• HOME
 • »
 • NEWS
 • »
 • india
 • »
 • Ukraine | പഞ്ചാബിൽ നിന്ന് യുക്രെയ്നില്‍ ഭാഷാ കോഴ്സുകൾ പഠിക്കാനെത്തുന്നവരുടെ ലക്ഷ്യമെന്ത്?

Ukraine | പഞ്ചാബിൽ നിന്ന് യുക്രെയ്നില്‍ ഭാഷാ കോഴ്സുകൾ പഠിക്കാനെത്തുന്നവരുടെ ലക്ഷ്യമെന്ത്?

പഞ്ചാബിൽ നിന്നുള്ള വിദ്യാർത്ഥികളെ സംബന്ധിച്ച് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഈ കോഴ്‌സ് എളുപ്പത്തിൽ പ്രവേശനം നൽകുന്നു

 • Last Updated :
 • Share this:
  പഞ്ചാബിൽ (Punjab) നിന്നുള്ള വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി യുക്രെയ്നില്‍ (Ukraine) പോകുന്നത് മെഡിക്കൽ വിദ്യാഭ്യാസത്തിന് (Medical education) വേണ്ടി മാത്രമല്ല.യുക്രെനിയൻ ഭാഷയിൽ (Ukrainian language) കോഴ്‌സ് ചെയ്യാനായും നിരവധി പേർ യുക്രെയ്നിൽ എത്തുന്നുണ്ട്. ചില കണക്കുകൾ പ്രകാരം എല്ലാ മാസവും ഏകദേശം 400 ഓളം പേർ ഇത്തരത്തിൽ യുക്രെയ്നിൽ എത്തുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് വിദ്യാർത്ഥികൾ ഇങ്ങനെ ഒരു കോഴ്സ് തിരഞ്ഞെടുക്കുന്നതെന്ന് സംശയം തോന്നിയേക്കാം.

  പഞ്ചാബിൽ നിന്നുള്ള വിദ്യാർത്ഥികളെ സംബന്ധിച്ച് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഈ കോഴ്‌സ് എളുപ്പത്തിൽ പ്രവേശനം നൽകുന്നു. കൂടാതെ, ഭാഷാ കോഴ്‌സുകളിൽ പ്രവേശനം നേടുന്നതിന് ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം (IELTS) പരീക്ഷ വിജയിക്കേണ്ട ആവശ്യമില്ല. വിദേശത്ത് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന പഞ്ചാബ് സ്വദേശികളെ ഭയപ്പെടുത്തുന്ന പ്രധാന വിഷയങ്ങളിൽ ഒന്നാണ് ഐഇഎൽടിഎസ്.

  “യുക്രെയ്നിലെ കോഴ്‌സ് പൂർത്തിയായി കഴിയുമ്പോൾ പോളണ്ടിലേക്കും അവിടെ നിന്ന് പോർച്ചുഗലിലേക്കുമുള്ള പ്രവേശന കാര്യങ്ങൾക്ക് യുക്രെയ്നിലെ പ്രാദേശിക ഏജന്റുമാരുമായി ബന്ധമുണ്ടെന്ന് പഞ്ചാബിലെ ഏജന്റ് എനിക്ക് ഉറപ്പ് നൽകിയിരുന്നു “ ഇപ്പോൾ പോളണ്ടിൽ കഴിയുന്ന ജലന്ധറിൽ നിന്നുള്ള 32 കാരനായ മൻപ്രീത് സിംഗ് ( പേര് യഥാർത്ഥമല്ല) പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ ആണ് ഇദ്ദേഹം യുക്രൈനിയൻ ഭാഷാ കോഴ്‌സ് പഠിക്കുന്നതിനായി എത്തിയത്.

  read also- Ukraine War | നാസി ചിഹ്നമോ അതോ വിജയസൂചനയോ? റഷ്യന്‍ ടാങ്കുകളിലെയും വാഹനങ്ങളിലെയും ; അടയാളത്തിന്റെ അർത്ഥമെന്ത്?

  യുക്രൈനിയൻ ഭാഷാ കോഴ്‌സുകളിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങൾ വളരെ ലളിതമാണ്. പ്രവേശനം ലഭിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 38 വയസ്സാണെന്നും ഈ കോഴ്‌സും വിദ്യാർത്ഥി അവസാനമായി പൂർത്തിയാക്കിയ കോഴ്സും തമ്മിൽ 10 വർഷത്തെ ഇടവേള പോലും അനുവദനീയമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ കോഴ്‌സിൽ പ്രവേശനം നേടി യുക്രെയ്‌നിൽ എത്തുന്നതിനുള്ള വിസ ലഭിക്കുന്നതിന് 100% ഉറപ്പ് നൽകുന്നതിനാൽ ധാരാളം വിദ്യാർത്ഥികൾ യുക്രൈനിയൻ ഭാഷാ പഠനം തിരഞ്ഞെടുക്കുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു.

  ”എന്നോടൊപ്പം കീവിലെ (Kyiv) അതേ സർവകലാശാലയിൽ ഭാഷാ കോഴ്‌സ് ചെയ്യുന്ന പഞ്ചാബിൽ നിന്നുള്ള 15 വിദ്യാർത്ഥികൾ കൂടിയുണ്ട്. യഥാർത്ഥത്തിൽ, യുക്രൈനിയൻ ഭാഷ പഠിക്കാൻ വേണ്ടിയല്ല ആരും ഇവിടെ വരുന്നത്, മറിച്ച് പണം സമ്പാദിക്കാനും പിന്നീട് സമാധാനപരമായ ജീവിതവും മികച്ച തൊഴിൽ അവസരങ്ങളും വാ​ഗ്ദാനം ചെയ്യുന്ന മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് പ്രവേശനം നേടാനുമാണ്. ഇവിടെ പഠിക്കുന്ന കാലയളവിൽ അവർ ജോലി ചെയ്ത് ഏകദേശം പ്രതിമാസം1 -1.5 ലക്ഷം രൂപ വരെ സമ്പാദിക്കുന്നുണ്ട്. അത്തരം വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ടാക്സി ഡ്രൈവർമാരായോ ഹോട്ടലുകളിലോ ജോലി ചെയ്യുന്നവരോ ആണ്” അദ്ദേഹം പറഞ്ഞു.

  read also- War in Ukraine | യുക്രെയ്‌ൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഗുരുതര പ്രത്യാഘാതം  സൃഷ്ടിക്കുമെന്ന് IMF

  "ഇവിടെ നിന്ന് ഭാഷാ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം സീനിയേഴ്സിൽ ചിലർ പോർച്ചുഗലിലേക്ക് പോയിട്ടുണ്ട്. ചില ഏജന്റുമാരുടെ സഹായത്തോടെയാണ് അവർക്ക് ആ അവസരം നേടിയെടുക്കാൻ കഴിഞ്ഞത്" കീവ് ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിൽ യുക്രൈനിയൻ ഭാഷ പഠിക്കുന്ന കപൂർത്തലയിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പറഞ്ഞു. 24 ഷെങ്കൻ (Schengen) രാജ്യങ്ങളിൽ എവിടെയും ജോലി ചെയ്യാവുന്ന ഒരു വർഷത്തെ വർക്ക് പെർമിറ്റ് ആണ് അവർക്ക് പോർച്ചുഗലിൽ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  കപൂർത്തലയിൽ നിന്നുള്ള ഈ വിദ്യാർത്ഥി ഇപ്പോൾ യുദ്ധത്തെ തുടർന്ന് പഞ്ചാബിലേക്ക് മടങ്ങാൻ നിർബന്ധിതരായിരിക്കുകയാണ്. ആറ് മാസത്തിനുള്ളിൽ അവിടെ നിന്ന് "നല്ല ഒരു തുക " സമ്പാദിച്ചതായി അദ്ദേഹം അവകാശപ്പെടുന്നു. അതോടൊപ്പം മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള തന്റെ പദ്ധതികളാണ് യുദ്ധം മൂലം ബാധിക്കപ്പെട്ടിരിക്കുന്നതെന്നും പത്ത് മാസത്തെ കോഴ്‌സ് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ അവിടെ നിന്നും മടങ്ങേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു.

  ഈ കോഴ്‌സ് തിരഞ്ഞെടുക്കാനുള്ള മറ്റൊരു കാരണം പഠന ചെലവാണ്. താമസവും ഏജന്റ് ഫീസും ഉൾപ്പെടെ കോഴ്സിന്റെ മൊത്തം ചെലവ് 2.50 - 3 ലക്ഷം രൂപയിൽ കൂടില്ലെന്ന് യുക്രെയ്നിയന്‍ ഭാഷ പഠിക്കുന്ന ബതിന്ദയിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പറഞ്ഞു. "ചില ഏജന്റുമാർ 100 ശതമാനം വിസ ഗ്യാരണ്ടി നൽകുമെന്ന് വാഗ്ദാനം ചെയ്ത് പ്രവേശനം നേടാൻ ആ​ഗ്രഹിക്കുന്നവരിൽ നിന്ന് 5-8 ലക്ഷം രൂപ ഈടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  മികച്ച യൂറോപ്യൻ രാജ്യങ്ങളിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ ഈ തുക അടയ്ക്കും മാത്രമല്ല ഐ‌ഇ‌എൽ‌ടി‌എസ് പാസ്സാകാൻ കഴിയാത്തവർക്ക് ഇത് നല്ല അവസരമാണ് നൽകുന്നത്. കാരണം യുക്രൈയ്‌നിൽ സ്ഥിരമായി ജോലി ലഭിച്ചാൽ 5-6 മാസത്തിനുള്ളിൽ അവർക്ക് ഈ തുക തിരികെ നേടാൻ കഴിയും " അദ്ദേഹം പറഞ്ഞു.

  read also- Ukraine | റഷ്യ-യുക്രെയ്ൻ യുദ്ധം; ഇന്ത്യയുടെ മാനുഷിക പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് യുക്രൈനിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി

  കഴിഞ്ഞ ഒരു വർഷമായി ഐഇഎൽടിഎസിൽ മികച്ച സ്കോർ ഇല്ലാത്തതിനാൽ കാനഡ, ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാൻ കഴിയാത്ത വിദ്യാർത്ഥികൾ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള പ്രവേശന കവാടമായതിനാൽ യുക്രൈയ്‌നാണ് മുൻഗണന നൽകുന്നതെന്ന് യുക്രൈയ്‌നിലേക്ക് വിദ്യാർത്ഥികളെ അയയ്ക്കുന്ന ജലന്ധറിൽ നിന്നുള്ള ഒരു വിദ്യാഭ്യാസ കൺസൾട്ടന്റ് പറഞ്ഞു.
  “കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു വലിയ വിഭാഗം വിദ്യാർത്ഥികൾ ഏതെങ്കിലും ഒരു ഭാഷാ കോഴ്‌സ് ചെയ്യുന്നതിനായി യുക്രൈയ്‌നിലേക്ക് പോയിട്ടുണ്ട്. എന്നാൽ ആരാണ് അവിടെ ഭാഷ പഠിക്കാൻ പോകുന്നത്!“ അദ്ദേഹം പരിഹാസ രൂപേണ ചോദിച്ചു.

  യുക്രൈയ്‌നിലേക്ക് വിദ്യാർത്ഥികളെ അയയ്‌ക്കുന്നതിൽ തങ്ങൾ ഇടപെടുന്നില്ലെങ്കിലും കോവിഡ് കാലയളവിൽ, ഭാഷാ കോഴ്‌സുകൾക്കായി വിദ്യാർത്ഥികളെ യുക്രെയ്‌നിലേക്ക് അയയ്ക്കുന്ന ഒരു പുതിയ പ്രവണത സംസ്ഥാനത്ത് പ്രചാരത്തിൽ വന്നിട്ടുണ്ടെന്ന് കപൂർത്തലയുടെ ഐ-കാൻ കൺസൾട്ടൻസി ഉടമ ഗുർപ്രീത് സിംഗ് പറഞ്ഞു.

  "ചില വിദ്യാർത്ഥികൾ യുക്രെയ്നിൽ പോയി അത്തരം ഭാഷാ കോഴ്‌സുകൾ ചെയ്യാൻ 10 ലക്ഷം രൂപ ചെലവഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, വിമാന നിരക്ക്, മൂന്ന് മാസത്തെ താമസച്ചെലവ് എന്നിവയുൾപ്പെടെ അത്തരം കോഴ്‌സുകളുടെ ആകെ ചെലവ് 3 ലക്ഷം രൂപയിൽ കൂടുതൽ വരില്ല," അദ്ദേഹം പറഞ്ഞു, പഠനം പൂർത്തിയാക്കിയതിന് ശേഷം പത്ത് വർഷത്തെ ഇടവേള ഉള്ളവർക്ക് പോലും അത്തരം കോഴ്‌സ് ചെയ്യാൻ യോ​ഗ്യത നേടുന്നുണ്ട്. "നേരത്തെ, എംബിബിഎസ് വിദ്യാർത്ഥികളും എഞ്ചിനീയറിങ് വിദ്യാർത്ഥികളും മാത്രമേ അവിടെ പോയിരുന്നുള്ളൂ, എന്നാൽ ഈ ഭാഷാ കോഴ്‌സുകൾ സമീപകാലത്തുണ്ടായ പ്രവണതയാണ്" സിംഗ് പറഞ്ഞു.

  “കോഴ്‌സ് കാര്യമാക്കാതെ വിദേശത്ത് പോയി ജോലി ചെയ്യാനാണ് അവർ ആഗ്രഹിക്കുന്നത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറാൻ സാധിക്കുമെന്ന് മനസ്സിലാക്കിയാണ് പലരും ഈ കോഴ്സ് തിരഞ്ഞെടുക്കുന്നത് ” അമൃത്‌സർ ആസ്ഥാനമായുള്ള മറ്റൊരു കൺസൾട്ടന്റ് പറഞ്ഞു. ഷെങ്കൻ രാജ്യങ്ങളിൽ പ്രവേശിക്കുന്നത് അത്ര എളുപ്പമല്ലെന്ന് പറയാതെ പല ഏജന്റുമാരും വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.

  “കോവിഡ് കാലത്ത് ബിസിനസുകൾ മോശമായ അവസ്ഥയിലായിരുന്നപ്പോൾ പ്രശസ്തരായ നിരവധി കൺസൾട്ടൻസികൾ പോലും ഇത്തരം ഇമിഗ്രേഷൻ രീതികളിൽ ഏർപ്പെട്ടിരുന്നു. യഥാർത്ഥ ചെലവിനേക്കാൾ 2-3 മടങ്ങ് കൂടുതൽ ഈടാക്കിയതിന് ശേഷം അവർ ഭാഷാ കോഴ്സുകൾക്കായി നിരവധി ഉദ്യോഗാർത്ഥികളെ യുക്രൈയ്നിലേക്ക് അയച്ചു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

  ഡൽഹി ആസ്ഥാനമായുള്ള ഇമിഗ്രേഷൻ കൺസൾട്ടൻസികൾ ഇത്തരത്തിൽ " യുക്രൈനിലേക്കുള്ള വിസകൾ ഉറപ്പുനൽകുന്ന ഭാഷാ കോഴ്‌സുൾ" വാ​ഗ്ദാനം ചെയ്ത് എത്തുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ കുറേ മാസങ്ങളായി എല്ലാ മാസവും പഞ്ചാബിൽ നിന്ന് 300 മുതൽ 400 വരെ വിദ്യാർത്ഥികൾ യുക്രെനിലേക്ക് പോകുന്നുണ്ടായിരുന്നുവെന്ന് അമൃത്സറിൽ നിന്നുള്ള കൺസൾട്ടന്റ് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ചില വിദ്യാർത്ഥികളും ഈ കോഴ്സുകൾ തിരഞ്ഞെടുക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
  Published by:Arun krishna
  First published: