• HOME
 • »
 • NEWS
 • »
 • india
 • »
 • Independence Day Narendra Modi| സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ 25 കാര്യങ്ങൾ

Independence Day Narendra Modi| സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ 25 കാര്യങ്ങൾ

ആത്മനിർഭർ ഭാരത്, കോവിഡ് പ്രതിരോധം, മേയ്ക്ക് ഇൻ ഇന്ത്യ, ബഹിരാകാശ പദ്ധതികൾ, അതിർത്തിവിഷയം, കോവിഡ് വാക്സിൻ തുടങ്ങി വിവിധ വിഷയങ്ങൾ പ്രതിപാദിച്ചായിരുന്നു പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം

News18 Malayalam

News18 Malayalam

 • Share this:
  ന്യൂഡൽഹി: 74ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ സുപ്രധാന പ്രഖ്യാപനങ്ങളും പരാമർശങ്ങളും ഉണ്ടായിരുന്നു. ആത്മനിർഭർ ഭാരത്, കോവിഡ് പ്രതിരോധം, മേയ്ക്ക് ഇൻ ഇന്ത്യ, ബഹിരാകാശ പദ്ധതികൾ, അതിർത്തിവിഷയം, കോവിഡ് വാക്സിൻ തുടങ്ങി വിവിധ വിഷയങ്ങൾ പ്രതിപാദിച്ചായിരുന്നു പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാനപ്പെട്ട 25 കാര്യങ്ങൾ ഇവയാണ്...

  1. 110 ലക്ഷം കോടി രൂപ മൂല്യമുള്ള ദേശീയ അടിസ്ഥാനസൗകര്യ വികസന പദ്ധതി എല്ലാ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കും ഊര്‍ജ്ജമേകും. ബഹു-മാതൃകാ കണക്റ്റിവിറ്റി അടിസ്ഥാന സംവിധാനത്തിനും നാം ഇനി ശ്രദ്ധ കല്‍പിക്കും. സമഗ്രവും ഏകീകൃതവുമായ അടിസ്ഥാന സൗകര്യത്തിന് ഊന്നല്‍ നല്‍കണം. വിവിധ മേഖലകളിലായി 7,000 പദ്ധതികള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത് അടിസ്ഥാന സൗകര്യ മേഖലയില്‍ നവ വിപ്ലവം സൃഷ്ടിക്കും.

  എത്ര കാലമാണ് നമ്മുടെ രാജ്യത്തുനിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ സംസ്‌കരിക്കപ്പെട്ട ഉല്‍പന്നങ്ങളായി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന സാഹചര്യം തുടരുക? നമ്മുടെ കാര്‍ഷിക മേഖല പിന്നോക്കം നിന്നിരുന്ന കാലമുണ്ടായിരുന്നു. പൗരന്‍മാര്‍ക്കു ഭക്ഷണം എങ്ങിനെ ലഭ്യമാക്കും  എന്നതായിരുന്നു  ഏറ്റവും വലിയ ആശങ്ക. എന്നാല്‍, ഇപ്പോള്‍ ഇന്ത്യയെ മാത്രമല്ല, ലോകത്തെ പല രാജ്യങ്ങളെയും ഊട്ടാന്‍ നമുക്കു കഴിയും. സ്വാശ്രയ ഇന്ത്യ എന്നതുകൊണ്ട് ഇറക്കുമതി കുറയ്ക്കാന്‍ മാത്രമല്ല ഉദ്ദേശിക്കുന്നത്; നമ്മുടെ നൈപുണ്യങ്ങളും സൃഷ്ടിപരതയും വര്‍ധിപ്പിക്കാന്‍ കൂടിയാണിത്.

  2. ഇന്ത്യയില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കുകയാണ്. അതിന്റെ ഫലമായി, നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഒഴുകുകയാണ്. കോവിഡ് മഹാമാരിക്കാലത്തുപോലും എഫ്.ഡി.ഐയില്‍ 18 ശതമാനം വര്‍ധനയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്.

  3. രാജ്യത്തെ പാവപ്പെട്ടവരുടെ ജന്‍ ധന്‍ അക്കൗണ്ടുകളിലേയ്ക്ക് ലക്ഷക്കണക്കിനു കോടി രൂപ നേരിട്ട് കൈമാറുമെന്ന് ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിരുന്നോ? കര്‍ഷകര്‍ക്കു പ്രയോജനപ്പെടുംവിധം എ.പി.എം.സി നിയമത്തില്‍ കർഷകർക്ക് ഗുണകരമായി  ഇത്രയും വലിയ മാറ്റം സംഭവിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? ഒരു രാജ്യം-ഒരു റേഷന്‍ കാര്‍ഡ്, ഒരു രാജ്യം-ഒരു നികുതി, ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റന്‍സി കോഡ്, ബാങ്കുകളുടെ ലയനം എന്നിവയാണ് രാജ്യത്തിന്റെ ഇന്നത്തെ യാഥാര്‍ത്ഥ്യം.

  4. സ്ത്രീശാക്തീകരണത്തിനായി നാം യത്നിച്ചു- നാവികസേനയും വ്യോമസേനയും സ്ത്രീകളെ യുദ്ധമുഖത്തെടുക്കുന്നു, വനിതകള്‍ ഇപ്പോള്‍ നേതൃനിരയിലാണ്, മുത്തലാഖ് നാം നിര്‍ത്തലാക്കി, വെറും ഒരു രൂപയ്ക്ക് സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകള്‍ നല്‍കി.

  പ്രിയപ്പെട്ട ദേശവാസികളെ, നാം ഇങ്ങനെ കേട്ടിട്ടുണ്ട്- സമര്‍ത്യമൂല്‍ സ്വാതന്ത്ര്യം, ശ്രമ്മൂലം വൈഭവം. സമൂഹത്തിന്റെ ശക്തി, ഏതൊരു രാജ്യത്തിന്റെയും സ്വാതന്ത്ര്യം അതിന്റെ ശക്തിയാണ്, അതിന്റെ അഭിവൃദ്ധിയുടെയും പുരോഗതിയുടെയും ഉറവിടം അതിന്റെ തൊഴില്‍ ശക്തിയാണ്.

  5. പാവപ്പെട്ട 7 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതക സിലിണ്ടറുകളും, റേഷന്‍ കാര്‍ഡുകള്‍ ഉള്ളതും ഇല്ലാത്തതുമായ 80 കോടിയിലധികംപേര്‍ക്ക് സൗജന്യ ഭക്ഷണവും നല്‍കി. 90,000 കോടി രൂപ് നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി.ഗ്രാമങ്ങളിലെ പാവപ്പെട്ടവങ്ങള്‍ക്ക് തൊഴില്‍ നല്‍കാനായി ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍ ആരംഭിച്ചു.

  6. വോക്കല്‍ ഫോര്‍ ലോക്കല്‍, റീ-സ്‌കില്‍, അപ് സ്കില്‍ ക്യാമ്പയിനുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ജീവിതത്തില്‍ സ്വയംപര്യാപ്തമായ സാമ്പത്തികഘടനയ്ക്കു തുടക്കംകുറിക്കും.

  7. രാജ്യത്തെ പല പ്രദേശങ്ങളും വികസനത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലാണ്. അത്തരത്തിലുള്ള പരിവര്‍ത്തനമാഗ്രഹിക്കുന്ന 110-ലേറെ ജില്ലകളെ തെരഞ്ഞെടുത്ത്, ജനങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങള്‍, മികച്ച തൊഴിലവസരങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന് പ്രത്യേക പരിശ്രമം നടത്തുകയാണ്.

  8. സ്വയംപര്യാപ്ത ഇന്ത്യക്ക് ഒരു പ്രധാന മുന്‍ഗണനയുണ്ട് - സ്വയംപര്യാപ്തമായ കൃഷിയും സ്വയംപര്യാപ്തരായ കര്‍ഷകരും. രാജ്യത്തെ കര്‍ഷകര്‍ക്ക് ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഒരു ലക്ഷം കോടി രൂപയുടെ 'അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടി'ന് രൂപംനല്‍കിയത്.

  9. ഈ ചെങ്കോട്ടയില്‍ നിന്ന്, കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ ജല്‍ ജീവന്‍ ദൗത്യം പ്രഖ്യാപിച്ചത്. ഇന്ന്, ഈ ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ ഓരോ ദിവസവും ഒരു ലക്ഷത്തിലധികം വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ ലഭിക്കുന്നു.

  മധ്യവര്‍ഗത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന പ്രൊഫഷണലുകള്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുകയാണ്. മധ്യവര്‍ഗത്തിന് അവസരം ആവശ്യമാണ്, മധ്യവര്‍ഗത്തിന് ഗവണ്‍മെന്റ് ഇടപെടലില്‍ നിന്ന് സ്വാതന്ത്ര്യവും ആവശ്യമാണ്.

  10. നിങ്ങളുടെ ഭവനവായ്പയുടെ മാസത്തവണയ്ക്ക് തിരിച്ചടവ് കാലയളവിനുള്ളിൽ 6 ലക്ഷം രൂപ വരെ ഇളവ് ലഭിക്കുന്നത് ഇതാദ്യമാണ്. പൂർത്തിയാകാത്ത ആയിരക്കണക്കിന് വീടുകൾ പൂർത്തിയാക്കുന്നതിന് കഴിഞ്ഞ വർഷം 25,000 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു.

  സ്വാശ്രയത്വത്തിലൂന്നിയ ആധുനികവും സമ്പന്നവുമായ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ, രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ പങ്കുണ്ട്. ഈ ചിന്തയുടെ പരിണിതഫലമാണ് രാജ്യത്തത്തിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയം.

  11. കൊറോണക്കാലത്ത്, ഡിജിറ്റൽ ഇന്ത്യ പ്രചാരണം ഉളവാക്കിയ ഗുണഫലങ്ങൾ നാം കണ്ടു. കഴിഞ്ഞ മാസം മാത്രം ഭീം യു.പി.ഐ.യിലൂടെ മാത്രം ഏകദേശം 3 ലക്ഷം കോടി രൂപയുടെ ഇടപാട് നടന്നു.

  12. 2014 ന് മുമ്പ് രാജ്യത്ത്, 5 ഡസൻ പഞ്ചായത്തുകളെ മാത്രമാണ് ഒപ്റ്റിക്കൽ ഫൈബറിലൂടെ ബന്ധിപ്പിച്ചിരുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് 1.5 ലക്ഷം ഗ്രാമപഞ്ചായത്തുകളെ ഒപ്റ്റിക്കൽ ഫൈബറിലൂടെ ബന്ധിപ്പിച്ചു കഴിഞ്ഞു. വരുന്ന 1000 ദിവസത്തിനുള്ളിൽ രാജ്യത്തെ 6 ലക്ഷം ഗ്രാമങ്ങളും ഒപ്റ്റിക്കൽ ഫൈബറിലൂടെ ബന്ധിപ്പിക്കും.

  എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ത്യയിൽ സ്ത്രീശക്തിക്ക് അവസരം ലഭിച്ചപ്പോഴെല്ലാം അവർ രാജ്യത്തിന് കീർത്തി സമ്മാനിക്കുകയും രാജ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്തതായി നമ്മുടെ അനുഭവം തെളിയിക്കുന്നു. ഇന്ന്, സ്ത്രീകൾ ഭൂഗർഭ കൽക്കരി ഖനികളിൽ മാത്രമല്ല, ആകാശത്തിന്റെ പുതിയ ഉന്നതികളെ സ്പർശിക്കുന്ന യുദ്ധവിമാനങ്ങളിലും പ്രവർത്തിക്കുന്നു.

  13. രാജ്യത്ത് ഇതുവരെ ആരംഭിച്ച 40 കോടി ജൻ ധൻ അക്കൗണ്ടുകളിൽ ഏകദേശം 22 കോടി അക്കൗണ്ടുകൾ സ്ത്രീകളുടേതാണ്. കൊറോണക്കാലത്ത്, മൂന്ന് മാസത്തിനുള്ളിൽ, അതായത് ഏപ്രിൽ-മെയ്-ജൂൺ മാസങ്ങളിൽ, ഏകദേശം 30,000 കോടി രൂപ ഈ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യപ്പെട്ടു.

  14. കൊറോണ മഹാമാരിയുടെ ആരംഭത്തിൽ പരിശോധനയ്ക്കായി ഒരു ലാബ് മാത്രമേ നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നുള്ളൂ. ഇന്ന് രാജ്യത്ത് 1,400 ലധികം ലാബുകളുണ്ട്.

  15. വളരെ വിപുലമായ മറ്റൊരു സംരംഭം ഇന്ന് മുതൽ രാജ്യത്ത് ആരംഭിക്കുകയാണ്. അതാണ് ദേശീയ ഡിജിറ്റൽ ആരോഗ്യ ദൗത്യം. ദൗത്യത്തിന്റെ ഭാഗമായി ഓരോ ഇന്ത്യക്കാരനും ഹെൽത്ത് ഐ.ഡി. നൽകും. ദേശീയ ഡിജിറ്റൽ ഹെൽത്ത് മിഷൻ ഇന്ത്യയുടെ ആരോഗ്യ മേഖലയിൽ വിപ്ലവകരമായ പരിവർത്തനത്തിന് വഴിയൊരുക്കും. നിങ്ങൾ നടത്തിയ ആരോഗ്യ പരിശോധനകൾ, നിങ്ങളുടെ രോഗങ്ങൾ, ഏത് ഡോക്ടർ എപ്പോൾ നിങ്ങൾക്ക് എന്ത് മരുന്ന് നൽകി, നിങ്ങളുടെ മറ്റ് ആരോഗ്യ വിവരങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ വിവരങ്ങളെല്ലാം ഈ ഒരു ആരോഗ്യ ഐ.ഡി.യിൽ അടങ്ങിയിരിക്കും.

  16. നിലവിൽ കൊറോണ പ്രതിരോധത്തിനുള്ള മൂന്ന് വാക്സിനുകൾ ഇന്ത്യയിൽ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ശാസ്ത്രജ്ഞർ പച്ചക്കൊടി കാണിച്ചാൽ, ആ വാക്സിനുകൾ വൻതോതിൽ ഉൽപ്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ രാജ്യത്ത് പൂർത്തിയായിട്ടുണ്ട്.

  17. ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം പുതിയ വികസന യാത്ര ആരംഭിച്ച വർഷമാണിത്. ജമ്മു കശ്മീരിലെ സ്ത്രീകൾക്കും ദലിതർക്കും അവരുടെ അവകാശങ്ങൾ ലഭിച്ച വർഷമാണിത്. ജമ്മു കശ്മീരിലെ അഭയാർഥികളെ സംബന്ധിച്ചിടത്തോളം അന്തസ്സാർന്ന ജീവിതത്തിന്റെ വർഷം കൂടിയാണിത്. ജമ്മു കശ്മീരിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഊർജ്ജ്വസ്വലമായും സംവേദനക്ഷമതയോടെയും വികസനത്തിന്റെ പുതുയുഗത്തിലേക്ക് മുന്നേറുകയാണ് എന്നതും നമുക്കെല്ലാവർക്കും അഭിമാനകരമാണ്.
  You may also like:ചെളിയിൽ ഇരുന്നും ശംഖ് ഊതിയും കൊറോണ പ്രതിരോധിക്കാം; വിചിത്ര നിര്‍ദേശവുമായി ബിജെപി എംപി [NEWS]രഹസ്യബന്ധം കണ്ടുപിടിച്ച ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍; ഭാര്യയടക്കം മൂന്നുപേര്‍ അറസ്റ്റില്‍; കാമുകൻ ഒളിവിൽ [NEWS] ഈ ഇന്ത്യാ- പാക് പ്രണയകഥയ്ക്ക് 34 വയസ്സ്; പഴകുംതോറും ബന്ധം കൂടുതൽ കരുത്താർജിക്കുന്നുവെന്ന് ദമ്പതികൾ [NEWS]
  18. കഴിഞ്ഞ വർഷം കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതോടെ, ലഡാക്കിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമാണ് നിറവേറിയത്. ഹിമാലയത്തിന്റെ ഉന്നതിയിൽ സ്ഥിതിചെയ്യുന്ന ലഡാക്ക് ഇന്ന് വികസനത്തിന്റെ പുതിയ ഉയരങ്ങളിൽ വെട്ടിപ്പിടിച്ച് മുന്നേറുകയാണ്. ഒരു ജൈവ പ്രധാന സംസ്ഥാനം എന്ന നിലയിൽ സിക്കിം മുദ്ര പതിപ്പിച്ചതുപോലെ, വരും ദിവസങ്ങളിൽ ഒരു കാർബൺ ബഹിർഗമന രഹിത മേഖലയെന്ന നിലയിൽ ലഡാക്ക് അതിന്റെ മുദ്ര പതിപ്പിക്കും. ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

  19. രാജ്യത്തെ തിരഞ്ഞെടുത്ത 100 നഗരങ്ങളിലെ മലിനീകരണം കുറയ്ക്കുന്നതിന് സമഗ്രമായ സമീപനത്തിലൂന്നിയ ഒരു പ്രത്യേക പ്രചാരണവും നടന്നു വരുന്നു.

  20. ജൈവവൈവിധ്യത്തിന്റെ സംരക്ഷണം, ഉന്നമനം എന്നിവയിൽ പൂർണ്ണമായും സംവേദനാത്മകമാണ് ഇന്ത്യയുടെ നടപടികൾ. അടുത്ത കാലത്തായി കടുവകളുടെ എണ്ണം രാജ്യത്ത് വളരെയധികം വർദ്ധിച്ചു! ഇപ്പോൾ ഏഷ്യൻ സിംഹങ്ങളുടെ സംരക്ഷണം ലക്‌ഷ്യം വച്ചുള്ള പ്രോജക്ട് ലയൺ എന്ന പേരിലുള്ള പദ്ധതിയും രാജ്യത്ത് ആരംഭിക്കാൻ പോകുന്നു. സമാന ഉദ്ദേശത്തോടെ പ്രോജക്റ്റ് ഡോൾഫിനും ഉടൻ സമാരംഭിക്കും.

  രാജ്യത്തിന്റെ അതിർത്തിയിൽ എൽ‌.ഒ‌.സി. (നിയന്ത്രണ രേഖ) മുതൽ എൽ‌.എ.സി. (യഥാർത്ഥ നിയന്ത്രണ രേഖ) വരെയുള്ള പ്രദേശങ്ങളിൽ, പരമാധികാരത്തിലേക്ക് കടന്നു കയറാൻ ശ്രമിച്ചവർക്ക്, നമ്മുടെ സൈന്യം ശക്തമായ ഭാഷയിൽ മറുപടി നൽകി. ഇന്ത്യയുടെ പരമാധികാരത്തിന്റെ സംരക്ഷണം പരമപ്രധാനമാണ്. പരമാധികാരത്തിന്റെ സംരക്ഷണത്തിനായി നമ്മുടെ ധീരരായ സൈനികർക്ക് എന്തുചെയ്യാൻ കഴിയുമെന്നും, രാജ്യത്തിന് എന്തുചെയ്യാൻ കഴിയുമെന്നും, ലോകം ലഡാക്കിൽ കണ്ടു.

  21. ലോക ജനസംഖ്യയുടെ നാലിലൊന്നും ദക്ഷിണേഷ്യയിലാണ് താമസിക്കുന്നത്. സഹകരണത്തോടെയും പങ്കാളിത്തത്തോടെയും ഉള്ള പ്രവർത്തനങ്ങളിലൂടെ ഇത്രയും വലിയൊരു ജനതയ്ക്ക് വികസനത്തിന്റെയും അഭിവൃദ്ധിയുടെയും എണ്ണമറ്റ സാധ്യതകൾ സൃഷ്ടിക്കാൻ നമുക്ക് കഴിയും.

  രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നമ്മുടെ അതിർത്തി-തീരദേശ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പങ്കുണ്ട്. ഹിമാലയൻ കൊടുമുടികളിലായാലും ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകളിലായാലും, ഇന്ന്  റോഡ്, ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ അഭൂതപൂർവമായ വികസനമാണ് നടക്കുന്നത്.

  22. നമ്മുടെ രാജ്യത്ത് 1300 ലധികം ദ്വീപുകളുണ്ട്. ദ്വീപുകളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും രാജ്യത്തിന്റെ വികസനത്തിൽ അവയുടെ പ്രാധാന്യവും കണക്കിലെടുത്ത്, തിരഞ്ഞെടുത്ത ദ്വീപുകളിൽ പുതിയ വികസന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഒപ്റ്റിക്കൽ ഫൈബർ കേബിളിലൂടെ ബന്ധിപ്പിച്ച ശേഷം വരുന്ന 1000 ദിവസങ്ങൾക്കുള്ളിൽ ലക്ഷദ്വീപിനെ സമുദ്രാന്തർ ഭാഗത്തു കൂടിയുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിളിലൂടെ ബന്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

  23. രാജ്യത്തെ 173 അതിർത്തി - തീരദേശ ജില്ലകളിൽ എൻ‌സിസി-യുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കും. ഇതിനായി ഒരു ലക്ഷത്തോളം പുതിയ എൻ‌സി‌സി കേഡറ്റുകൾക്ക് പ്രത്യേക പരിശീലനം നൽകും. പ്രത്യേക പരിശീലനം നൽകുന്നതിൽ മൂന്നിലൊന്ന് പെൺകുട്ടികളായിരിക്കും.

  24. നമ്മുടെ നയങ്ങൾ, നമ്മുടെ നടപടിക്രമങ്ങൾ, നമ്മുടെ ഉത്പന്നങ്ങൾ, എല്ലാം മികച്ചതായിരിക്കണം. എന്നാൽ മാത്രമേ നമുക്ക് ഏക് ഭാരത്-ശ്രേഷ്ഠ് ഭാരത് എന്ന ലക്‌ഷ്യം സാക്ഷാത്കരിക്കാൻ കഴിയൂ.

  25. ‘ഈസ് ഓഫ് ലിവിംഗ്’ അഥവാ ജീവിതം സുഗമമാക്കുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ മധ്യവർഗ സമൂഹമായിരിക്കും. ചെലവ് കുറഞ്ഞ ഇൻറർനെറ്റ് മുതൽ ചെലവ് കുറഞ്ഞ വിമാന ടിക്കറ്റുകൾ വരെയും, ഹൈവേകൾ മുതൽ ഐ-വേകൾ വരെയും, മിതമായ നിരക്കിലുള്ള  ഭവന നിർമ്മാണം മുതൽ നികുതി കുറയ്ക്കൽ വരെയുമുള്ള, ഈ നടപടികളെല്ലാം രാജ്യത്തെ മധ്യവർഗ സമൂഹത്തെ ശാക്തീകരിക്കും.
  Published by:Anuraj GR
  First published: