കുറച്ച് അവശിഷ്ടങ്ങള്‍ സമീപത്തെ റോഡിലേയ്ക്ക് വീഴാനും സാധ്യതയുണ്ട്.

  ഇരട്ട ടവറുകള്‍ പൊളിക്കുന്നത് വഴി 4000 ടണ്‍ ഇരുമ്പ് അവശിഷ്ടങ്ങളും ഉണ്ടാകും. ടവറുകൾ പൊളിക്കുന്നതിനും മറ്റുമായി വരുന്ന ചെലവ് ഇത് വിറ്റ് ലാഭിക്കും. അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യാന്‍ 90 ദിവസം സമയമെടുക്കുമെന്നാണ് കണക്കു കൂട്ടല്‍.


  പൊടിപടലങ്ങള്‍ക്ക് എന്ത് സംഭവിയ്ക്കും?

  'വളരെ വലിയ ഒരു കെട്ടിടം പൊളിയ്ക്കലാണ് നടക്കാന്‍ പോകുന്നത്. എന്നാല്‍ വളരെക്കാലം നീണ്ടുനില്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ ഒന്നും തന്നെ ഉണ്ടാകുമെന്ന് കരുതുന്നില്ല. ഒരാഴ്ചയോ മറ്റോ പൊടിപടലങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.' കാണ്‍പൂര്‍ ഐഐടിയിലെ സിവില്‍ എഞ്ചിനീയറിംഗ് സീനിയര്‍ പ്രൊഫസര്‍ ഡോ സച്ചിദാനന്ദ് ത്രിപാഠി വ്യക്തമാക്കി. വലിയ തോതിലുള്ള കോണ്‍ക്രീറ്റ് നിര്‍മ്മിതിയാണ് പൊളിയ്ക്കുന്നത്. അതുകൊണ്ടു തന്നെ പൊടി ഒരുപാട് പുറത്തേയ്ക്ക് വരാനുള്ള സാധ്യതയുണ്ട്. വെള്ളം തളിച്ച് പൊടിപടലങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമിക്കുക.

  പൊടി പടലങ്ങള്‍ തടയുന്നതിനായി വാട്ടര്‍ സ്പ്രിംഗ്‌ളര്‍, അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ സ്ഥലത്ത് വിന്യസിക്കും. അവശിഷ്ടങ്ങള്‍ ഒരുപാട് ദൂരത്തേയ്ക്ക് വ്യാപിക്കാതിരിക്കാന്‍ കെട്ടിടത്തിന്റെ ഓരോ നിലകളിലും അധികൃതര്‍ ജിയോ ഫൈബറിന്റെ തുണി ചുറ്റിയിട്ടുണ്ട്. 30 അടി ഉയരമുള്ള ഇരുമ്പ് ഭിത്തിയും ഈ ടവറുകളുടെ ചുറ്റും സ്ഥാപിച്ചിട്ടുണ്ട്.

  ഓഗസ്റ്റ് 28നാണ് ടവര്‍ പൊളിയ്ക്കുന്നത്. ഈ സമയം വടക്ക് പടിഞ്ഞാറ് കാറ്റിനുള്ള സാധ്യതയുണ്ട്, അതിനാല്‍ പൊടി ആദ്യം ഉത്തര്‍പ്രദേശിലേയ്ക്ക് ആകും നീങ്ങുക. എന്നാല്‍ 29-ാം തീയതി കിഴക്ക് നിന്നുള്ള കാറ്റ് കാരണം ഇതിന്റെ ദിശ മാറും. ഇത് ഡല്‍ഹിയ്ക്ക് ഭീഷണിയാണ്. 29ന് മഴ പെയ്താല്‍ മലിനീകരണം ഇല്ലാതാകും. സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റിന്റെ വൈസ് പ്രസിഡന്റ് മഹേഷ് പലാവത്ത് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ വിശദീകരിച്ചിരിക്കുന്നത്.

  മലിനീകരണവുമായി ബന്ധപ്പെട്ട് മുന്‍കരുതലുകള്‍ എടുക്കാന്‍ തദ്ദേശവാസികള്‍ക്ക് വായുവിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ നോയിഡ അതോറിറ്റി അറിയിക്കും. പൊളിക്കലിന് ശേഷം ഉണ്ടാകാന്‍ സാധ്യതയുള്ള മലിനീകരണത്തെക്കുറിച്ച് തദ്ദേശവാസികള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി ടവറുകള്‍ക്ക് സമീപം ഉപകരണങ്ങള്‍ സ്ഥാപിക്കുകയും അതിലെ വിവരങ്ങള്‍ ജനങ്ങളുമായി പങ്കിടുമെന്നും നോയിഡ അതോറിറ്റി സിഇഒ റിതു മഹേശ്വരി വ്യക്തമാക്കി.

  അതേസമയം, ഇന്ത്യന്‍ എയര്‍ഫോഴ്‌സും എയര്‍പോര്‍ട്ട് അതോരിറ്റിയും ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.
  Published by:Amal Surendran
  First published: