ലഡാക്ക് അതിര്‍ത്തിയിൽ ചൈന നടത്തിയ അധിനിവേശ ശ്രമത്തില്‍ ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് (Rajnath Singh). ഇന്ത്യയെ മുറിവേല്‍പ്പിച്ചാല്‍ ഒരാളെയും വെറുതെ വിടില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ ഇന്ത്യ ഒരു ശക്തമായ രാജ്യമായി ഉയര്‍ന്നുവന്നുവെന്നും ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച സാന്‍ ഫ്രാന്‍സിസ്കോയിലെ (san francisco) ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന ഇന്ത്യ യുഎസ് 2+2 മന്ത്രിതല യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രതിരോധ മന്ത്രി. അതിനുശേഷം ഇന്‍ഡോപാകോം ആസ്ഥാനത്തെ (indoPACOM headquarters) ചര്‍ച്ചകളില്‍ പങ്കെടുക്കാനായി അദ്ദേഹം ഹവായിലേക്കും സാന്‍ഫ്രാന്‍സിസ്കോയിലേക്കും പോയി. ഇന്ത്യന്‍ സൈനികര്‍ എന്താണ് ചെയ്തതെന്നോ കേന്ദ്രസര്‍ക്കാര്‍ എന്ത് തീരുമാനമാണ് എടുത്തതെന്നോ എനിക്ക് തുറന്ന് പറയാനാകില്ല. പക്ഷേ മുറിവേറ്റാന്‍ ഇന്ത്യ ആരെയും വെറുതെ വിടില്ല എന്ന കാര്യം ചൈനയ്ക്ക് മനസിലായിട്ടുണ്ടാകുമെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു.
2020 മെയ് 5 ന് പാംഗോങ് തടാക പ്രദേശങ്ങളിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ലഡാക്ക് അതിര്‍ത്തി തര്‍ക്കം പൊട്ടിപ്പുറപ്പെട്ടത്. 2020 ജൂണ്‍ 15-ന് നടന്ന ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിന് ശേഷമാണ് ഏറ്റുമുട്ടല്‍ രൂക്ഷമായത്. ഏറ്റുമുട്ടലില്‍ 20 ഓളം ഇന്ത്യന്‍ സൈനികരും നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെട്ടു. കിഴക്കന്‍ ലഡാക്കിലെ തര്‍ക്കം പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും ഇതുവരെ 15 സൈനിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
ഒരു രാജ്യവുമായി ഇന്ത്യക്ക് നല്ല ബന്ധമുണ്ടെങ്കില്‍, അത് മറ്റേതെങ്കിലും രാജ്യവുമായുള്ള ബന്ധം വഷളാകുമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും രാജ്നാഥ് സിങ്ങ് കൂട്ടിച്ചേർത്തു. ഇന്ത്യ ഒരിക്കലും ഇത്തരത്തിലൊരു നയതന്ത്രം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ന് വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടില്‍ അമേരിക്കയ്ക്ക് എതിര്‍പ്പുള്ള സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രിയുടെ പരാമര്‍ശം.
'ഇന്ത്യയുടെ പ്രതിച്ഛായ മാറി. ഇന്ത്യയുടെ യശസ്സ് മെച്ചപ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥയാകുന്നതില്‍ നിന്ന് ഇന്ത്യയെ തടയാന്‍ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല'', രാജ്നാഥ് സിങ്ങ് പറഞ്ഞു.
മുന്‍കാലങ്ങളില്‍, ലോകത്തിലെ ഏതെങ്കിലും രാജ്യം വികസനം കൈവരിക്കാനും അഭിവൃദ്ധിപ്പെടാനും ആഗ്രഹിക്കുമ്പോൾ ഇന്ത്യയുമായി ഒരു വ്യാപാരം സ്ഥാപിക്കുന്നതിനെക്കുറിച്ച് എപ്പോഴും ചിന്തിച്ചിരുന്നുവെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു. 2047-ല്‍ നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഇന്ത്യയില്‍ സമാനമായ ഒരു സാഹചര്യം നേടിയെടുക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വസ്ഥകളിലൊന്നാണ് ഇന്ത്യ. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടി നേരിട്ടു. എന്നാല്‍ ഇപ്പോള്‍ നങ്ങള്‍ അതില്‍ നിന്നെല്ലാം കരകയറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: China, India, India-China, Rajnath Singh