മുംബൈ: റിലയൻസ് ഇന്‍ഡസ്ട്രീസ് ചെയർമാന്‍ മുകേഷ് അംബാനിക്ക് ബിസിനസ് ലീഡർ ഓഫ് ദി ഡെക്കേഡ് പുരസ്കാരം. വെള്ളിയാഴ്ച മുംബൈയിൽ നടന്ന ഇന്ത്യൻ ബിസിനസ് ലീഡർ അവാർഡ്സിലാണ് മുകേഷ് അംബാനിക്ക് പുരസ്കാരം നൽകിയത്.
ഇന്ത്യയിലെ ഒന്നാം നമ്പർ ബിസിനസ് ചാനലായ സിഎന്‍ബിസി- ടിവി18 ആണ് ഇന്ത്യൻ ബിസിനസ് ലീഡർ അവാർഡ്സ് പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ചേർന്നാണ് മുകേഷ് അംബാനിക്ക് പുരസ്കാരം സമ്മാനിച്ചത്.
also read:CNBC-TV18 IBLA 2020 | കൊറോണ രാജ്യത്തിന്റെ ഒരു മേഖലയെയും ബാധിച്ചിട്ടില്ല: കേന്ദ്രധനമന്ത്രി
പുരസ്കാരം പിതാവും റിലയൻസ് സ്ഥാപകനുമായ ധീരു ഭായി അംബാനിക്കും കഴിഞ്ഞ ദശകത്തിൽ ബിസിനസിനെ മാറ്റിയെടുത്ത യുവാക്കൾക്കും സമർപ്പിക്കുന്നതായി മുകേഷ് അംബാനി പറഞ്ഞു.
'കഴിഞ്ഞ നാല് പതിറ്റാണ്ടായി നിങ്ങൾ റിലയൻസിനെ നോക്കിക്കാണുകയാണെങ്കിൽ, ഞങ്ങൾ ഒരു ടെക്സ്റ്റൈൽ കമ്പനിയായാണ് ആരംഭിച്ചത്. അതിൽനിന്ന് ഒരു പെട്രോകെമിക്കൽ കമ്പനിയായി രൂപാന്തരപ്പെട്ടു, അതിനുശേഷം ഞങ്ങളെ ഒരു ശുദ്ധീകരണ ഊർജ്ജ കമ്പനിയായി . കഴിഞ്ഞ ദശകത്തിൽ ഞങ്ങൾ വേൾഡ് സ്കെയിൽ റീടെയിൽ ആൻഡ് കൺസ്യൂമർ ടെക് ബിസിനസ് ആരംഭിച്ചു' അദ്ദേഹം പറഞ്ഞു.
റിലയൻസിന്റെ യുവ നേതാക്കൾക്ക് വേണ്ടി മാത്രമാണ് അവാർഡ് സ്വീകരിക്കുന്നതെന്ന് ജൂറിക്ക് നന്ദിപറയവെ മുകേഷ് അംബാനി വ്യക്തമാക്കി. കമ്പനിയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ആകാശ്, ഇഷാ അംബാനി എന്നിവരുടെ പങ്കിനെക്കുറിച്ചും പറഞ്ഞു.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ശുഭാപ്തി വിശ്വാസം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാമ്പത്തിക മന്ദത താത്കാലികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ സംബന്ധിച്ച് ഐകോണിക് ലീഡർ അച്ഛൻ ധീരുഭായ് അംബാനി മാത്രമാണെന്ന് മുകേഷ് അംബാനി പറഞ്ഞു. അദ്ദേഹമാണ് വലിയ സ്വപ്നങ്ങൾ കാണാൻ ഞങ്ങളെ പഠിപ്പിച്ചത് . ബൃഹത്തായ റിലയൻസിനും മഹത്തായ ഇന്ത്യയ്ക്കും വേണ്ടിയുള്ള സ്വപ്നങ്ങൾ- അംബാനി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.