ഇന്റർഫേസ് /വാർത്ത /India / 'മകളുടെയും ഭർത്താവിന്റെയും സ്നേഹ സല്യൂട്ട്'; സുഷമ സ്വരാജിന് വിട നൽകി രാജ്യം

'മകളുടെയും ഭർത്താവിന്റെയും സ്നേഹ സല്യൂട്ട്'; സുഷമ സ്വരാജിന് വിട നൽകി രാജ്യം

News18

News18

ഔദ്യോഗിക വസതിയിലും ബിജെപി ആസ്ഥാനത്തും ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് രാജ്യം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കി. ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം സംസ്കരിച്ചു. ഔദ്യോഗിക വസതിയിലും ബിജെപി ആസ്ഥാനത്തും ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. മരണാനന്തര ക്രിയകള്‍ നടത്തിയത് മകള്‍ ബന്‍സൂരി സ്വരാജായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് പുറമെ പ്രധാനമന്ത്രിയും മന്ത്രിമാരും അടക്കം രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

  ഭർത്താവ് സ്വരാജ് കൗശലും മകൾ ബൻസൂരി സ്വരാജും വിട ചൊല്ലിയ നിമിഷം ഈറനണിയാത്ത കണ്ണുകളൊന്നും ബിജെപി ആസ്ഥാനത്ത് ഇല്ലായിരുന്നു. സ്നേഹ സല്യൂട്ട് നൽകിയാണ് ഇരുവരും സുഷമക്ക് യാത്രയയപ്പ് നൽകിയത്.

  ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് സുഷമ അന്തരിച്ചത്. എയിംസില്‍നിന്ന് പുലര്‍ച്ചെയോടെ ഭൗതികശരീരം ഡല്‍ഹിയിലെ വസതിയിലെത്തിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ ഭരണകര്‍ത്താക്കളും രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

  സുഷമാ സ്വരാജിന്റെ നിര്യാണത്തെ തുടര്‍ന്ന് ഡല്‍ഹിയിലും ഹരിയാനയിലും രണ്ടുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യം കണ്ടതില്‍വച്ച് ഏറ്റവും കരുത്തുള്ള ജനപ്രിയ വിദേശകാര്യ മന്ത്രിയെന്ന നിലയിലാണ് സുഷമാ സ്വരാജിനെ രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിച്ചിട്ടുള്ളത്. ദേശീയകക്ഷിയുടെ വക്താവാകുന്ന ആദ്യ വനിത, കാബിനറ്റ് മന്ത്രിയാകുന്ന ആദ്യ വനിത, ആദ്യ വനിതാ പ്രതിപക്ഷനേതാവ് , ആദ്യ വനിതാ വിദേശകാര്യ മന്ത്രി എന്നീ ചരിത്രസ്ഥാനങ്ങള്‍ക്ക് ഉടമയാണു സുഷമ. മികച്ച പാര്‍ലമെന്റേറിയനുള്ള ബഹുമതി രണ്ടുതവണ നേടിയ ഏക വനിതാ അംഗവും സുഷമയാണ്.

  First published:

  Tags: Former external affairs minister, Former union minister, Sushama swaraj, Sushma Swaraj, Sushma swaraj age, Sushma swaraj death, Sushma swaraj latest news, Sushma swaraj news, Sushma Swaraj Passes Away