ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധിക്കു ശേഷം പ്രതിരോധ, ധന വകുപ്പുകളിൽ മന്ത്രിയാകുന്ന ആദ്യ വനിതയാകുകയാണ് നിര്‍മ്മല സീതാരാമൻ. പ്രധാനമന്ത്രിയായിരിക്കെ പ്രതിരോധ, ധനവകുപ്പുകളുടെ അധികച്ചുമതലയാണ് ഇന്ദിരാഗാന്ധിക്കുണ്ടായിരുന്നത്. എന്നാല്‍ പൂര്‍ണസമയ പ്രതിരോധ മന്ത്രിയാകുന്ന ആദ്യ വനിതയെന്ന റെക്കോഡില്‍ നിന്നാണ് പൂര്‍ണസമയ ധനമന്ത്രിയാകുന്ന ആദ്യ വനിതയെന്ന നേട്ടവും നിര്‍മ്മല സ്വന്തമാക്കുന്നത്. ധനവകുപ്പിനു പുറമെ കമ്പനി കാര്യ മന്ത്രാലയത്തിന്റെ ചുമതലയും ഇക്കുറി നിമ്മല സീതാരമനെയാണ് പ്രധാനമന്ത്രി ഏല്‍പ്പിച്ചിരിക്കുന്നത്.
ആദ്യ മോദി സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് നിര്‍മ്മല സ്വീകരിച്ച കാര്‍ക്കശ്യ നിലപാടുകള്‍ സര്ക്കാരിനുണ്ടാക്കിക്കൊടുത്ത പ്രതിച്ഛായ ചെറുതല്ല. പുല്‍വാമ ചാവേര്‍ ആക്രമണത്തിനുള്ള മറുപടി പാകിസ്ഥാനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമ സേന നല്കിയതും തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിന്റെ ജനസമ്മതി ഉയര്‍ത്തുന്നതായി. വന്‍ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലെത്താന്‍ ബലാകോട്ടില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കും കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുതന്നെയാണ് ധനമന്ത്രി കസേര മുന്‍ പ്രതിരോധ മന്ത്രിയെ ഏല്‍പ്പിക്കാന്‍ രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന് ആത്മവിശ്വാസം നല്കിയതും.
രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കിയതിനേക്കാള് വലിയ വെല്ലുവിളികളാണ് ധനമന്ത്രിയെന്ന നിലയില്‍ നിര്‍മ്മല സീതാരാമനെ കാത്തിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്ക്കരണ പദ്ധതിയുടെ ചുക്കാന്‍ പിടിക്കേണ്ടതും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്ത് പകരേണ്ടതും ഈ വനിതാ മന്ത്രിയാണ്. റഫാലിനെ സര്‍ക്കാരിനെതിരായ ആയുധമായി പ്രതിപക്ഷം ഉപയോഗിച്ചപ്പോഴും മുന്‍നിരയില്‍ നിന്ന് പ്രതിരോധിച്ചത് നിര്‍മ്മല സീതാരാമനായിരുന്നു. ആ കരുത്ത് രണ്ടാമൂഴത്തിലും തുണയാകുമെന്ന വിശ്വാസം എൻ.ഡി.എയ്ക്കുമുണ്ട്.
സാമ്പത്തിക ശാസ്ത്രത്തില്‍ തിരുച്ചിറപ്പള്ളിയിലെ സീതാലക്ഷ്മി രാമസ്വാമി കോളജില്‍നിന്നുള്ള ബിരുദവും ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ എം.ഫില്ലുമുമാണ് നിര്‍മ്മലയ്ക്ക് കരുത്താകുന്നത്. ലണ്ടന്‍ അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയേഴ്സ് അസോസിയേഷനിലെ പ്രവര്‍ത്തന പരിചയവും മുതല്‍ക്കൂട്ടാകും. രാജ്യാന്തര ഓഡിറ്റ് സ്ഥാപനമായ പ്രൈസ് വാട്ടര്ഹൗസില് സീനിയര്‍ മാനേജരായും ബി.ബി.സി. വേള്‍ഡിലും ജോലി ചെയ്തിട്ടുണ്ട്. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി സ്റ്റഡീസില്‍ ഡെപ്യൂട്ടി ഡയറക്ടറായും നിര്‍മ്മല സീതാരാമന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ പരിചയങ്ങളൊക്കെ ധനവകുപ്പ് മന്ത്രിയെന്ന നിലയില്‍ നിര്‍മ്മല സീതാരാമന് മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല.
Also Read
സുഷമ സ്വരാജിന്റെ പിൻഗാമിയാകുന്നതിൽ അഭിമാനം; വിദേശകാര്യമന്ത്രി ജയശങ്കറിന്റെ ആദ്യ ട്വീറ്റ്ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.