ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിനെതിരെ പുതിയ മുഖ്യമന്ത്രി മുഖം അവതരിപ്പിക്കാനുള്ള സാധ്യത തുറന്നുകാട്ടി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ആം ആദ്മി പാർട്ടി സർക്കാരിനോടുള്ള ജനങ്ങളുടെ വർധിച്ചുവരുന്ന അസംതൃപ്തി കണക്കിലെടുത്ത് ബിജെപി ബദൽ മാർഗം കൊണ്ടുവന്നിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ന്യൂസ് 18 നെറ്റ് വർക്ക് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷി നടത്തിയ അഭിമുഖത്തിലാണ് അമിത് ഷാ ഡൽഹി രാഷ്ട്രീയത്തെ കുറിച്ച് മനസ്സുതുറന്നത്.
Also Read- മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് നൽകാൻ തയാറാണെന്ന് അമിത് ഷാ
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനം, ദേശീയ തലസ്ഥാനം പിടിച്ചെടുക്കാനുള്ള അമിത് ഷായുടെ ആഗ്രഹത്തിന് മങ്ങലേൽപ്പിച്ചിട്ടില്ല. 2020 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ഷാ, ആം ആദ്മി സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ അസംതൃപ്തി നിലനിൽക്കുന്നതിനാൽ അധികാരമാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി.
2015 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പോലെ, ഈ 2020 വോട്ടെടുപ്പിനും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരു മുഖവും ബിജെപി അവതരിപ്പിക്കുന്നില്ല. ഇത് പാർട്ടിയെ ദോഷകരമായി ബാധിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, സിഎൻഎൻ ന്യൂസ് 18 ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഷാ പറഞ്ഞത് ഇങ്ങനെ- “ഞങ്ങൾ ഒരു മുഖ്യമന്ത്രിയുടെ മുഖം അവതരിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാതിരിക്കുന്നില്ല. പാർട്ടി ഇതിനെക്കുറിച്ച് ചിന്തിക്കും. ”
അതേസമയം, ദേശീയ തലസ്ഥാനത്ത് പാർട്ടി വിജയിക്കുമെന്ന കാര്യത്തിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ''ആം ആദ്മി സർക്കാരിനോടുള്ള അതൃപ്തി കാരണം ബിജെപി മാത്രമാണ് ബദൽ മാർഗമെന്ന് എനിക്ക് വിശ്വാസമുണ്ട്. എംസിഡി, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഞങ്ങൾ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. വലിയ വിജയവുമുണ്ടായി.'' - അമിത് ഷാ പറഞ്ഞു.
Also Read- മഹാരാഷ്ട്രയിൽ ബിജെപിക്ക് ഒറ്റയ്ക്ക് അധികാരത്തിലെത്താൻ കഴിയും: അമിത് ഷാ
മോദി സർക്കാർ അടുത്തിടെ കൊണ്ടുവന്ന നയങ്ങളോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പ്രതികരിച്ച രീതികളിൽ ചില മാറ്റങ്ങൾ ദൃശ്യമാണ്. ഭരണകക്ഷി സർക്കാരിനെതിരായ തന്റെ നിലപാട് അദ്ദേഹം മയപ്പെടുത്തുകയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇത്. പ്രത്യേകിച്ചും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന നീക്കത്തെ പ്രശംസിച്ച ആദ്യ വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. "അതുകൊള്ളാം. പ്രകടനവും ഇതും തമ്മിൽ ഒരു ബന്ധവുമില്ല. ഈ പുറമെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ വോട്ടുകൾ നേടിയെന്ന് ഒരാൾ കരുതുന്നുവെങ്കിൽ, ഞാൻ അതിൽ വിശ്വസിക്കുന്നില്ല. താഴേത്തട്ടിലെ നിങ്ങളുടെ പ്രകടനം വിജയത്തിന് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ”
ഫെബ്രുവരി ആദ്യം അല്ലെങ്കിൽ ജനുവരി അവസാനത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. “ഞങ്ങൾ അവിടെ മികച്ച വിജയം കൈവരിക്കും. അവിടെയുള്ള മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളും ഞങ്ങൾ നേടി. എല്ലാ ലോക്സഭാ സീറ്റുകളും ഞങ്ങൾ നേടി, നിലവിലെ സർക്കാരിനോടുള്ള അതൃപ്തി വ്യക്തമാണ് ”-ഷാ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amit shah, Arvind kejriwal, Bihar, Delhi, Interview, Network 18, Rahul Joshi