ഇന്ത്യന്‍ വിമാനങ്ങളിലും (Indian Airlines) വിമാനത്താവളങ്ങളിലും (Airports) ഇന്ത്യന്‍ സംഗീതം (Indian Music) നിര്‍ബന്ധമാക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ICCR - The Indian Council for Cultural Relations). ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം, ലളിത ഗാനം, വാദ്യോപകരണ സംഗീതം എന്നിവ വിമാനങ്ങളിൽ നിര്‍ബന്ധമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള മെമ്മോറാണ്ടം ഐസിസിആറും സംഗീതജ്ഞരും ചേർന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സമര്‍പ്പിച്ചു.
ലോകമെമ്പാടുമുള്ള മിക്ക എയര്‍ലൈനുകളിലും പ്ലേ ചെയ്യുന്ന സംഗീതത്തിന് എയര്‍ലൈന്‍ ഉള്‍പ്പെടുന്ന രാജ്യത്തിന്റെ സംസ്‌കാരം ഉയര്‍ത്തിക്കാണിക്കുന്നതില്‍ വലിയ പങ്കുണ്ടെന്ന് കേന്ദ്രമന്ത്രിക്ക് നല്‍കിയ മെമ്മോറാണ്ടത്തില്‍ ഐസിസിആറും സംഗീതജ്ഞരും പറഞ്ഞു. ''ഇന്ത്യയ്ക്കുള്ളിലും മറ്റു വിവിധ വിമാനത്താവളങ്ങളിലും സര്‍വീസ് നടത്തുന്ന ഇന്ത്യൻ വിമാനങ്ങളില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍, ലൈറ്റ് വോക്കല്‍, വാദ്യോപകരണ സംഗീതം എന്നിവ നിര്‍ബന്ധമാക്കണമെന്ന, സംഗീതജ്ഞരുടെയും ഗായകരുടെയും കലാകാരന്മാരുടെയും കൂട്ടായ ആവശ്യത്തിൽ ഐസിസിആറും പങ്കുചേരുകയാണ്", ഐസിസിആർ തങ്ങളുടെ പ്രസ്താവനയില്‍ പറയുന്നു.
തങ്ങളുടെ ആവശ്യം മന്ത്രാലയം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയതായി ഐസിസിആര്‍ പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ പറഞ്ഞു. ''ഞാന്‍ വരുന്നത് സംഗീത നഗരമായ ഗ്വാളിയാറില്‍ നിന്നാണ്. ഗ്വാളിയാര്‍, താന്‍സന്റെ നഗരവും വലിയ സംഗീതപാരമ്പര്യമുള്ള ഇടവും കൂടിയാണ്. ഇന്ത്യന്‍ പ്രാചീന സംഗീതത്തിന് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്, പുരാതന സംഗീതത്തെക്കുറിച്ച് അറിയാനും ആളുകള്‍ക്ക് വലിയ ജിജ്ഞാസയുണ്ട്'', വ്യാഴാഴ്ച ഐസിസിആറുമായുള്ള കൂടിക്കാഴ്ചയില്‍ സിന്ധ്യ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ആശയം ഇന്ത്യന്‍ സംഗീതത്തിന് പ്രോത്സാഹനമാകുമെന്ന് ചടങ്ങില്‍ പങ്കെടുത്ത സംഗീതജ്ഞരും ഗായകരും ഏകകണ്ഠമായി പറഞ്ഞു. ''സ്വകാര്യ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും ആഭ്യന്തര, അന്തര്‍ദേശീയ സർവീസുകൾ നടത്തുന്നതുമായ ഇന്ത്യയിലെ ഒട്ടുമിക്ക എയര്‍വേകളും അപൂര്‍വ്വമായി മാത്രമേ ഇന്ത്യന്‍ സംഗീതം പ്ലേ ചെയ്യുന്നുള്ളൂ എന്നത് അങ്ങേയറ്റം ദൗർഭാഗ്യകരവും വിരോധാഭാസവുമാണ്. അതിനാൽ ഞങ്ങളുടെ ആവശ്യം പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു" എന്ന് ഐസിസിആറിന്റെ കത്തില്‍ പറയുന്നു.
''ഇന്‍ഫ്ലൈറ്റ് എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം (IFS) അപ്‌ഡേറ്റ് ചെയ്യുന്നതിന് മുമ്പ് പല ഘടകങ്ങളും പരിഗണിക്കപ്പെടാറുണ്ട്. പാട്ടുകളുടെ പട്ടിക അന്തിമമാക്കുന്നതിന് മുമ്പ് സമഗ്രമായ ഗവേഷണം നടത്താറുണ്ട്. സംഗീതത്തിലെ നിരവധി വിഭാഗങ്ങള്‍ ഉൾക്കൊള്ളുന്നതാവും ഈ പട്ടിക. ഓരോ എയര്‍ലൈനും അവരുടെ യാത്രക്കാര്‍ക്ക് വ്യത്യസ്തമായ ഓപ്ഷനുകള്‍ നല്‍കാനാണ് ആഗ്രഹിക്കുന്നത്'', ഒരു മുതിര്‍ന്ന എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ പറയുന്നു.
''പരമ്പരാഗത ഇന്ത്യന്‍ സംഗീതം വിമാനത്തിലും വിമാനത്താവളത്തിലും പ്ലേ ചെയ്യണം എന്നതാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന. നമ്മള്‍ ഇന്ത്യയില്‍ വിമാനം ഇറങ്ങുമ്പോള്‍, അത് നമ്മുടെ രാജ്യത്തേക്ക് യാത്രികരെ സ്വാഗതം ചെയ്യുന്നതു പോലെയായിരിക്കണം. സംഗീതം വാക്കുകള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുന്നു, അതിന് വികാരങ്ങള്‍ ഉണര്‍ത്താനുള്ള ശക്തിയുണ്ട്, അതിനാലാണ് നമ്മള്‍ ഇന്ത്യന്‍ സംഗീതം പ്ലേ ചെയ്യേണ്ടതും'', സംഗീതസംവിധായകന്‍ കുശാല്‍ ഇനാംദാര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.