ന്യൂഡൽഹി: ലോട്ടറി നികുതി നിരക്ക് 28 ശതമാനമായി ജി.എസ്.ടി കൗൺസിൽ ഉയർത്തുമ്പോൾ ലോട്ടറി വിൽപ്പനക്കാർക്കും ഏജൻറുമാർക്കും വാങ്ങുന്നവർക്കും സംശയങ്ങൾ പലതാണ്.
ലോട്ടറി ടിക്കറ്റിന് വില കൂടുമോ? സമ്മാനത്തുക കുറയുമോ? ഏജന്‍റ് കമ്മിഷൻ കുറയുമോ?
രാജ്യത്ത് ഇതുവരെ ലോട്ടറികൾക്ക് രണ്ട് നികുതിയാണ് ഏർപ്പെടുത്തിയിരുന്നത്. സംസ്ഥാന സർക്കാർ ലോട്ടറികൾക്ക് 12 ശതമാനവും, ഇടനിലക്കാർ നടത്തുന്ന സ്വകാര്യ ലോട്ടറികൾക്ക് 28 ശതമാനവും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ കടുത്ത എതിർപ്പ് മറികടന്ന് വോട്ടെടുപ്പിലൂടെ എല്ലാ ലോട്ടറികൾക്കും 28 ശതമാനം നികുതിയാക്കി ഉയർത്തിയിരിക്കുകയാണ്.
കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, ഡൽഹി, പുതുച്ചേരി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളും നിരക്ക് വർദ്ധനയെ എതിർത്തു. 17 സംസ്ഥാനങ്ങൾ നികുതി കൂട്ടുന്നതിന് അനുകൂലമായി വോട്ടു ചെയ്തു. പഞ്ചാബും രാജസ്ഥാനും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ഇതോടെ ജി.എസ്.ടി കൗൺസിലിൽ ആദ്യമായി വോട്ടെടുപ്പിലൂടെ തീരുമാനം നടപ്പിലായി.
നികുതി വർദ്ധിപ്പിച്ചെങ്കിലും ടിക്കറ്റ് വില കൂട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ടിക്കറ്റുകളുടെ എണ്ണം കൂട്ടി വിൽപ്പന വർദ്ധിപ്പിക്കും.12 ശതമാനം നികുതി നിരക്കിൽ ഇപ്പോൾ ലോട്ടറിയിൽ നിന്ന് ലഭിക്കുന്ന ലാഭം പ്രതിവർഷം 1200കോടി രൂപയാണ്. നികുതി 28 ശതമാനമാകുമ്പോൾ കേന്ദ്രസർക്കാരിന് നൽകേണ്ടി വരുന്ന 14 ശതമാനം നികുതിവിഹിതം ലാഭത്തിൽ നിന്നും കുറയും.
അതുകൊണ്ട്, സ്ഥാനത്തിന് ലഭിക്കുന്ന നികുതി 12ൽ നിന്ന് 14 ശതമാനം ആകുമെങ്കിലും സാമ്പത്തികനേട്ടം ഉണ്ടാകില്ല. ടിക്കറ്റ് വിൽപ്പനക്കാർ ഏജന്‍റുമാർ ട്രേഡ് യൂണിയനുകൾ എന്നിവരുമായി വിഷയം ചർച്ച ചെയ്യും. ചർച്ചകൾക്ക് ശേഷം ലോട്ടറി ഘടനയിൽ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കും.
ഏജൻന്‍റ് കമ്മീഷൻ, സമ്മാനഘടന എല്ലാം വിശദമായി ചർച്ച ചെയ്യും. ഇതര സംസ്ഥാന ലോട്ടറി മാഫിയയ്ക്ക് കേരളത്തിൽ കടന്നുവരാൻ അവസരം നൽകില്ല. അന്യസംസ്ഥാന ലോട്ടറികളെ തടയാൻ നിയമപരമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 2020 മാർച്ച് ഒന്നു മുതലാണ് ഏകീകരിച്ച നികുതിനിരക്ക് നിലവിൽ വരിക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala, Kerala state lottery, Lottery, Lottery scam