ന്യൂഡൽഹി : ശ്രീലങ്കയുടെ പാത പിന്തുടർന്ന് ഇന്ത്യയിലും ബുർഖ നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന. രാജ്യസുരക്ഷയ്ക്ക് വരുത്തിയേക്കാവുന്ന ഭീഷണി കണക്കിലെടുത്ത് ബുർഖ ഉൾപ്പെടെ മുഖം മുഴുവൻ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ നിരോധിക്കണമെന്നാണ് ആവശ്യം.
ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾക്ക് ശ്രീലങ്കൻ സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിലും സമാന വിലക്ക് നടപ്പാക്കണമെന്ന് ശിവസേനയുടെ ആവശ്യം. 'രാവണന്റെ ലങ്കയിൽ അത് നടപ്പാക്കി.. രാമന്റെ അയോധ്യയിൽ ഇത് എപ്പോഴുണ്ടാകും'? സംഘടനയുടെ മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയലിലാണ് ഇവർ ഇക്കാര്യങ്ങൾ ചോദിച്ചിരിക്കുന്നത്. അയോധ്യ സന്ദർശിക്കാനിരിക്കുന്ന മോദിയോടും ഇക്കാര്യം ചോദിക്കുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.
Also Read- ശ്രീലങ്ക ഭീകരാക്രമണം: ബുർഖയ്ക്ക് നിരോധനമേര്‍പ്പെടുത്തി സർക്കാർ
മുഖം മറയുന്ന വസ്ത്രങ്ങൾ നിയമവിരുദ്ധമാക്കിയ ഫ്രാൻസ്, ആസ്ട്രേലിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളെയും ഉദാഹരണമായി ശിവസേന ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം ശിവസേനയുടെ ആവശ്യം എൻഡിഎയുടെ തന്നെ മറ്റൊരു സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി തള്ളിയിട്ടുണ്ട്. ബുർഖ നിരോധിക്കരുതെന്നാണ് പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവാല അറിയിച്ചത്.
'ബുർഖ ധരിക്കുന്ന എല്ലാ മുസ്ലീങ്ങളും തീവ്രവാദികളാണെന്ന് പറയുന്നത് ശരിയല്ല.. പക്ഷെ ബുര്‍ഖ ദുരുപയോഗം ചെയ്യുന്ന ആളുകളുമുണ്ട്. അവർ ശിക്ഷിക്കപ്പെടണം. മഹാരാഷ്ട്രയിലോ അല്ലെങ്കിൽ രാജ്യം മുഴുവനായോ ബുർഖ നിരോധനം നടപ്പിലാക്കാൻ പാടില്ല.. അത് അവരുടെ സംസ്കാരമാണ് അദ്ദേഹം ന്യൂസ് 18നോട് സംസാരിക്കവെ വ്യക്തമാക്കി.
Also Read-ഭീകരാക്രമണം: ബുർഖ നിരോധിക്കാനൊരുങ്ങി ശ്രീലങ്ക; ഇതാണോ പ്രതിവിധി?
നേരത്തെ ബുർഖ-നിഖാബ് അടക്കമുള്ള മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് പൊതു സ്ഥലങ്ങളിലും, പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് തീവ്ര വലതു സംഘടനയായ ഹിന്ദു സേന ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ശ്രീലങ്കയിൽ നടന്നത് പോലുള്ള ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാനാണിതെന്നായിരുന്നു വാദം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Colombo blast, Srilanka Blasts, Srilanka Bomb blast, Terror attack, ശ്രീലങ്ക ഈസ്റ്റർ ആക്രമണം, ശ്രീലങ്ക ബോംബ് സ്ഫോടനം