• HOME
  • »
  • NEWS
  • »
  • india
  • »
  • 'ഞാൻ ആജീവനാന്തം ഒരു വിദ്യാർത്ഥി ആയിരിക്കും'; പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

'ഞാൻ ആജീവനാന്തം ഒരു വിദ്യാർത്ഥി ആയിരിക്കും'; പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യൻ അധ്യാപകരുടെ സംഭാവന ലോകത്തിന് തന്നെ വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Share this:

    ആജീവനാന്തം താൻ ഒരു വിദ്യാർത്ഥിയായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓൾ ഇന്ത്യ പ്രൈമറി ടീച്ചേഴ്‌സ് ഫെഡറേഷനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് താൻ ആജീവനാന്തം ഒരു വിദ്യാർത്ഥി ആയിരിക്കുമെന്നും ഇന്ത്യൻ അധ്യാപകരുടെ സംഭാവന ലോകത്തിന് തന്നെ വളരെ പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

    ടോയ്‌ലറ്റുകളുടെ അഭാവം മൂലം പെൺകുട്ടികൾ സ്‌കൂളിൽ നിന്ന് കൊഴിഞ്ഞു പോകുന്ന പ്രവണതയ്ക്കെതിരെ രാജ്യത്ത് ഒരു കാമ്പയിൻ നടത്തിയിരുന്നെന്നും തുടർന്ന് ഇപ്പോൾ കൊഴിഞ്ഞ് പോക്ക് നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഗോത്രമേഖലയിൽ ശാസ്ത്രം പഠിപ്പിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ അവിടെ നിന്നുള്ള കുട്ടികളും ഡോക്ടർമാരാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ലോകത്തിൽ ഇന്ത്യൻ അധ്യാപകരുടെ സംഭാവന

    എന്റെ ആദ്യ വിദേശ യാത്ര ഭൂട്ടാനിലേക്കായിരുന്നു, അവിടെ എന്റെ തലമുറയിലെ ആളുകളെ ഇന്ത്യയിൽ നിന്നുള്ള അധ്യാപകരാണ് പഠിപ്പിച്ചതെന്ന് ഭൂട്ടാൻ ഉദ്യോഗസ്ഥർ പറഞ്ഞതായും മോദി പറഞ്ഞു. ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് ഗ്രാബ്രെസിയസ് ഒരിക്കൽ അദ്ദേഹത്തിനൊരു ഇന്ത്യൻ പേര് നല്കണം എന്നാവശ്യപ്പെടുകയും മിസ്റ്റർ തുളസി എന്ന് പരസ്യമായി പേരിട്ടതായും പ്രധാനമന്ത്രി പറഞ്ഞു. കുട്ടിക്കാലം മുതൽ അദ്ദേഹത്തിന്റെ ജീവിതം കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യൻ അധ്യാപകരുടെ സംഭാവനയുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി അഭിമാനത്തോടെ പറഞ്ഞതായും മോദി പറഞ്ഞു.

    ഇന്ത്യൻ അധ്യാപകർ ലോകത്ത് എവിടെ പോയാലും തലമുറകൾ എത്ര കഴിഞ്ഞാലും ആളുകൾ അവരെ ഓർക്കും. ഞാൻ ആജീവനാന്ത അധ്യാപകനാണെന്ന് പുരുഷോത്തം രൂപാല പറയുന്നതുപോലെ, ഞാൻ ആജീവനാന്ത വിദ്യാർത്ഥിയാണെന്ന് അഭിമാനത്തോടെ പറയുന്നു എന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

    21-ാം നൂറ്റാണ്ടിന്റെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം മാറിക്കൊണ്ടിരിക്കുന്നു. അധ്യാപകരും മാറിക്കൊണ്ടിരിക്കുന്നു, അതോടൊപ്പം വിദ്യാർത്ഥികളും മാറുന്നു. മാറുന്ന ഈ സാഹചര്യത്തിൽ നമ്മൾ എങ്ങനെ മുന്നോട്ട് പോകും എന്നതാണ് പ്രധാനം.

    നേരത്തെ അധ്യാപകർക്ക് വിഭവങ്ങളുടെ അഭാവം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇന്ന് സ്ഥിതിഗതികൾ മാറി, വിഭവങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും പ്രശ്നം നമ്മൾ മറികടക്കുകയാണ്. എന്നാൽ ഇന്നത്തെ വിദ്യാർത്ഥികളുടെ അറിവിനോടുള്ള ജിജ്ഞാസ അധ്യാപകർക്ക് ഒരു വെല്ലുവിളിയായി മാറുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

    വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർത്ഥികളുടെ വഴികാട്ടികളും മാർഗദർശികളുമാകാൻ അധ്യാപകരോട് മോദി ആവശ്യപ്പെട്ടു. ഗൂഗിളിൽ നിന്ന് വിവരങ്ങൾ നേടാൻ മാത്രമേ കഴിയൂ. പക്ഷേ ആ വിവരങ്ങൾ എങ്ങനെ ശരിയായി ഉപയോഗിക്കാമെന്ന് പറഞ്ഞ് കൊടുക്കാൻ ഒരു ഗുരുവിന് മാത്രമേ കഴിയൂ. ഏതൊക്കെ വിവരങ്ങളാണ് ഉപകാരപ്രദവും അല്ലാത്തതും എന്ന് ഗുരുവിന് മാത്രമേ നന്നായി പറഞ്ഞ് മനസിലാക്കാൻ കഴിയൂ. കർക്കശക്കാരനായിരിക്കുമ്പോൾ തന്നെ എങ്ങനെ മൃദുസ്വാഭാവി ആയിരിക്കണം എന്നും ഒരു വിദ്യാർത്ഥി അധ്യാപകരിൽ നിന്ന് പഠിക്കുന്നുണ്ട്. അധ്യാപകനിൽ നിന്ന് വിദ്യാർത്ഥികൾക്ക് കിട്ടുന്ന ഒരു ഗുണമാണ് നീതിമാനായിരിക്കുക എന്നത്. അതിനാൽ, പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഒരു വിദ്യാർത്ഥി കുടുംബത്തേക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നത് അധ്യാപകർക്കൊപ്പമാണ്. അതിനാൽ അധ്യാപകരുടെ ഉത്തരവാദിത്തബോധം ഇന്ത്യയുടെ വരും തലമുറകളെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

    Published by:Anuraj GR
    First published: