ലാൻഡ് ചെയ്യാൻ അനുവദിച്ചിരുന്നില്ലെങ്കിൽ ഹെലികോപ്റ്ററിൽനിന്ന് പ്രസംഗിക്കുമായിരുന്നു; മമതയോട് അമിത് ഷാ
ലാൻഡ് ചെയ്യാൻ അനുവദിച്ചിരുന്നില്ലെങ്കിൽ ഹെലികോപ്റ്ററിൽനിന്ന് പ്രസംഗിക്കുമായിരുന്നു; മമതയോട് അമിത് ഷാ
ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് വന്ന ബംഗാളി ഹിന്ദുക്കളെ സഹായിക്കുന്നതിനൊപ്പം അനധികൃത കുടിയേറ്റങ്ങൾ അവസാനിപ്പിക്കുന്നതിലും മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു
കൊൽക്കത്ത: പൗരത്വഭേദഗതി ബിൽ ആയിരിക്കും ബംഗാളിൽ ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് അജണ്ടയെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബംഗാളി ഹിന്ദുക്കളുടെ നഷ്ടപ്പെട്ട ആത്മാഭിമാനം വീണ്ടെടുക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും ഷാ ഉറപ്പുനൽകി. മാൾഡയിൽ ബിജെപി പൊതുയോഗത്തിൽ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് വന്ന ബംഗാളി ഹിന്ദുക്കളെ സഹായിക്കുന്നതിനൊപ്പം അനധികൃത കുടിയേറ്റങ്ങൾ അവസാനിപ്പിക്കുന്നതിലും മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. എന്തുകൊണ്ടാണ് മമത ബാനർജി പൗരത്വ ഭേദഗതി ബില്ലിനെ എതിർക്കുന്നതെന്ന് അമിത് ഷാ ചോദിച്ചു. വോട്ട് ബാങ്ക് നഷ്ടമാകുമോയെന്ന് ഭയന്നാണോ? ഇതിന് ഉത്തരം വേണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഹിന്ദുക്കളും ബുദ്ധമതക്കാരും സിഖുകാരും ഭയപ്പാടോടെ ജീവിക്കേണ്ടവരല്ലെന്നും അമിത് ഷാ പറഞ്ഞു.
അതിനിടെ ഹെലികോപ്റ്ററിന് ലാൻഡിന് അനുമതി നൽകാത്തതിനെയും അമിത് ഷാ വിമർശിച്ചു. ലാൻഡ് ചെയ്യാൻ അനുവദിച്ചിരുന്നില്ലെങ്കിൽ ഹെലികോപ്റ്ററിൽനിന്ന് പ്രസംഗിക്കുമായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. നേരത്തെ അമിത് ഷായുടെ ഹെലികോപ്റ്ററിന് ജില്ലാ ഭരണകൂടം ലാൻഡിങ് അനുമതി നിഷേധിച്ചുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. അമിത് ഷായെ ഭയന്നിട്ടാണു തൃണമൂൽ കോൺഗ്രസ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അനുമതി നിക്ഷേധിക്കുന്നതെന്നായിരുന്നു ബിജെപിയുടെ ആരോപണം. അതേസമയം ആരോപണങ്ങൾ തളളിയ മുഖ്യമന്ത്രി മമത ബാനർജി, ഗോൾഡൻ പാർക്ക് ഹോട്ടലിന് എതിർവശത്തുള്ള ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.
ബംഗാളിൽ അമിത് ഷാ നയിക്കുന്ന തെരഞ്ഞെടുപ്പ് റാലികൾക്കാണ് ഇന്ന് തുടക്കമായത്. മമതാ ബാനർജിയുടെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ ഐക്യ റാലിക്ക് മറുപടിയായാണ് ബിജെപി ബംഗാളിൽ വൻ പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നത്. 42 ലോക്സഭാ സീറ്റുകളുള്ള ബംഗാളിൽ പകുതിയിലേറെ മണ്ഡലങ്ങളിൽ ജയം ലക്ഷ്യമിട്ടാണ് ബിജെപി വിപുലമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.