• HOME
  • »
  • NEWS
  • »
  • india
  • »
  • Delhi | അന്തരീക്ഷ മലിനീകരണം: ഡൽഹിയിൽ അഞ്ച് മാസത്തേക്ക് ചരക്ക് വാഹനങ്ങൾ‍ക്ക് നിയന്ത്രണം

Delhi | അന്തരീക്ഷ മലിനീകരണം: ഡൽഹിയിൽ അഞ്ച് മാസത്തേക്ക് ചരക്ക് വാഹനങ്ങൾ‍ക്ക് നിയന്ത്രണം

നേരത്തെ, നവംബര്‍-ഡിസംബര്‍ മാസങ്ങളിലും ഇത്തരം വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 15-20 ദിവസത്തേക്ക് മാത്രമായിരുന്നു വിലക്ക്.

പ്രതീകാത്മക ചിത്രം/ANI

പ്രതീകാത്മക ചിത്രം/ANI

  • Last Updated :
  • Share this:
    ഡല്‍ഹിയില്‍ ഡീസല്‍ ചരക്ക് വാഹനങ്ങളുടെ പ്രവേശനം വിലക്കി സംസ്ഥാന സര്‍ക്കാര്‍. തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണ (environmental pollution) തോത് വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാലാണ് സര്‍ക്കാരിന്റെ തീരുമാനം. 2022 ഒക്ടോബര്‍ 1 മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരിക. 2023 ഫെബ്രുവരി 28വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ, നവംബര്‍-ഡിസംബര്‍ മാസങ്ങളിലും ഇത്തരം വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 15-20 ദിവസത്തേക്ക് മാത്രമായിരുന്നു വിലക്ക്.

    ഔദ്യോഗിക കണക്കുകള്‍ പ്രകാരം, പ്രതിദിനം 7,5000 ട്രക്കുകള്‍ (trucks) ഡല്‍ഹിയിലേക്ക് (delhi) വരുന്നുണ്ട്. കൊയ്ത്തു കഴിഞ്ഞ നിലങ്ങള്‍ കത്തിക്കുന്നത് മലിനീകരണ തോത് ഉയരുന്നതിന്റെ ഒരു പ്രധാന കാരണമാണ്. ട്രക്കുകള്‍ക്കും ഇതില്‍ ഒരു പ്രധാന പങ്കുണ്ട്. എന്നാല്‍, സിഎന്‍ജി, ഇലക്ട്രിക് ട്രക്കുകള്‍ക്ക് തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട് ഉത്തരവ് നടപ്പിലാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിലക്കിനെതിരെ, വിവിധ ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റികളും അസോസിയേഷന്‍ പ്രതിനിധികളും രംഗത്തെത്തിയിരുന്നു.

    ഡീസലിനും സിഎന്‍ജിക്കും ഏതാണ്ട് ഒരേ വിലയായതു മുതല്‍ മിക്ക ഡ്രൈവര്‍മാരും ട്രക്ക് ഉടമകളും ഡീസല്‍ ട്രക്കുകളാണ് തെരഞ്ഞെടുക്കുന്നത്. ജൂണ്‍ 24 വരെ ഡല്‍ഹിയിലെ സിഎന്‍ജി വില കിലോയ്ക്ക് 75.61 രൂപയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡല്‍ഹിയിലെ സിഎന്‍ജി വില മാറ്റമില്ലാതെ തുടരുകയാണ്. മെയ് 21 നാണ് അവസാനമായി സിഎന്‍ജിയുടെ വില 2 രൂപ വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഡല്‍ഹി എന്‍സിആറില്‍ സിഎന്‍ജി വില 33 രൂപ വര്‍ധിപ്പിച്ചിരുന്നു.

    കഴിഞ്ഞയാഴ്ച, ബിഎസ്-VI എഞ്ചിനുകൾ അടങ്ങിയ ബസുകള്‍ മാത്രം നഗരത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അയല്‍ സംസ്ഥാനമായ ഹരിയാനയോട് ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയിലെ വായു മലിനീകരണം സുപ്രീം കോടതിയുടെയും ഡല്‍ഹി എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്റെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് സ്പെഷ്യല്‍ കമ്മീഷണര്‍ ഒ പി മിശ്ര, ഹരിയാന ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നവ്ദീപ് സിംഗ് വിര്‍ക്കിന് അയച്ച കത്തില്‍ പറഞ്ഞിരുന്നു. ഡല്‍ഹിയിലെ പൊതുഗതാഗതം പൂര്‍ണമായും സിഎന്‍ജിയിലേക്ക് മാറ്റിയെന്നും, എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്നത് ഡീസല്‍ ബസുകളാണെന്നും അതില്‍ പറയുന്നു.

    അതേസമയം, ഗതാഗത വകുപ്പ് നിയന്ത്രണം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ വ്യാപാരികളും ചരക്ക് വാഹന ഉടമകളും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കത്തയച്ചിരുന്നു. മലിനീകരണം തടയാന്‍ സര്‍ക്കാര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടണമെന്ന് അവര്‍ കത്തില്‍ ആവശ്യപ്പെട്ടു. സാധാരണയായി, കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ്, ഡല്‍ഹി പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി, നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ എന്നിവ 15-20 ദിവസത്തേക്ക് മാത്രമാണ് ട്രക്കുകള്‍ക്ക് പ്രവേശനം നിരോധിക്കാറുള്ളത്. പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, ഗോതമ്പ്, അരി, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത്, കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഡല്‍ഹിയിലേക്ക് എത്തുന്നത്. ടണ്‍ കണക്കിന് ഉല്‍പ്പന്നങ്ങളാണ് കൊണ്ടുവരുന്നത്. ഇവയെല്ലാം വലിയ ചരക്കു വാഹനങ്ങളിലാണ് കൊണ്ടുവരുന്നത്. അതിനാല്‍, ഈ വിലക്ക് വ്യാപാര രംഗത്ത് വലിയ നഷ്ടമുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു.
    Published by:Naveen
    First published: