ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഹെൽമെറ്റ് (Helmet)ധരിക്കുന്നത് കർശനമാക്കി മുംബൈ ട്രാഫിക് പൊലീസ്. ബൈക്ക് ഓടിക്കുന്നവർ മാത്രമല്ല, പുറകിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്താൽ 500 രൂപ പിഴയും മൂന്ന് മാസം ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും നേരിടാം.
1998 ലെ മോട്ടോർ വെഹിക്കിൾ ആക്ട് പുതുക്കിയതിനു പിന്നാലെയാണ് റോഡ് സുരക്ഷയുടെ ഭാഗമായി കർശന നടപടികളിലേക്ക് മുംബൈ പൊലീസ് കടന്നത്. പുതിയ നിയമങ്ങൾ അടുത്ത പതിനഞ്ചു ദിവസത്തിനുള്ളിൽ നിലവിൽ വരും.
പുതുക്കിയ നിയമങ്ങൾ പ്രകാരം ഇരുചക്ര വാഹനങ്ങളിൽ പിന്നിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാണ്. ഹെൽമറ്റ് ശരിയായി ധരിക്കാത്തതിന് ഇരുചക്രവാഹന യാത്രക്കാർക്ക് 2,000 രൂപ വരെ പിഴ ചുമത്താൻ 1998 ലെ മോട്ടോർ വാഹന നിയമം സർക്കാർ അടുത്തിടെ പുതുക്കിയിരുന്നു.
Also Read-
ഹെൽമറ്റ് വെറുതെ ഇട്ടാൽ പോര, ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും; 2000 രൂപ വരെ പിഴ; വിശദാംശങ്ങൾ അറിയാം
പിഴ വീഴുന്നത് ഇങ്ങനെ,
ബൈക്ക് ഓടിക്കുന്നയാൾ ബക്കിൾ ചെയ്യാതെ ഹെൽമെറ്റ് ധരിച്ചാൽ 1000 രൂപയാണ് പിഴ.
ബിഐഎസ് മുദ്രയില്ലാത്ത ഹെൽമെറ്റ് ധരിച്ചാൽ 1000 രൂപ പിഴ ഈടാക്കും.
ഹെൽമെറ്റ് കൃത്യമായി ധരിച്ചിട്ടും ട്രാഫിക് സിഗ്നലിൽ റെഡ് ലൈറ്റ് മറികടന്നാൽ 2,000 രൂപ പിഴയായി നൽകേണ്ടി വരും.
Also Read-
കുട്ടികള്‍ക്കും ഹെൽമെറ്റ് നിർബന്ധം; ഇരുചക്ര വാഹന യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര വിജ്ഞാപനം
ഹെൽമെറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആകൃതി: എല്ലാവരുടെയും തലയുടെ ആകൃതി വ്യത്യസ്തമാണ്. അതിനനുസരിച്ച് വൃത്താകൃതിയിലുള്ള ഓവല്‍, ഇന്റര്‍മീഡിയറ്റ് ഓവല്‍, നീണ്ട ഓവല്‍ എന്നീ മൂന്ന് ആകൃതികളില്‍ ഹെല്‍മെറ്റുകള്‍ ലഭ്യമാണ്. കണ്ണാടി ഉപയോഗിച്ച് നിങ്ങളുടെ തലയുടെ ആകൃതി മനസ്സിലാക്കി ശേഷം ശരിയായ ഹെല്‍മെറ്റ് തിരഞ്ഞെടുക്കാം.
വലുപ്പം: എല്ലാവരുടെയും തലയുടെ വലുപ്പവും വ്യത്യസ്തമാണ്. ഒരു പുതിയ ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ വലുപ്പം രേഖപ്പെടുത്തിയിരിക്കുന്ന ടാഗ് അതിനൊപ്പമുണ്ടെന്ന് ഉറപ്പാക്കുക. എല്ലാ വലിപ്പത്തിലുമുള്ള ഹെല്‍മെറ്റിന്റെ ഷെല്‍ ലഭ്യമാണ്. എന്നിരുന്നാലും, ഹെല്‍മെറ്റില്‍ തല ശരിയായി ഫിറ്റ് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കി വേണം വാങ്ങാന്‍.
തരം: ഏത് തരം ഹെല്‍മെറ്റ് തെരെഞ്ഞെടുക്കണമെന്നത് റൈഡറുടെ സൗകര്യത്തെയും താല്പര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഓഫ് റോഡ് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ വിപുലമായ ചിന് ബാറും മികച്ച വായു പ്രവാഹവും ഉള്ള ഓഫ് റോഡ് ഹെല്‍മെറ്റുകളാണ് തിരഞ്ഞെടുക്കേണ്ടത്. അതേസമയം ദൈനംദിന യാത്രക്കാര്‍ പകുതിയോ അല്ലെങ്കില്‍ പൂര്‍ണമായോ തുറന്ന മുഖമുള്ള ഹെല്‍മെറ്റുകളാണ് പൊതുവെ തിരഞ്ഞെടുക്കാറുള്ളത്. ഫുള്‍ ഫെയ്സ് ഹെല്‍മെറ്റ്, ഡ്യുവല്‍ സ്പോര്‍ട് ഹെല്‍മെറ്റ്, മോഡുലാര്‍ മോട്ടോര്‍ സൈക്കിള്‍ ഹെല്‍മെറ്റുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
ഗുണനിലവാരം: വളരെക്കാലം നിലനില്‍ക്കുന്നത് കൊണ്ടും വില കൂടുതലായതിനാലും ഹെല്‍മെറ്റുകള്‍ ആരും ഇടയ്ക്കിടെ മാറ്റിവാങ്ങാറില്ല. അതിനാല്‍ ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ സ്റ്റീല്‍ബേര്‍ഡ്, വേഗ, സ്റ്റഡ്സ് തുടങ്ങിയ നല്ല ബ്രാന്‍ഡുകളുടേത് വാങ്ങാന്‍ ശ്രദ്ധിയ്ക്കുക. സുരക്ഷയുടെ കാര്യമായതുകൊണ്ട് അപകടങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാത്ത, വില കുറഞ്ഞ ഹെല്‍മെറ്റുകള്‍ വാങ്ങുന്നത് ഒഴിവാക്കുക.
സര്ട്ടിഫിക്കേഷന്: ഐഎസ്ഐ മാര്‍ക്ക് ഉള്ള ഹെല്‍മെറ്റുകള്‍ ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം വാങ്ങുക. വിപണിയില്‍ വില്‍ക്കുന്നതിന് മുമ്പ് ലാബുകളില്‍ പരീക്ഷിച്ച് സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് ഈ സര്ട്ടിഫിക്കേഷന് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത് ഏറ്റവും സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.